കൊച്ചി: ആലപ്പുഴയിലെ ഹെെബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് ഹെെക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി നടൻ ശ്രീനാഥ് ഭാസി. എക്സെെസ് അറസ്റ്റ് ചെയ്യാൻ സാദ്ധ്യതയുണ്ടെന്നാണ് ശ്രീനാഥ് ഭാസി ഹർജിയിൽ പറയുന്നത്. അറസ്റ്റ് തടയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി ഇന്ന് ഹെെക്കോടതി പരിഗണിക്കും. ആലപ്പുഴയിലെ ഹെെബ്രിഡ് കഞ്ചാവുമായി യുവതി ഉൾപ്പെടെ രണ്ട് പേർ പിടിയിലായ കേസിൽ അന്വേഷണം എക്സെെസ് അസിസ്റ്റന്റ് കമ്മീഷണർക്ക് കെെമാറിയിരുന്നു. ഈ കേസിൽ പ്രതികളുടെ ഫോൺ പരിശോധിച്ചപ്പോഴാണ് ചില സിനിമ താരങ്ങളുമായി ബന്ധപ്പെട്ട സൂചന ലഭിക്കുന്നത്. ഈ താരങ്ങളെ വിളിച്ച് വരുത്തുമെന്നും നോട്ടീസ് കൊടുത്ത് ചോദ്യം ചെയ്യുമെന്നും എക്സെെസ് അറിയിച്ചിരുന്നു.പിന്നാലെയാണ് അറസ്റ്റ് ഭയമുണ്ടെന്നും തടയണമെന്നും കാണിച്ച് ശ്രീനാഥ് ഭാസി കോടതിയെ സമീപിച്ചിട്ടുള്ളത്. എക്സെെസ് അസിസ്റ്റന്റ് കമ്മീഷണർ ആർ അശോക് കുമാറിന്റെ നേതൃത്വത്തിലാണ് ഈ കേസിൽ അന്വേഷണം നടക്കുന്നത്. കോടികൾ വിലമതിക്കുന്ന ഹെെബ്രിഡ് കഞ്ചാവ് ആണ് ആലപ്പുഴയിൽ പിടിച്ചെടുത്തത്. കൂടാതെ കേരളത്തിലേക്ക് ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ കണ്ണൂർ സ്വദേശിനി തസ്ലീമ സുൽത്താനും പിടിയിലായി. ഇവർ രണ്ട് സിനിമാ താരങ്ങളുടെ പേരുകളാണ് വെളിപ്പെടുത്തിയതെന്ന് മുൻപ് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എസ് വിനോദ് കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.വിദേശത്ത് നിന്നും എത്തിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് യുവതി വിതരണം ചെയ്‌തിരുന്നതെന്നാണ് സൂചന. ആലപ്പുഴയിൽ വിതരണക്കാർക്ക് നൽകാൻ കഞ്ചാവുമായെത്തിയപ്പോഴാണ് തസ്ലീമ പിടിയിലായത്. എക്‌സൈസ് ഇവരെ പിടികൂടുന്ന സമയം മക്കളും ഒപ്പം ഉണ്ടായിരുന്നു. ആലപ്പുഴ നർകോട്ടിക്‌സ് സി ഐ മഹേഷും സംഘവുമാണ് ഇവരെ പിടികൂടിയത്. ക്രിസ്‌റ്റീന എന്നും വിളിപ്പേരുള്ള തസ്ളീമ തായ്‌ലാൻഡിൽ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് വരുത്തിയത്. എംഡിഎംഎയെക്കാൾ ലഹരിയേറിയതാണ് ഹൈബ്രിഡ് കഞ്ചാവ്. മുൻപ് പെൺകുട്ടിയെ ലഹരി നൽകി മയക്കിയ ശേഷം പീഡിപ്പിച്ച സംഭവത്തിലെ പ്രതിയാണ് തസ്ളീമ. ഇവർ സെക്‌സ് റാക്കറ്റിലെ കണ്ണിയാണെന്നും വിവരമുണ്ട്.