ഇനി അനുനയനീക്കത്തിനില്ലെന്ന് വ്യക്തമാക്കിയ കോൺഗ്രസിന് മുന്നറിയിപ്പുമായി ശശി തരൂർ എംപി. പാർട്ടിക്ക് എന്റെ സേവനങ്ങൾ വേണ്ടെങ്കിൽ എനിക്ക് മുന്നിൽ മറ്റ് വഴികളുണ്ടെന്ന് ശശി തരൂർ വ്യക്തമാക്കി. നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്നതിനിടെ ഒരു ഇംഗ്ലിഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് തരൂർ നിലപാട് വ്യക്തമാക്കിയത്. കേരളത്തിലെ പാർട്ടിക്ക് നേതൃപ്രതിസന്ധിയുണ്ട്. കഠിനാധ്വാനം ചെയ്തില്ലെങ്കിൽ മൂന്നാമതും കേരളത്തിൽ തിരിച്ചടി നേരിടേണ്ടി വരും. ഘടക കക്ഷികൾ തൃപ്തരല്ലെന്നും, ദേശീയ തലത്തിലും തിരിച്ചടിക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തലെന്നുമാണ് തരൂരിന്റെ തുറന്ന് പറച്ചിൽ.
ജനം വോട്ട് ചെയ്താണ് എന്നെ വിജയിപ്പിച്ചത്. ജനം തനിക്ക് അഭിപ്രായ സ്വാതന്ത്ര്യം കൂടിയാണ് തന്നിരിക്കുന്നത്. നാല് തവണ വിജയിച്ച തനിക്ക് പാർട്ടിക്ക് പുറത്തുള്ള വോട്ടുകളും കിട്ടിയിട്ടുണ്ട്. പല സ്വതന്ത്ര ഏജൻസികളും നടത്തിയ അഭിപ്രായ സർവേകളിൽ നേതൃപദവിക്ക് താനും യോഗ്യനാണെന്ന് ചൂണ്ടിക്കാട്ടുന്നു. തന്റെ കഴിവുകൾ പാർട്ടി വിനിയോഗിക്കണം’. സോണിയ ഗാന്ധിയും, മൻമോഹൻ സിംഗും, രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടത് കൊണ്ടാണ് താൻ പാർട്ടിയിലെത്തിയതെന്നും തരൂർ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടുന്നു