'പോരാട്ടം ആരംഭിച്ചതേയുള്ളൂ'; വിനേഷിനെ സ്വര്‍ണമെഡല്‍ നല്‍കി ആദരിച്ച് ഹരിയാനയിലെ പഞ്ചായത്ത്

CKMNEWS
0



ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ ഹരിയാനയിലെ സര്‍വ്ഖാപ് പഞ്ചായത്ത് സ്വര്‍ണമെഡല്‍ നല്‍കി ആദരിച്ചു.വിനേഷിന്റെ ജന്മദിനമായ ഓഗസ്റ്റ് 25നാണ് താരത്തെ പഞ്ചായത്ത് ആദരിച്ചത്. പാരിസ് ഒളിംപിക്‌സ് ഗുസ്തിയില്‍ ഫൈനലിന് തൊട്ടുമുന്‍പ് അയോഗ്യയാക്കപ്പെട്ട വിനേഷിന് മെഡല്‍ നഷ്ടമായിരുന്നു. ഇതിനുപിന്നാലെ വിനേഷ് ഗുസ്തിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

പഞ്ചായത്ത് സംഘടിപ്പിച്ച പരിപാടിക്കിടെ വിനേഷ് പറഞ്ഞ വാക്കുകളും ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. അയോഗ്യതയ്ക്ക് പിന്നാലെ പ്രഖ്യാപിച്ച വിരമിക്കല്‍ തീരുമാനം പിന്‍വലിക്കുമെന്ന സൂചനയാണ് വിനേഷ് നൽകിയത്.

'എന്റെ പോരാട്ടം അവസാനിച്ചിട്ടില്ല. രാജ്യത്തെ സ്ത്രീകളുടെ അഭിമാനത്തിനായുള്ള പോരാട്ടം തുടങ്ങിയിട്ടേയുള്ളൂ. പാരിസില്‍ മത്സരിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഞാന്‍ വളരെ നിര്‍ഭാഗ്യവതിയാണെന്ന് കരുതിയിരുന്നു. എന്നാല്‍ തിരികെ ഇന്ത്യയിലെത്തിയപ്പോള്‍ ലഭിച്ച സ്‌നേഹവും പിന്തുണയും ഞാന്‍ എത്ര ഭാഗ്യവതിയാണെന്ന് മനസ്സിലാക്കി. ഏത് മെഡലിനേക്കാളും വലിയ ബഹുമതി തന്ന എല്ലാവരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു', വിനേഷ് പറഞ്ഞു.

ഒളിംപിക്സ് ഗുസ്തിയിൽ വനിതകളുടെ 50കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ഫൈനലിലെത്തിയെങ്കിലും ഭാരപരിശോധനയില്‍ പരാജയപ്പെട്ടതോടെയാണ് താരം അയോഗ്യയാക്കപ്പെട്ടത്. പിന്നാലെ വെള്ളി മെഡലിനായി കായിക തര്‍ക്കപരിഹാര കോടതിയെ സമീപിച്ചെങ്കിലും അപ്പീല്‍ തള്ളിയതോടെ വിനേഷിന് മെഡലില്ലാതെ നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. എന്നാൽ ഡൽഹി വിമാനത്താവളത്തിലെത്തിയ താരത്തിന് മികച്ച സ്വീകരണമാണ് സഹ താരങ്ങളും ജനങ്ങളും നൽകിയിരുന്നത്.

Post a Comment

0Comments

Post a Comment (0)