കുവൈത്തിലെ അബ്ദലി പ്രദേശത്ത് ഇന്നലെ വൈകുന്നേരം നടന്ന വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ രണ്ടു ഇന്ത്യക്കാർ മരിച്ചു. രണ്ടു പേരെ പരുക്കുകളോടെ ജഹ്‌റ, സബാ ആശുപത്രികളിൽ പ്രവേശിപ്പിച്ചു
പത്തനംതിട്ട ഇലന്തൂർ സ്വദേശിയായ അനുരാജൻ മണ്ണുങ്കൽ സദാശിവൻ നായർ (51) ആണ് മരിച്ച മലയാളി. മറ്റൊരാൾ ഗോവൻ സ്വദേശിയാണ്. സെയ്യദ് ഹമീദ് ബഹ്ബഹാനി (എസ്എച്ച്ബിസി) കമ്പനിയിലെ ജീവനക്കാരാണ് ഇവർ. അബ്ദലിയിലെ ജോലി കഴിഞ്ഞ് മടങ്ങിവരുന്ന വഴിക്ക് ഇവർ സഞ്ചരിച്ചിരുന്ന പിക്ക്അപ്പ് വണ്ടിയിൽ യൂ ടേൺ എടുത്തുവന്ന ടാങ്കർ ലോറി ഇടിച്ചാണ് അപകടം
സംഭവസ്ഥലത്ത് വച്ചുതന്നെ ഇരുവർക്കും ജീവൻ നഷ്ടമായി. എയർ ആംബുലൻസ് എത്തിയാണ് വാഹനത്തിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശിയായ ഡ്രൈവർ രജയെ ജഹ്‌റ ആശുപത്രിയിലേക്കും, ബിനുവിനെ സബാ സർജിക്കൽ യൂണിറ്റിലേക്കും മാറ്റിയത്. ഇവരിൽ രാജ അപകടനില തരണം ചെയ്തിട്ടുണ്ട്.
എസ്എച്ച്ബിസിയിലെ സേഫ്റ്റി ട്രെയിനർ ആയിരുന്നു അനുരാജൻ. സേവാദർശൻ സജീവ പ്രവർത്തകനായ ഇദ്ദേഹം അബ്ബാസിയായിൽ കരാട്ടെ, കുങ്ഫു പരിശീലനം നൽകിയിരുന്നു. ഭാര്യ നിഷ കുവൈത്തിലുണ്ട്. മക്കൾ: പാർത്ഥസാരഥി, ശിവഗംഗ, ആദിത്യൻ.