മലപ്പുറം: ബൈക്കിൽ പാേകുന്നയാളെ പുലി ആക്രമിച്ചു. മലപ്പുറം മമ്പാട് ഇന്ന് രാവിലെ എഴരയോടെയായിരുന്നു സംഭവം. കൂലിപ്പണിക്കാരനായ നടുവക്കാട് സ്വദേശി മുഹമ്മദലിക്കുനേരെയാണ് ആക്രമണം ഉണ്ടായത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. രാവിലെ വീട്ടിലേക്ക് ആവശ്യമായ ചില സാധനങ്ങൾ വാങ്ങാനായി പോകുന്നതിനിടെയായിരുന്നു സംഭവം. ബൈക്ക് വേഗം കുറച്ചുപോകുന്നതിനിടെ റോഡുവക്കിൽ നിന്ന് പൊടുന്നനെ പുലി മുഹമ്മദലിയുടെ ശരീരത്തിലേക്ക് ചാടി വീണു. കടിക്കാൻ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ല. ബൈക്കിൽ നിന്ന് താഴേക്കുവീണ മുഹമ്മദലിയുടെ കൈയിലും കാലിലും പുലിയുടെ നഖം കൊള്ളുകമാത്രമാണ് ഉണ്ടായത്. സംഭവം അറിഞ്ഞെത്തിയവരാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. മുഹമ്മദലി വീണ ഉടൻ പുലി സമീപത്തെ കുറ്റിക്കാട്ടിലേക്ക് ഓടിമറയുകയും ചെയ്തു. വനത്തോട് ചേർന്ന പ്രദേശമാണ് മമ്പാട്. ഇവിടെ പലപ്പോഴും പുലിയെ കണ്ടിട്ടുണ്ട്. വീടുകളിലെ ക്യാമറകളിലും പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. രണ്ടുദിവസം മുമ്പും ഇവിടെ പുലിയെ കണ്ടിരുന്നു. എങ്കിലും പ്രദേശത്ത് പുലിയുടെ ആക്രമണം ആദ്യസംഭവമാണെന്നാണ് നാട്ടുകാർ പറയുന്നത്. മുഹമ്മദലിക്കുനേരെയുണ്ടായ ആക്രമണത്തെത്തുടർന്ന് നാട്ടുകാരും വനം വകുപ്പ് അധികൃതരും ചേർന്ന് പുലിക്കായി തെരച്ചിൽ ആരംഭിച്ചു. എന്നാൽ ഇതുവരെയും കണ്ടെത്താനായിട്ടില്ല. പുലി അക്രമാസക്തനായതോടെ പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്. തങ്ങളുടെ ഭീതി ഒഴിവാക്കാനുള്ള നടപടികൾ എത്രയും പെട്ടെന്ന് അധികൃതർ കൈക്കൊള്ളണമെന്നാണ് അവർ ആവശ്യപ്പെടുന്നത്.