മുല്ലപ്പെരിയാർ സ്ഥിതിഗതികൾ വിലയിരുത്താൻ യോ​ഗം; പുതിയ ഡാം എന്ന ആവശ്യം ചർച്ചയാകും

CKMNEWS
0






ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷ സംബന്ധിച്ച ആശങ്കകളും സ്ഥിതിഗതികളും വിലയിരുത്താൻ മന്ത്രി റോഷി അഗസ്റ്റിൻ്റെ നേതൃത്വത്തിൽ ഇടുക്കി കളക്ട്രേറ്റിൽ ഇന്ന് യോ​ഗം ചേരും. ഡാം തുറക്കേണ്ടി വന്നാൽ സ്വീകരിക്കേണ്ട മുൻകരുതലുകളും പുതിയ ഡാം വേണമെന്ന കേരളത്തിൻ്റെ ആവശ്യത്തിൽ കൈക്കൊള്ളേണ്ട തുടർ നടപടികളും യോഗം ചർച്ച ചെയ്യും. ഡാം ഡീ കമ്മീഷൻ ചെയ്യണമെന്ന ആവശ്യം കേരള എം പിമാർ പാർലമെൻറിൽ ഉന്നയിച്ചിരുന്നു. ഡാമിൻ്റെ സുരക്ഷയെ സംബന്ധിച്ച് ആശങ്ക പരത്തുന്ന പ്രചരണങ്ങൾ സമൂഹമാധ്യമങ്ങളിലും സജീവമാണ്. മുല്ലപ്പെരിയാർ വിഷയത്തിൽ അടിയന്തിര ഇടപെടൽ വേണമെന്ന ആവശ്യമുന്നയിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധവും ആരംഭിച്ചിട്ടുണ്ട്. അടുത്തിടെ മുല്ലപ്പെരിയാർ മേൽനോട്ട സമിതിയും ഉപസമിതിയും ഡാമിൻ്റെ സുരക്ഷാ പരിശോധനകളും നടത്തിയിരുന്നു.

മുല്ലപ്പെരിയാർ വിഷയത്തിൽ കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ പുതിയ ഹർജി നൽകിയിരുന്നു. ഡാം സുരക്ഷിതമെന്ന വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ മാത്യു നെടുംപാറ ആണ് ഹർജി നൽകിയത്. 2006, 2014 വർഷങ്ങളിലെ വിധി റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന് ഡാമിൽ അവകാശമുണ്ടെന്നും ഹർജിക്കാരൻ പറയുന്നു. മുൻകാല വിധികൾ നിയമപരമായി തെറ്റാണെന്നും ഹർജിക്കാരൻ വാദം ഉയർത്തുന്നു. വയനാട് ദുരന്തം കണക്കിലെടുക്കണമെന്നും ഹർജിയിൽ ആവശ്യമുന്നയിച്ചിരുന്നു.കഴിഞ്ഞ ദിവസം മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയിരുന്നു. പൊതുമരാമത്ത് മധുര റീജണൽ ചീഫ് എൻജിനീയർ എസ് രമേശിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. കേരളത്തില്‍ മഴ ശക്തി പ്രാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് അണക്കെട്ടില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നാൽ സ്വീകരിക്കേണ്ട മുന്‍കരുതൽ നടപടികള്‍ പരിശോധിക്കുന്നതിനും തമിഴ്‌നാട്ടിലെ ഉദ്യോഗസ്ഥർക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായിരുന്നു സന്ദര്‍ശനം നടത്തിയത്.

Post a Comment

0Comments

Post a Comment (0)