25 April 2024 Thursday

രാമനാട്ടുകര സ്വര്‍ണക്കൊളള:പ്രധാന പ്രതി സൂഫിയാന്‍ കീഴടങ്ങി

ckmnews

രാമനാട്ടുകര സ്വര്‍ണക്കൊളള:പ്രധാന പ്രതി സൂഫിയാന്‍ കീഴടങ്ങി


കൊണ്ടോട്ടി:രാമനാട്ടുകര അപകടവുമായി ബന്ധപ്പെട്ട സ്വർണക്കടത്ത് ആസൂത്രണക്കേസിലെ പ്രധാനപ്രതി സൂഫിയാൻ(31) കീഴടങ്ങി. കൊണ്ടോട്ടി പോലീസ് സ്റ്റേഷനിലെത്തിയാണ് ഇയാൾ കീഴടങ്ങിയത്. സ്വർണക്കടത്ത് മാഫിയയുമായി ബന്ധമുളള ആളാണ് സൂഫിയാൻ എന്നാണ് പോലീസ് പറയുന്നത്. രണ്ടുപേർ കൂടി ഇനി പിടിയിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു.


കോഴിക്കോട് വാവാട് സ്വദേശിയായ സൂഫിയാൻ സ്വർണക്കടത്ത് കേസിൽ നേരത്തേയും പ്രതിയാണ്. ഇയാൾക്കെതിരെ കോഫെപോസ നിലനിൽക്കുന്നുണ്ട്. സ്വർണക്കടത്തിനുള്ള വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് സൂഫിയാനാണെന്നാണ് പോലീസ് കരുതുന്നത്.


സൂഫിയാൻ നേരത്തെ രണ്ട് സ്വർണക്കടത്ത് കേസുകളിൽ പ്രതിയായിട്ടുണ്ട്. കോഴിക്കോട് ഡിആർഐയും ബാംഗ്ലൂർ റവന്യൂ ഇന്റലിൻജൻസും സൂഫിയാനെതിരെ കോഫെപോസെ ചുമത്തിയിട്ടുണ്ട്. പരപ്പന അഗ്രഹാര ജയിലിൽ ആറ് മാസവും തിരുവനന്തപുരം ജയിലിലും കിടന്നിട്ടുണ്ട്.

ബാംഗ്ലൂരിൽ 11 കിലോ സ്വർണം കടത്തിയ കേസിൽ സൂഫിയാൻ പ്രതിയാണെന്ന് സംശയിക്കുന്നുണ്ട്. കോഴിക്കോട് ഓമശ്ശേരിക്കടുത്ത് സ്വർണം ഉരുക്കിയ കേസിലും സൂഫിയാൻ പ്രതിയായിരുന്നു. 2018ഓടെയാണ് സൂഫിയാൻ ദുബായിയിൽ നിന്ന് കോഴിക്കോട് കൊടുവള്ളിയിലെത്തിയത്.


കോഫെപോസ നിലനിൽക്കുന്നതിൽ കാഠ്മണ്ഡു വിമാനത്താവളത്തിലെത്തി അവിടെ നിന്ന് റോഡ് മാർഗമാണ് കേരളത്തിലേക്കെത്തിയത്. അഞ്ച് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിലും സ്വർണക്കടത്ത് സംഘത്തെ നയിച്ചത് സൂഫിയാനാണെന്നാണ് പോലീസ് നിഗമനം