ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാനുള്ള രക്ത പരിശോധന ഫലം പുറത്ത് വന്നതിനുശേഷം നിയമനടപടികൾ സ്വീകരിക്കുമെന്നും യൂത്ത് ലീഗ് നേതാവ് അനസ് പറഞ്ഞു
കോഴിക്കോട് പേരാമ്പ്രയിൽ പൊതുസ്ഥലത്ത് വെച്ച് കഞ്ചാവ് വലിച്ച യൂത്ത് ലീഗ് നേതാവ് പൊലീസ് പിടിയിൽ. പ്രാദേശിക യൂത്ത് ലീഗ് നേതാവ് നൊച്ചാട് സ്വദേശി അനസ് വാളൂരി(28) നെയാണ് പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്. കായണ്ണ ഹെൽത്ത് സെന്ററിനു സമീപം ഇന്നലെ പകൽ 3.45 ഓടെയാണ് സംഭവം.റോഡരികിൽ കഞ്ചാവ് ബീഡി വലിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ഇയാൾ പൊലീസിന്റെ പിടിയിലാകുന്നത്. കായണ്ണ ഹെൽത്ത് സെന്റർ റോഡിൽ കഞ്ചാവ് വിൽപ്പനയും ഉപയോഗവും പതിവാണെന്നും, ഈ പ്രദേശത്ത് കഞ്ചാവ് വിൽപ്പനക്കാരും ആവശ്യക്കാരും തമ്പടിക്കാറുണ്ടെന്നും നാട്ടുകാർ പരാതി നൽകിയിരുന്നു.മൂന്നുപേരെയാണ് പൊലീസ് പിടികൂടിയത്. ഇതിനെത്തുടർന്ന് പൊലീസ് സ്ഥലത്ത് പട്രോളിങ് നടത്തുകയായിരുന്നു. പട്രോളിങ്ങിനിടെയാണ് അനസും സംഘവും പോലീസിന്റെ കണ്ണിൽ പെടുന്നത്. പേരാമ്പ്ര സിഐ പി ജംഷീദ്, സ്ക്വാഡ് അംഗങ്ങളായ സിഞ്ചുദാസ്, ജയേഷ് എന്നിവർ ചേർന്നാണ് അനസിനെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്. അതേ സമയം താൻ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് അനസ്. റോഡരികിൽ നിൽക്കുകയായിരുന്ന തന്നെ പോലീസ് പിടിച്ച് കൊണ്ട് പോകുകയായിരുന്നുവെന്നും പിന്നിൽ ഗൂഡാലോചന ഉണ്ട്. സിപിഎമ്മുകാർക് തന്നെ വേട്ടയാടുകയാണെന്നും, ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാനുള്ള രക്ത പരിശോധന ഫലം പുറത്ത് വന്നതിനുശേഷം നിയമനടപടികൾ സ്വീകരിക്കുമെന്നും യൂത്ത് ലീഗ് നേതാവ് അനസ് പറഞ്ഞു