കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയെ ലഹരിക്കേസിൽ അറസ്റ്റ് ചെയ്തത് ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തിലാണെന്ന് കൊച്ചി സെൻട്രൽ എസിപി. നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായും നിലവിൽ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് ഷൈൻ സമ്മതിച്ചിട്ടുണ്ട്. പക്ഷെ അന്നത്തെ ദിവസം ഉപയോഗിച്ചിട്ടില്ലെന്നാണ് മൊഴി. ഉപയോഗിക്കുന്നത് മെത്താഫെറ്റമിനും കഞ്ചാവുമാണ്. സിനിമാ പ്രവർത്തകരാണ് ലഹരി എത്തിച്ച് നൽകുന്നത്. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലീമയെ അറിയാമെന്നും പലതവണ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഷൈൻ മൊഴി നൽകിയിട്ടുണ്ട്. ഒരു വർഷം മുമ്പ് കൂത്താട്ടുകുളത്തെ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നതായും മൊഴിയിൽ പറയുന്നു.
ലഹരി ഇടപാടുകളിൽ തനിക്ക് പങ്കില്ലെന്നാണ് ഷൈനിൻ്റെ വാദം. ഡാൻസാഫ് സംഘത്തെ കണ്ട് ഗുണ്ടകൾ എന്ന് തെറ്റിദ്ധരിച്ചതു കൊണ്ടാണ് ഹോട്ടൽ മുറിയില്‍ നിന്നും ഇറങ്ങി ഓടിയതെന്ന് ഷൈൻ ടോം ചാക്കോ പൊലീസിനോട് പറഞ്ഞിരുന്നു. ചോദ്യം ചെയ്യലിനിടെയാണ് ഷൈൻ ഇക്കാര്യം പൊലീസിനോട് പറഞ്ഞത്