29 March 2024 Friday

സർക്കാർ പരിശോധന നടത്തി ദ്രോഹിക്കുന്നു; 3500 കോടി നിക്ഷേപ പദ്ധതിയിൽ നിന്ന് കിറ്റെക്സ് പിന്മാറുന്നു

ckmnews

സർക്കാർ പരിശോധന നടത്തി ദ്രോഹിക്കുന്നു; 3500 കോടി നിക്ഷേപ പദ്ധതിയിൽ നിന്ന് കിറ്റെക്സ് പിന്മാറുന്നു


കൊച്ചി: കിറ്റെക്സിൽ നടന്ന സർക്കാർ വകുപ്പുകളുടെ പരിശോധനകളിൽ പ്രതിഷേധിച്ച് സംസ്ഥാന സർക്കാരുമായി ചേർന്നുള്ള 3,500 കോടിയുടെ നിക്ഷേപ പദ്ധതിയിൽ നിന്നും പിന്മാറുന്നുവെന്ന് കിറ്റെക്സ് വ്യക്തമാക്കി. കഴിഞ്ഞ വർഷം നിക്ഷേപ സംഗമത്തിൽ സർക്കാരുമായി ഒപ്പു വെച്ച ധാരണ പത്രത്തിൽ നിന്നും പിൻമാറുകയാണെന്ന് എംഡി സാബു ജേക്കബ് അറിയിച്ചു. ഒരു അപ്പാരൽ പാർക്കും 3 വ്യവസായ പാർക്കും തുടങ്ങാമെന്നായിരുന്നു ധാരണ. ഇതിൽ നിന്നാണ് പിന്മാറ്റം. ഒരു മാസത്തിനുള്ളിൽ പരിസ്ഥിതി, തൊഴിൽ, തുടങ്ങി വിവിധ വകുപ്പുകളുടെ 11 പരിശോധനകളാണ് കിറ്റെക്സ് കമ്പനിയിൽ നടന്നതെവന്നാണ് പത്രക്കുറിപ്പിൽ ആരോപിക്കുന്നത്.


നിലവിലെ വ്യവസായം പോലും മുന്നോട്ടുകൊണ്ടുപോകാനാകാത്ത സ്ഥിതിയാണെന്നും ഇങ്ങനെയെങ്കിൽ കേരളത്തിൽ പുതിയ സംരംഭം തുടങ്ങാൻ ആരും വരില്ലെന്നും പത്രക്കുറിപ്പിൽ പറയുന്നു. താൻ രാഷ്ട്രീയത്തിലിറങ്ങിയതിന്റെയും പ്രധാനമുന്നണികൾക്കെതിരെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന്റെയും പ്രതികാരമാണ് ഈ പരിശോധനകളെന്ന് സാബു ജേക്കബ് ആരോപിച്ചു.