ആശാ വർക്കർമാരുടെ ധനസഹായം ഉയർത്തണമെന്നാവശ്യപ്പെട്ട് പാർലമെൻ്ററി സ്റ്റാൻഡിംഗ് കമ്മിറ്റി. രാം ഗോപാൽ യാദവ് അധ്യക്ഷനായ ആരോഗ്യമന്ത്രാലയ സ്റ്റാൻഡിംഗ് കമ്മിറ്റിയാണ് ഇക്കാര്യങ്ങൾ ശിപാർശ ചെയ്തത്. നിലവിൽ കിട്ടുന്ന ധനസഹായം രണ്ട് നേരത്തെ ഭക്ഷണത്തിന് പോലും തികയില്ല. ആരോഗ്യ ഗവേഷണ മേഖലയിലും ആശാ വർക്കർമാരെ ഉപയോഗിക്കണം. താഴെ തട്ടിലും ആശമാരുടെ നിർണ്ണായക സേവനം നടത്തുന്നുണ്ടെന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി വ്യക്തമാക്കി. സെക്രട്ടേറിയറ്റിന് മിന്നൽ ആശാ വർക്കർമാർ സമരം ആരംഭിച്ചിട്ട് ഇന്ന് 32 ദിവസം പൂർത്തിയാക്കുകയാണ്. ഇതുവരെയും ആരോഗ്യമന്ത്രി ഇവരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുകയോ ചർച്ചയ്ക്കായി സംവിധാനം ഒരുക്കുകയോ ചെയ്തിട്ടില്ല. ആറ്റുകാൽ ദേവിക്ക് ഭക്തജനലക്ഷങ്ങൾ ഇന്ന് പൊങ്കാല അർപ്പിക്കുമ്പോൾ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ പൊങ്കാലയുമായിട്ടാണ് ആശാ വര്‍ക്കര്‍മാര്‍ എത്തുന്നത്. കേന്ദ്ര ധനമന്ത്രിയും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ആശാമാരുടെ പ്രശ്നം വരാത്തതിൻ്റെ നിരാശയിലും അതൃപ്തിയിലുമാണ് സമരക്കാർ. ഫണ്ട് അനുവദിച്ചതിനെ ചൊല്ലി കേന്ദ്രവും കേരളവും തമ്മിലെ തർക്കം ഉടൻ തീർത്ത് പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നാണ് ആശാമാരുടെ ആവശ്യം. ആശാമാരുടെ ഇൻസെൻറീവ് കൂട്ടുമെന്ന് പറഞ്ഞ കേന്ദ്രമന്ത്രി ജെപി നദ്ദ കൂട്ടുന്നത് എത്രയായിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നില്ല. തിങ്കാളാഴ്ച സെക്രട്ടേറിയേറ്റ് ഉപരോധം നടത്തി സമരം കടുപ്പിക്കാനാണ് ആശമാരുടെ നീക്കം.