തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനം ഏപ്രിൽ 14-ന് പുലർച്ചെ 2.45 മുതൽ 3.45 വരെ ആയിരിക്കുമെന്ന് ദേവസ്വം അറിയിച്ചു. ഗുരുവായൂർ ക്ഷേത്ര ശ്രീകോവിലിൽ ഗുരുവായൂരപ്പന്റെ വിഗ്രഹത്തിന് വലത്തുഭാഗത്തായിരിക്കും വിഷുക്കണി ഒരുക്കുന്നത്. സ്വർണ സിംഹാസനത്തിൽ കണ്ണന്റെ തങ്കത്തിടമ്പ് എഴുന്നള്ളിച്ചുവച്ച് ആലവട്ടം, വെഞ്ചാമരം,നെറ്റിപ്പട്ടം എന്നിവ കൊണ്ടലങ്കരിക്കും.
ഓട്ടുരുളിയിൽ ഉണക്കലരി,വെള്ളരിക്ക,കണിക്കൊന്ന,ചക്ക,മാങ്ങ,വാൽക്കണ്ണാടി, ഗ്രന്ഥം,അലക്കിയ മുണ്ട്, സ്വർണം,പുതുപ്പണം എന്നിവ കൊണ്ട് കണിയൊരുക്കും. നാലമ്പലത്തിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ഭക്തർക്ക് കണി കാണാനായി നമസ്കാര മണ്ഡപത്തിലും കണിയൊരുക്കും. മേൽശാന്തി കവപ്രമാറത്ത് അച്യുതൻ നമ്പൂതിരി പുലർച്ചെ രണ്ടിനുശേഷം കീഴ്ശാന്തിക്കാർക്കൊപ്പം ശ്രീലകവാതിൽ തുറക്കുമെന്നും ദേവസ്വം അറിയിച്ചു.
നാളീകേരമുടച്ച് തിരിയിട്ട് കത്തിച്ച് ഓട്ടുരുളിയിലെ കണി കാണിച്ച് വിഷുക്കൈനീട്ടം നൽകുന്നത്. സ്വര്‍ണ സിംഹാസനത്തില്‍ കണിക്കോപ്പ് ഒരുക്കി മേല്‍ശാന്തിയടക്കം പുറത്ത് കടന്നാല്‍ ഭക്തര്‍ക്ക് കണി കണ്ട് തൊഴാവുന്നതാണ്. തൊഴുതു വരുന്നവര്‍ക്ക് മേല്‍ശാന്തി വിഷുക്കൈനീട്ടവും നൽകും.
സ്പെഷ്യൽ,
വിഐപി ദർശനം
ഉണ്ടാകില്ലെന്നും
ദേവസ്വം ബോർഡ്
അറിയിച്ചു.ഭക്തരുടെ തിരക്ക് പരിഗണിച്ച് ക്ഷേത്രത്തിൽ 12 മുതൽ 20 വരെ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ സ്പെഷ്യൽ ദർശനം, വിഐപി ദർശനം എന്നിവ ഉണ്ടാകില്ല.