മയക്കു മരുന്ന് വ്യാപനത്തിനെതിരെ കേരള എക്സൈസിന്റെ ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിലൂടെ ആദ്യ അഞ്ച് ദിവസം കൊണ്ട് അറസ്റ്റിലായത് 368 പേർ. അഞ്ച് ദിവസം കൊണ്ട് 2181 പരിശോധനകളാണ് എക്സൈസ് നടത്തിയത്. മയക്കുമരുന്നിനെതിരെ ശക്തമായ നടപടി സ്വീകരിച്ച എക്സൈസ് സേനയെ മന്ത്രി എംബി രാജേഷ് അഭിനന്ദിച്ചു. ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിലൂടെ സേന നടത്തിയ അറസ്റ്റുകളുടെ എണ്ണവും പിടിച്ചെടുത്ത ലഹരിയുടെ അളവുമടക്കമുള്ള കാര്യങ്ങൾ മന്ത്രി ഫേസ്ബുക്കിലൂടെ പങ്കുവക്കുകയും ചെയ്തു.ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:മയക്കു മരുന്ന് വ്യാപനത്തിനെതിരെ കേരള എക്സൈസിന്റെ ‘OPERATION CLEAN SLATE’ തീവ്രയത്ന എൻഫോഴ്സ്മെന്റ് പ്രവർത്തനത്തിലെ ആദ്യ അഞ്ച് ദിവസം കൊണ്ട് 360 എൻഡിപിഎസ് കേസുകളിലായി 368 പേരെ അറസ്റ്റ് ചെയ്ത വിവരം അറിയിക്കട്ടെ. കേസുകളിൽ 378 പേരെയാണ് ആകെ പ്രതിചേർത്തത്. പ്രതികളിൽ നിന്ന് 81.13 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചു. ഒളിവിൽ കഴിഞ്ഞിരുന്ന 17 പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ച് ദിവസം കൊണ്ട് 2181 പരിശോധനകൾ എക്സൈസ് നടത്തി, ഇതിന് പുറമേ മറ്റ് വകുപ്പുകളുമായി ചേർന്ന് 39 സംയുക്ത പരിശോധനകളും സംഘടിപ്പിച്ചിട്ടുണ്ട്. ഈ സമയത്ത് 21,389 വാഹനങ്ങൾ പരിശോധിച്ചു.മയക്കുമരുന്ന് കടത്തിയ 16 വാഹനങ്ങൾ പിടിച്ചിട്ടുണ്ട്. 602 സ്കൂൾ പരിസരം, 152 ബസ് സ്റ്റാൻഡ് പരിസരം, 59 ലേബർ ക്യാമ്പുകൾ, 54 റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധന നടത്തി മയക്കുമരുന്ന് വിൽപ്പനക്കാരെ പിടികൂടിയിട്ടുണ്ട്. മാർച്ച് 12 വരെയാണ് നിലവിൽ ക്യാമ്പയിൻ നിശ്ചയിച്ചിരിക്കുന്നത്.പ്രതികളിൽ നിന്ന് 56.09 ഗ്രാം എം.ഡി.എം.എ, 23.11 ഗ്രാം മെത്താഫിറ്റാമിൻ, എൽ.എസ്.ഡി., നൈട്രോസെഫാം ടാബ്ലറ്റ്, 10.2 ഗ്രാം ഹെറോയിൻ, 4 ഗ്രാം ചരസ്, 2.05 ഗ്രാം ഹാഷിഷ്, 23.7 ഗ്രാം ഹാഷിഷ് ഓയിൽ, 77.8 കിലോ കഞ്ചാവ്, 43 കഞ്ചാവ് ചെടികൾ, 96 ഗ്രാം കഞ്ചാവ് ബാംഗ്, കഞ്ചാവ് ബീഡികൾ എന്നിവ പിടിച്ചെടുത്തു. പരിശോധനയുടെ ഭാഗമായി 304 അബ്കാരി കേസുകളും 1162 പുകയില കേസുകളും കൂടി കണ്ടെത്താനായി. ഈ കേസുകളിലായി 10,430 ലിറ്റർ സ്പിരിറ്റും 101.8 കിലോ പുകയില ഉൽപ്പന്നങ്ങളും പിടിച്ചിട്ടുണ്ട്.മയക്കുമരുന്നിനെതിരെ കൂടുതൽ നടപടികളുമായി എക്സൈസ് മുന്നോട്ടുപോകും. സ്കൂളുകളും കോളേജുകളും ബസ് സ്റ്റാൻഡുകളും റെയിൽവേ സ്റ്റേഷനുകളും കേന്ദ്രീകരിച്ചുള്ള വ്യാപകപരിശോധന തുടരും. അതിർത്തിയിലും ജാഗ്രത തുടരും. മയക്കുമരുന്നിനെതിരെ ശക്തമായ നടപടി സ്വീകരിച്ച എക്സൈസ് സേനയെ അഭിനന്ദിക്കുന്നു.