കൊച്ചി: കാലവര്‍ഷം ദുര്‍ബലമായതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം അപ്രതീക്ഷിതമായി കുതിച്ചുയരുന്നു. ആവശ്യത്തിന് വൈദ്യുതിയില്ലാതായതോടെ വൈദ്യുതി ബോര്‍ഡിന് വ്യാഴാഴ്ച ലോഡ് ഷെഡ്ഡിങ്ങും നടപ്പാക്കേണ്ടിവന്നു. രാത്രി ഒന്‍പതുമുതല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ഒരുമണിവരെ പലസമയങ്ങളിലായാണ് ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തിയത്. ഇതിന്റെ ആഘാതം കുറയ്ക്കാന്‍ വൈദ്യുതി ബോര്‍ഡ് ആഭ്യന്തര ജലവൈദ്യുതോത്പാദനം സമീപകാല റെക്കോഡിലേക്ക് ഉയര്‍ത്തുകയും ചെയ്തു.വ്യാഴാഴ്ച രാത്രി പവര്‍ എക്സ്ചേഞ്ചില്‍നിന്ന് കേരളം 1000 മെഗാവാട്ട് ആവശ്യപ്പെട്ടെങ്കിലും കിട്ടിയത് 75 മെഗാവാട്ട് മാത്രമായിരുന്നു. ഉപഭോഗം ഉയര്‍ന്നാല്‍ വരുംദിവസങ്ങളിലും ലോഡ് ഷെഡ്ഡിങ് വേണ്ടിവരുമെന്നാണ് സൂചന.
സംസ്ഥാനത്തെ രാത്രിവൈദ്യുതി ഉപഭോഗത്തില്‍ അഞ്ചുദിവസം കൊണ്ട് 1.29 കോടി യൂണിറ്റിന്റെ വര്‍ധനയാണുണ്ടായത്. ജൂണ്‍ ഒന്നിന് 7.31 കോടി യൂണിറ്റായിരുന്നു വൈദ്യുതി ഉപഭോഗം. വ്യാഴാഴ്ച ഇത് 8.60 കോടി യൂണിറ്റായി. മഴക്കാലമായതിനാല്‍ ഉപഭോഗം ഇത്രയും ഉയരുമെന്ന് ബോര്‍ഡ് പ്രതീക്ഷിച്ചിരുന്നില്ല. ഇതിനാല്‍ പുറമേനിന്ന് വൈദ്യുതി എത്തിക്കാന്‍ മുന്‍കൂട്ടി ശ്രമിച്ചിരുന്നുമില്ല.
വ്യാഴാഴ്ച സമീപകാല ചരിത്രത്തിലെ റെക്കോഡായ 4.09 കോടി യൂണിറ്റിലേക്കാണ് ജലവൈദ്യുതോത്പാദനം ഉയര്‍ന്നത്. ജൂണ്‍ ഒന്നിന് ഇത് 3.85 കോടി യൂണിറ്റായിരുന്നു.
കടുത്ത വേനലില്‍പ്പോലും 2.3 മുതല്‍ 2.8 കോടി യൂണിറ്റുവരെ മാത്രമേ വൈദ്യുതി ബോര്‍ഡിന്റെ ഉത്പാദനം ഉണ്ടാകാറുള്ളൂ. വ്യാഴാഴ്ച രാത്രിയാവശ്യം നിറവേറ്റാന്‍ ജലവൈദ്യുതോത്പാദനവും മതിയാവില്ലെന്നു കണ്ടതോടെയാണ് ലോഡ് ഷെഡ്ഡിങ്ങിലേക്ക് പോയത്. ഉപഭോഗത്തില്‍ 300 മെഗാവാട്ടിന്റെ കുറവ് വരുത്താന്‍ ഓരോ പ്രദേശത്തിന്റെ സ്വഭാവമനുസരിച്ച് 10 മിനിറ്റുമുതല്‍ അരമണിക്കൂര്‍വരെയായിരുന്നു ലോഡ് ഷെഡ്ഡിങ്.