ചാവക്കാട് ദേശീയപാത 66ൽ വിള്ളൽ.മണത്തല മേൽപ്പാലത്തിനു മുകളിലെ ടാറിലാണ് വിള്ളലുണ്ടായത്. 50 മീറ്ററിലധികം നീളത്തിൽ വിള്ളലുണ്ടായി.ഇതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ അധികൃതർ ടാറിട്ട് വിള്ളൽ മൂടി. പണി നടക്കുന്ന സ്ഥലത്തുണ്ടായ വിള്ളലിന്റെ ദൃശ്യങ്ങൾ നാട്ടുകാരാണ് മൊബൈലിൽ പകർത്തിയത്.ദേശീയപാതാ അതോറിറ്റിയുടെ പ്രതികരണം ലഭ്യമായിട്ടില്ല. കഴിഞ്ഞ ദിവസം മലപ്പുറത്ത് കോട്ടയ്ക്കലിനും തേഞ്ഞിപ്പലത്തിനുമിടയ്ക്ക് കക്കാടിനടുത്ത് കൂരിയാടും റോഡ് ഇടിഞ്ഞു താണിരുന്നു. അപകടത്തിന്റെ കാരണമറിയാനും പരിഹാരം നിർദേശിക്കാനും ദേശീയപാതാ അതോറിറ്റിയുടെ മൂന്നംഗ സ്വതന്ത്രസംഘം ഇന്നു കൂരിയാട് പരിശോധന നടത്തും
കൂരിയാട് ദേശീയപാത 66ൽ നിർമാണം അവസാനഘട്ടത്തിലുള്ള ഭാഗത്ത് 250 മീറ്ററോളം റോഡും സർവീസ് റോഡുമാണ് ഇടിഞ്ഞുതാണത്.ദേശീയപാത വയലിലൂടെ കടന്നുപോകുന്ന ഭാഗത്താണ് സംഭവമുണ്ടായത്.സർവീസ് റോഡിലൂടെ കടന്നുപോയ കാറിനു മുകളിലേക്ക് തിങ്കൾ ഉച്ചയ്ക്ക് 2.15ന് ഇന്റർലോക്ക് കട്ടകൾ ഇടിഞ്ഞുവീണ് 3 കുട്ടികളടക്കം 8 പേർക്കു നിസ്സാര പരുക്കേറ്റു. കാറിന്റെ മുൻവശവും ചില്ലും തകർന്നു.
കൂരിയാട്ട് അപകടമുണ്ടായ ഭാഗത്തുനിന്നു നാലു കിലോമീറ്റർ അകലെ തലപ്പാറയിലും ദേശീയപാതയിൽ വിള്ളൽ കണ്ടെത്തിയിരുന്നു. 10 മീറ്ററോളം നീളത്തിലായിരുന്നു വിള്ളൽ. ഇവിടെയും, വയലിൽ മണ്ണിട്ട് ഉയർത്തി നിർമിച്ച റോഡാണ്. പ്രദേശവാസികളും യാത്രക്കാരുമാണു വിള്ളൽ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയത്. തുടർന്നു കരാറുകാരുടെ തൊഴിലാളികളെത്തി വിള്ളൽ അടയ്ക്കുകയായിരുന്നു







