'രണ്ട് പെൺമക്കള്‍, വീട്ടില്‍ ടോയിലറ്റുമില്ല’; വീട് വിറ്റ് ക്യാന്‍സര്‍ രോഗിക്ക് വീടുണ്ടാക്കി പാഷാണം ഷാജി

CKMNEWS
0


കോമഡി ഷോകളിലൂടെ സിനിമയിൽ സജീവമായ താരമാണ് സാജു നവോദയ. പാഷാണം ഷാജി എന്ന പേരിലാണ് താരം ശ്രദ്ധ നേടിയിട്ടുള്ളത്. നിരവധി ആരാധകരെയും താരം സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോളിതാ ഒരു അഭിമുഖത്തിൽ താരം പറയുന്ന ചില കാര്യങ്ങളാണ് വൈറലായി കൊണ്ടിരിക്കുന്നത്. സ്വന്തം വീട് വിറ്റ് കാൻസർ രോഗിക്ക് വീട് വച്ചു കൊടുത്ത കഥയാണ് താരം പറഞ്ഞത്.  പതിനഞ്ച് വർഷത്തോളം വാടകയ്ക്ക് ജീവിച്ച ശേഷം താൻ വാങ്ങിച്ച് വീട് വിറ്റിട്ടാണ് ഒരു കാൻസർ‌ രോഗിയും രണ്ട് പെൺമക്കളുമടങ്ങുന്ന കുടുംബത്തിന് താൻ വീട് വച്ച് നൽകിയത് എന്ന് പാഷാണം ഷാജി പറയുന്നു. ആ വീട് വച്ചു നൽകാൻ തന്നോട് ആവശ്യപ്പെട്ടത് തന്റെ ഭാര്യ ആണെന്നും താൻ ഇപ്പോഴും താമസിക്കുന്നത് വാടക വീട്ടിലാണെന്നും പാഷാണം ഷാജി പറയുന്നു.

എന്റെ വീട് വിറ്റ് മറ്റൊരാൾക്ക് വീട് വച്ച് കൊടുത്തിട്ടുള്ള ഒരാളാണ് ഞാൻ. പതിനഞ്ച് വർഷം വാടകയ്ക്ക് താമസിച്ചിട്ട് ഞാൻ വീട് വച്ചു. ആ വീട് വിറ്റ് പത്ത് ലക്ഷം രൂപയ്ക്ക് മേലെ മുടക്കി ഒരു കാൻസർ ​രോ​ഗിക്ക് ഞാൻ വീട് വച്ചു കൊടുത്തിട്ടുണ്ട്. ഒരു നേരത്തെ മരുന്ന് വാങ്ങിക്കൊടുക്കുമോ എന്ന് ചോദിച്ചപ്പോൾ ഞാനും എന്റെ ഭാര്യയും കൂടി പോയതാണ്. അവിടെ ചെന്നപ്പോൾ ആ രോ​ഗി കിടക്കുന്നത് ഫ്ലെക്സ് വിരിച്ചൊരു വീട്ടിൽ ഫ്ലെക്സിനകത്താണ്. എന്റെ ഭാര്യയോട് ഞാൻ പറഞ്ഞു നമുക്ക് ഒരു കട്ടിൽ വാങ്ങിക്കൊടുക്കാം എന്ന്. അങ്ങനെ ഞങ്ങൾ കട്ടിൽ വാങ്ങാൻ പോയ സമയത്താണ് എന്റെ ഭാര്യ നമുക്ക് ഒരു കുഞ്ഞു വീട് വച്ചു കൊടുക്കാം എന്ന് പറഞ്ഞത്. കാരണം അവിടെ രണ്ട് പെൺമക്കളാണ്. ഇവർ ബാത്ത് റൂമിൽ പോകുന്നത് എപ്പോഴാണെന്ന് അറിയാമോ വെളുപ്പിന് മൂന്നരയ്ക്ക് അല്ലെങ്കിൽ നാല് മണിക്ക് എഴുന്നേറ്റിട്ട് പറമ്പിൽ‌ പോകും. പിന്നീട് എപ്പോഴെങ്കിലും പോകണമെങ്കിൽ തിരിച്ച് രാത്രിയിൽ പോകണം. അങ്ങനെയാണ് എന്റെ ഭാര്യ വീട് വച്ചു കൊടുക്കണം എന്ന് ആവശ്യപ്പെടുന്നത്. അപ്പോൾ അടുത്ത വീട്ടിലെ ആളുകൾ ഒക്കെ കൂടി വന്ന് നമുക്ക് എല്ലാവർക്കും സഹകരിച്ച് വീട് വയ്ച്ചു കൊടുക്കാം എന്ന് പറഞ്ഞു. ഒരു കല്ലെടുക്കാൻ ഒരാൾ വച്ച് ഉണ്ടാകും കൂടെ ലേബർ ചാർജ്ജ് വേണ്ടി വരില്ല എന്നൊക്കെ പറഞ്ഞു. ആദ്യത്തെ കല്ലിട്ട ദിവസം എല്ലാവരും വന്നു, അതിന് ശേഷം വേറെ ആരും വന്നില്ല. പിന്നെ ഞാനും എന്റെ ഭാര്യയും എന്റെ കുടെയുള്ള പയ്യനും ചേർന്നാണ് ബാക്കി ചെയ്തത്. നിങ്ങൾ തറയിട്ടോ എന്ന് പറഞ്ഞ് ഞാൻ കോഴിക്കോടേക്ക് പോയി, എത്ര ലോഡ് കല്ലടിച്ചു എന്ന് ചോദിച്ചപ്പോൾ പതിനാല് ലോഡ് കല്ലടിച്ചു എന്ന് പറഞ്ഞു. ഒരു വീട് വയ്ക്കാൻ പതിനാല് ലോഡോ.

 ഞാൻ പോയി നോക്കുമ്പോൾ എന്റെ നെ‍ഞ്ചൊക്കം പൊക്കത്തിൽ തറയിട്ട് വച്ചിരിക്കുന്നു. ഇതെന്താണ് എന്ന് ഞാൻ ചോദിച്ചപ്പോൾ വെള്ളം കയറുകയോ വല്ലതും ചെയ്താലോ എന്ന് കരുതിയാണ് എന്ന് പറ‍ഞ്ഞു. എന്റെ പൊന്ന് ചേട്ടാ ഇത് ഞാൻ ചെയ്തോളാം എന്ന് പറഞ്ഞ് പിന്നെ ഞാൻ തന്നെ നിന്ന് പണിത് രണ്ട് ബെഡ് റൂം, അറ്റാച്ച്ഡ് ബാത്ത് റൂം, ഹാൾ, കിച്ചൺ, വർക്ക് ഏരിയ ഒക്കെയായിട്ട് ഒരു നല്ല വീട് അവർക്ക് വച്ചു കൊടുത്തു. ഇപ്പോൾ ആ കുഞ്ഞുങ്ങൾ സുഖമായിട്ട് കഴിയുന്നു. അവർ എന്നെ വിളിക്കാറുണ്ട്.ഞാൻ ഇപ്പോഴും വാടകയ്ക്കാണ് താമസിക്കുന്നത്. എന്റെ സന്തോഷവും എന്റെ ഭാര്യയുടെ സന്തോഷവുമാണ് എന്റെ ജീവിതം. ഇതെല്ലാം ചെയ്യുന്നതിന് എന്നെക്കാൾ മുന്നിലാണ് അവൾ. എന്റെ ഭാര്യയുടെ അടുത്ത ആഗ്രഹം എന്താണെന്ന് അറിയാമോ? ഞങ്ങൾ ഇനിയൊരു വീട് വച്ചതിന് ശേഷം ആരോരുമില്ലാത്ത അമ്മമാരോടൊപ്പം അവിടെ താമസിക്കണം എന്ന്. അത് തന്നെയാണ് എന്റെയും ആ​ഗ്രഹം. ഞങ്ങളുടെ സന്തോഷമാണ് ഞങ്ങളുടെ ജീവിതം. പാഷാണം ഷാജി പറഞ്ഞു.

Post a Comment

0Comments

Post a Comment (0)