ചമ്രവട്ടം തിരുനാവായ അടക്കം മലപ്പുറത്തിന് ഏഴ് സി.എന്‍.ജി സ്റ്റേഷനുകള്‍ കൂടി

ചമ്രവട്ടം തിരുനാവായ അടക്കം മലപ്പുറത്തിന് ഏഴ് സി.എന്‍.ജി സ്റ്റേഷനുകള്‍ കൂടി
പ്രകൃതിവാതകം ഇന്ധനമാക്കി ഇനി ജില്ലയിലെ വാഹനങ്ങള്‍ കുതിച്ചുപായും. ഇന്ത്യന്‍ ഓയില്‍ അദാനി ഗ്രൂപ്പിന്റെ സിറ്റിഗ്യാസ് പദ്ധതിയുടെ ഭാഗമായി വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാന്‍ ജില്ലയില്‍ ഏഴ് സി.എന്‍.ജി. (കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ്) സ്റ്റേഷനുകള്‍ ഉടന്‍ പ്രവര്‍ത്തനസജ്ജമാകും. മലപ്പുറം കോഡൂരിലെ സ്റ്റേഷനില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ധനവിതരണം ആരംഭിച്ചുകഴിഞ്ഞു. പെട്രോള്‍വിലയേക്കാള്‍ ലാഭവും വാഹനങ്ങള്‍ക്ക് കൂടുതല്‍ മൈലേജും ലഭിക്കുമെന്നതാണ് സി.എന്‍.ജി.യുടെ ഗുണം.
കോഡൂരിന് പുറമേ വണ്ടൂര്‍, തിരൂര്‍, തലക്കടത്തൂര്‍, തിരൂരങ്ങാടി, പെരിന്തല്‍മണ്ണ, ചമ്രവട്ടം, തിരുനാവായ എന്നിവിടങ്ങളിലാണ് പമ്പുകള്‍ ഒരുങ്ങുന്നത്. ഇവയില്‍ അഞ്ച് പമ്പുകള്‍ രണ്ടാഴ്ചയ്ക്കകം തുറക്കും. എല്ലാ സ്റ്റേഷനുകള്‍ക്കും പെട്രോളിയം ആന്‍ഡ് എക്‌സ്പ്ലോസീവ്സ് സേഫ്റ്റി ഓര്‍ഗനൈസേഷന്റെ (പെസോ) അനുമതി ലഭിച്ചു.ഇവ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഗെയിലിന്റെ കൊച്ചി-മംഗളൂരു പ്രകൃതിവാതക പൈപ്പ് ലൈനില്‍നിന്നാകും പമ്പുകളിലേക്ക് ഇന്ധനം എത്തിക്കുക. ഇരിമ്പിളിയം മുതല്‍ അരീക്കോട് കീഴുപറമ്പുവരെ 58.4 കിലോമീറ്ററിലാണ് ജില്ലയില്‍ വാതക പൈപ്പ് ലൈന്‍ കടന്നുപോകുന്നത്. ഇതില്‍ കാട്ടിപ്പരുത്തി, കോഡൂര്‍, വീമ്പൂര്‍ (നറുകര), അരീക്കോട് (ആലുങ്കല്‍) എന്നിവിടങ്ങളിലാണ് വാല്‍വ് സ്റ്റേഷനുകളുള്ളത്.ഇന്ധനവിലവര്‍ധന കുതിച്ചുയരുമ്പോള്‍ സാധാരണക്കാരന്റെ പോക്കറ്റ് കാലിയാകില്ലെന്നതാണ് സി.എന്‍.ജി.യുടെ ഗുണം. ഇപ്പോള്‍ പെട്രോള്‍ ലിറ്ററിന് 99.65 രൂപയും ഡീസലിന് 94.69 രൂപയുമാണ് വില. എന്നാല്‍ സി.എന്‍.ജി. കിലോ ലിറ്ററിന് 60 രൂപയ്ക്ക് ലഭിക്കും. പെട്രോളില്‍ 18 കിലോമീറ്ററും ഡീസലില്‍ 25 കിലോമീറ്ററും മൈലേജ് ലഭിക്കുന്ന വാഹനത്തിന് സി.എന്‍.ജി.യില്‍ 50 കിലോമീറ്റര്‍ വരെ ലഭിക്കും.
സി.എന്‍.ജി. വാഹനത്തിന്റെ മോഡല്‍ മാറുന്നതിന് അനുസരിച്ച് മൈലേജ് കൂടും. പ്രകൃതിവാതകം പ്രധാനമായും ഉപയോഗിക്കുന്നത് പുതിയ മോഡല്‍ വാഹനങ്ങളിലാണ്. പെട്രോള്‍ വാഹനങ്ങള്‍ സി.എന്‍.ജി.യിലേക്ക് കണ്‍വേര്‍ട്ട് ചെയ്തും ഉപയോഗിക്കാം. അതേസമയം 2005 മുതലുള്ള വാഹനങ്ങള്‍ മാത്രമേ സി.എന്‍.ജി.യാക്കാന്‍ ഇപ്പോള്‍ അനുവാദമുള്ളൂ.ജില്ലയില്‍ ഏറ്റവും കൂടുതല്‍ ടാക്‌സി കാറുകളാണ് സി.എന്‍.ജി.യിലേക്ക് മാറുന്നത്. ഒരുകാര്‍ മാറ്റിയെടുക്കുന്നതിന് രണ്ട് ദിവസം വേണം. 49,000 മുതല്‍ 60,000 രൂപവരെയാണ് ചെലവ്. മലപ്പുറത്തും മഞ്ചേരിയിലും സി.എന്‍.ജി. ഗ്യാരേജ് പ്രവര്‍ത്തിക്കുന്നുണ്ട്. മലപ്പുറത്തെ ഗ്യാരേജില്‍ അടുത്തിടെ ഇരുപതോളം കാറുകള്‍ സി.എന്‍.ജി.യിലേക്ക് മാറ്റി.
കൂടുതല്‍ വാതക പമ്പുകള്‍ വരുന്ന സാഹചര്യത്തില്‍ ബസുകള്‍ സി.എന്‍.ജി.യിലേക്ക് മാറ്റുന്നതിനുള്ള വര്‍ക്കുകള്‍ ഓഗസ്റ്റില്‍ തുടങ്ങുമെന്ന് ബ്രദേഴ്സ് വര്‍ക്ക് ഷോപ്പ് ഉടമ കുഞ്ഞീതു പറഞ്ഞു. ഡീസല്‍ വാഹനങ്ങള്‍ മാറ്റാണ് ഇവിടെ കൂടുതല്‍ ഓഡറുകള്‍ വരുന്നത്.
പ്രകൃതി സൗഹൃദം
സി.എന്‍.ജി. വായുവിനെ മലിനപ്പെടുത്തുന്നില്ല. പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ പുറന്തള്ളുന്നതിനേക്കാള്‍ കുറഞ്ഞതോതില്‍ മാലിന്യമാണ് സി.എന്‍.ജി.യില്‍നിന്നുണ്ടാകുന്നത്. അന്തരീക്ഷ വായുവിനേക്കാള്‍ ഭാരംകുറവാണ് സി.എന്‍.ജിക്ക്. അതിനാല്‍ ചോര്‍ച്ചയുണ്ടായാലും ഭയപ്പെടേണ്ട കാര്യമില്ല. സി.എന്‍.ജി.വായുവില്‍ ലയിക്കുന്നതിനാല്‍ തീപ്പിടിത്തത്തിന് സാധ്യതയില്ല. ട്രാഫിക് കുരുക്കില്‍പ്പെട്ടാല്‍ ഇന്ധനനഷ്ടവും ഉണ്ടാകില്ല.