തീർത്ഥാടകർ സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ഇന്ത്യക്കാരുടെ എണ്ണം 41 ആയി.

CKMNEWS
0

 തീർത്ഥാടകർ സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ഇന്ത്യക്കാരുടെ എണ്ണം 41 ആയി.



നേപ്പാളിലെ താനാഹുൻ ജില്ലയിൽ തീർത്ഥാടകർ സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ഇന്ത്യക്കാരുടെ എണ്ണം 41 ആയി. മഹാരാഷ്ട്ര ടൂറിസം മന്ത്രി ഗിരീഷ് മഹാജനാണ് മരണവിവരം സ്ഥിരീകരിച്ചത്. അപകടത്തിൽപ്പെട്ടവരുടെ കൃത്യമായ കണക്ക് ഇനിയും വ്യക്തമല്ലെന്നും കൂടുതൽ യാത്രക്കാരും മഹാരാഷ്ട്രയിലെ ജൽകാവ് ജില്ലയിൽ നിന്നുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. 24 മൃതദേഹങ്ങൾ നാസിക്കിലേക്ക് കൊണ്ടുപോകുന്നതിനായി ഇന്ത്യൻ വ്യോമസേന പ്രത്യേക വിമാനം സജ്ജീകരിച്ചിട്ടുണ്ടെന്ന് മഹാരാഷ്ട്ര സർക്കാർ അറിയിച്ചു


നേപ്പാളിലെ തനാഹുൻ ജില്ലയിലെ ഐന പഹാരയിൽ വെള്ളിയാഴ്ച രാവിലെ 11.30- ഓടെയായിരുന്നു അപകടം. ഡ്രൈവറും സഹഡ്രൈവറും ഉൾപ്പെടെ ബസ്സിൽ 43 പേരാണുണ്ടായിരുന്നത്. ദേശീയപാതയിൽനിന്ന് നിയന്ത്രണംവിട്ട ബസ്, 150 അടി താഴ്ചയിലുള്ള കുത്തിയൊഴുകുന്ന മർസ്യാങ്ദി നദിയിൽ പതിക്കുകയായിരുന്നു. ഗൊരഖ്പുരിലെ കേശർബനി ട്രാവൽസിന്റെ മൂന്നു ബസുകളിലായുള്ള യാത്രാസംഘത്തിൽ 104 പേരുണ്ടായിരുന്നു. അതിലൊരു ബസാണ് അപകടത്തിൽപ്പെട്ടത്.


ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് നേപ്പാൾ ഭരണകൂടവുമായും ഡൽഹി എംബസിയുമായും സംസ്ഥാന സർക്കാർ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് മന്ത്രി മഹാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്ദേ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായും മറ്റ് കേന്ദ്ര ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയിരുന്നു. കേന്ദ്ര സർക്കാരിന്റെ പൂർണ സഹകരണം അമിത് ഷാ മുഖ്യമന്ത്രി ഷിന്ദേയ്ക്ക് ഉറപ്പുനൽകി

Post a Comment

0Comments

Post a Comment (0)