ഇന്ന് ശ്രീകൃഷ്ണ ജയന്തി;അമ്പാടിയാകാനൊരുങ്ങി വീഥികൾ‌

CKMNEWS
0

 ഇന്ന് ശ്രീകൃഷ്ണ ജയന്തി;അമ്പാടിയാകാനൊരുങ്ങി വീഥികൾ‌


ദ്വാപരയുഗ സ്മരണകളുയർത്തി ഇന്ന് ശ്രീകൃഷ്ണ ജയന്തി. നാടും ന​ഗരവും ജന്മാഷ്ടമി ആഘോഷങ്ങൾ‌ക്കൊരുങ്ങി കഴിഞ്ഞു. വീഥികൾ അമ്പാടികളാകുന്ന സുദിനം.ഉണ്ണിക്കണ്ണന്മാരും രാധമാരും ഗോപികമാരുമെല്ലാം ചേർന്ന് സംസ്ഥാനത്തെ അമ്പാടിയാക്കുന്ന കാഴ്ചയ്‌ക്കാണ് ഓരോ മലയാളികളും ഇന്ന് സാക്ഷ്യം വഹിക്കുക.


വിവിധ തരത്തിലുള്ള നിശ്ചല ദൃശ്യങ്ങൾ, ഭജന സംഘങ്ങൾ എന്നിവ ശോഭായാത്രയ്‌ക്ക് അകമ്പടിയേകും. മുത്തുക്കുടയേന്തിയ ബാലികാ ബാലന്മാർ ശോഭായാത്രയ്‌ക്ക് നിറപ്പകിട്ടേകും. ബാലദിനമായാഘോഷിക്കുന്ന ജന്മാഷ്ടമിയെ വരവേൽക്കാൻ ബാലഗോകുലം വലിയ ഒരുക്കങ്ങളിലാണ്.


‘പുണ്യമീ മണ്ണ് പവിത്രമീ ജന്മം’ എന്ന സന്ദേശത്തിലൂന്നിയാണ് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തി ദിനാഘോഷങ്ങൾ നടക്കുന്നത്. പ്രകൃതിയോടൊത്ത് പ്രകൃതിയെ സംരക്ഷിച്ച് വളർന്ന കണ്ണൻ രാഷ്‌ട്ര രക്ഷകനായി വളരുകയായിരുന്നു. ശ്രീകൃഷ്ണൻ വിശ്വരൂപം കാണിക്കുന്നത് മണ്ണുതിന്നുമ്പോഴും മണ്ണിനു വേണ്ടി പൊരുതുമ്പോഴുമായിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചു കൊണ്ടാണ് ഈ വർഷത്തെ ജന്മാഷ്ടമി ധ്യേയവാക്യം ബാലഗോകുലം തെരഞ്ഞെടുത്തത്. കലാ സാഹിത്യ സാംസ്കാരിക നായകരും ബാലപ്രതിഭകളും വിവിധയിടങ്ങളിലെ ശോഭായാത്രകൾ ഉദ്ഘാടനം ചെയ്യും.


ശ്രാവണമാസത്തിലെ കൃഷ്ണപക്ഷ അഷ്ടമി തിഥിയാണ് ഉത്തരഭാരതത്തിൽ ജന്മാഷ്ടമി. എന്നാൽ കേരളത്തിനിത് ചിങ്ങമാസത്തിലെ അഷ്ടമിരോഹിണിയാണ്. കൃഷ്ണ ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും പ്രാർത്ഥനയും നടക്കും. മഹാവിഷ്ണുവിന്റെ ഒമ്പതാമത്തെ അവതാരമാണ് ശ്രീകൃഷ്ണൻ. അഷ്ടമിരോഹിണി നാളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്.

Post a Comment

0Comments

Post a Comment (0)