സ്‌കൂൾ പരിസരങ്ങളിൽ മൂന്ന് ദിവസത്തെ വാഹന പരിശോധന: മലപ്പുറത്ത് 203 കേസുകൾ രജിസ്റ്റർ ചെയ്തു

CKMNEWS
0

 


മലപ്പുറം: സ്‌കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ച് മലപ്പുറം ജില്ലയിൽ നടത്തിയ വാഹന പരിശോധനയിൽ 203 കേസുകൾ രജിസ്റ്റർ ചെയ്തു. ആഗസ്റ്റ് ആറ് മുതലാണ് ജില്ലാ പൊലീസ് പരിശോധന നടത്തിയത്. നിയമലംഘനം നടത്തിയ 243 വാഹനങ്ങൾ പിടിച്ചെടുത്തു. ഹെൽമറ്റ് ഇല്ലാതെ വാഹനമോടിച്ചതിന് 2046 പേർക്കെതിരെയും മൂന്നു പേരുമായി വാഹനം ഓടിച്ചതിന് 259 പേർക്കെതിരേയും ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ ഇരുചക്ര വാഹനമോടിച്ച 18 വയസ്സിന് താഴെയുള്ള 15 പേർക്കെതിരേയും നടപടി സ്വീകരിച്ചു. നിയമലംഘനം നടത്തിയ വാഹനത്തിന്റെ ഉടമക്കെതിരെ കേസ് രജിസ്റ്റർ ചെയ്യും. വാഹനം ഓടിച്ച കുട്ടികൾക്കെതിരെ സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ടായി സമർപ്പിക്കും. 


പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം നൽകിയതിന് അതത് വാഹന ഉടമകൾക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്യുന്നത് കൂടാതെ വാഹനത്തിന്റെ പെർമിറ്റ് ഒരു വർഷത്തേക്ക് റദ്ദാക്കുന്നതിനും 25 വയസ് വരെ ലൈസൻസ് നൽകുന്നത് തടയുന്നതിനും മോട്ടോർ വാഹന വകുപ്പിന് റിപ്പോർട്ട് സമർപ്പിക്കും. ജില്ലാ പൊലീസ് മേധാവി എസ്. ശശിധരന്റെ നിർദേശ പ്രകാരം സബ്ലിവിഷൻ പൊലീസ് ഓഫിസർമാരുടെ നേതൃത്വത്തിൽ സ്റ്റേഷൻ ഹൗസ് ഓഫിസർമാർ, സബ് ഇൻസ്‌പെക്ടർമാർ, ട്രാഫിക് പൊലീസ് തുടങ്ങിയവരാണ് ജില്ലയിൽ സ്‌പെഷ്യൽ ഡ്രൈവ് നടത്തിയത്. സ്‌കൂളുകൾ കേന്ദ്രീകരിച്ചുള്ള വാഹന പരിശോധന ഇനിയും തുടരുമെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു.

Post a Comment

0Comments

Post a Comment (0)