പാക് ഭീകരത തുറന്ന് കാട്ടാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ വിദേശ പര്യടന സംഘത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ രൂപവത്കരിച്ച ക്ഷണം സ്വീകരിച്ച് കോണ്‍ഗ്രസ് ശശി തരൂര്‍ എംപി. പ്രതിനിധി സംഘത്തെ നയിക്കാനുള്ള കേന്ദ്ര സർക്കാർ ക്ഷണം ബഹുമതിയായി കാണുന്നു.ദേശീയ താത്പര്യമുള്ള വിഷയമായതിനാലും തന്റെ സേവനം ആവശ്യമുള്ള സന്ദര്‍ഭമായതിനാലും ക്ഷണം താന്‍ അഭിമാനത്തോടെ സ്വീകരിക്കുന്നതായി ശശി തരൂര്‍ പ്രതികരിച്ചു. സാമൂഹിക മാധ്യമത്തിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
“ഓപ്പറേഷൻ സിന്ദൂറിന്റെ കുറിച്ച് നമ്മുടെ രാജ്യത്തിന്റെ ഭാഗം അഞ്ച് പ്രധാന രാഷ്ട്രങ്ങളോട് വിശദമാക്കാനുള്ള സര്‍വ്വകക്ഷിപ്രതിനിധിസംഘത്തെ നയിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ക്ഷണത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. ദേശീയതാൽപ്പര്യം ഉയർന്നുവരികയും എന്റെ സേവനം അനിവാര്യമാവുകയും ചെയ്യുമ്പോൾ അതിനായി കാത്തിരിക്കുകയോ ആവശ്യപ്പെടുകയോ ചെയ്യില്ല, ജയ്ഹിന്ദ്”, ഇത്തരത്തിലാണ് തരൂരിന്റെ പോസ്റ്റ്.
അതേസമയം കേന്ദ്ര സര്‍ക്കാരിന്‍റെ വിദേശ പര്യടന സംഘത്തിലേക്ക് കോണ്‍ഗ്രസ് ശശി തരൂരിനെ നിര്‍ദേശിച്ചില്ലെന്ന് ഔദ്യോഗിക സ്ഥിരീകരണം. കോണ്‍ഗ്രസ് നേതാവ് ജയറാം രമേശാണ് സമൂഹ മാധ്യമത്തില്‍ പാര്‍ട്ടി കൊടുത്ത ലിസ്റ്റ് പുറത്ത് വിട്ടത്. ആനന്ദ് ശർമ, ഗൗരവ് ഗൊഗോയ്, ഡോ.സയിദ് നസീർ ഹുസൈൻ, രാജാ ബ്രാർ എന്നിവരുടെ പേരുകളാണ് കോണ്‍ഗ്രസ് നല്‍കിയത്. എന്നാല്‍ ഇതെല്ലാം തള്ളിയാണ് കേന്ദ്ര സര്‍ക്കാര്‍ ശശി തരൂരിനെ പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്തിയത്.
ഈ മാസം 22 മുതല്‍ അടുത്ത മാസം പകുതിവരെ നീളുന്ന ദൗത്യം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുമുള്ള എംപിമാരും മുന്‍ മന്ത്രിമാരും ഉള്‍പ്പെടുന്ന സമിതിയാകും സന്ദര്‍ശിക്കുക.പല സംഘങ്ങളായി യുഎസ്, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലാകും പര്യടനം. ആദ്യ സംഘത്തെ നയിക്കാന്‍ തരൂര്‍ എന്നതാണ് സര്‍ക്കാരിന്‍റെ തീരുമാനം.