19 April 2024 Friday

എന്ന് തീരും ഒറ്റമുറിയിലെ ഈ ദുരിതജീവിതം ഉമ്മറകോലായിൽ അടുപ്പുകൂട്ടി കഴിയുന്ന കിടപ്പു രോഗിയുടെ കുടുംബം ദുരിതത്തിൽ.

ckmnews

എന്ന് തീരും ഒറ്റമുറിയിലെ ഈ  ദുരിതജീവിതം 


ഉമ്മറകോലായിൽ അടുപ്പുകൂട്ടി കഴിയുന്ന കിടപ്പു രോഗിയുടെ കുടുംബം  ദുരിതത്തിൽ.

 

പെരുമ്പിലാവ് :നാലു സെൻ്റ് ഭൂമിയിലെ ഒറ്റമുറിയിൽ ജീവിതം തള്ളിനീക്കുകയാണ് പെരുമ്പിലാവ് പാതാക്കര സ്വദേശിനിയായ അമ്പത്തിരണ്ടുകാരി സുശീല.നാലു സെൻ്റ് ഭൂമിയിലെ ഒറ്റമുറിയിലെ ഉമ്മറകോലായിലാണ് ഇവർ നാലു വർഷത്തോളമായി അടുപ്പുകൂട്ടി കഴിയുന്നത്,കിടപ്പു  രോഗി കൂടിയായ അമ്പത്തിരണ്ടുകാരി പാതാക്കര മൂരായിൽ സുശീല.

2013 ൽ പെരുമ്പിലാവിൽ വെച്ചുണ്ടായ  ഓട്ടോ ഇടിച്ചുള്ള അപകടത്തിൽ തലക്ക് ഗുരുതരമായി  പരിക്കേൽക്കുകയും തുടർന്ന് ശരീരത്തിൻ്റെ ഒരു ഭാഗം തളരുകയും ചെയ്തു.ഇപ്പോഴും അമല  ആശുപത്രിയിലെ ഡോക്ടറുടെ ചികിത്സയിലുമാണിവർ വർഷങ്ങൾക്കു മുൻപ് ഭർത്താവ് ഉപേക്ഷിച്ചു പോയ സുശീലക്ക് രണ്ട് പെൺമക്കളാണ്. മൂത്ത മകൾ വിവാഹം കഴിച്ചു പോയെങ്കിലും ഇളയവൾ മജ്ജുളയും  ഇവരുടെ മകൾ നാലുവയസ്സുകാരി വൈഗയും സുശീലക്കൊപ്പം ഈ ഒറ്റമുറിക്കുള്ളിലാണ് താമസിക്കുന്നത്.പരസഹായമില്ലാതെ  സുശീലക്ക് എഴുന്നേറ്റ് നിൽക്കാനോ പ്രാഥമിക കർമ്മങ്ങൾ നിർവ്വഹിക്കാനോ കഴിയില്ല. പ്രാഥമിക കർമ്മങ്ങൾ നിർവ്വഹിക്കാനായി നിലവിലുള്ളതും  താത്ക്കാലികവുമായ  ശോചനീയമായ ശുചി മുറിയിൽ എത്താൻ സുശീല വളരെ പാടുപെടുകയാണ്. നാലു വർഷം ഇവർ വാടക വീട്ടിലായിരുന്നു താമസം തയ്യൽ തൊഴിൽ ചെയ്തിരുന്ന മകൾ  മജ്ജുളയുടെ ഏക വരുമാനം  കൊറോണ മൂലം നിലച്ചതോടെ സുശീലയുടെ ചികിത്സക്കും ദൈനം ദിന ചിലവുകൾക്കും ഇവർ പെടാപാടു പെടുകയാണ്.നാട്ടുകാരുടെയും സന്നദ്ധ സംഘടനായ അക്കിക്കാവ് സാന്ത്വനം പാലിയേറ്റീവ് കെയറിൻ്റെയും  സഹായത്തോടെയാണ് ഇവർ ഇപ്പോൾ കഴിയുന്നത്.

അപകടത്തെ തുടർന്നു ലഭിച്ച ഇൻഷുറൻസ് തുകയിൽ നിന്നുമുള്ള തുക കൊണ്ട് നാല് സെൻ്റ് ഭൂമി വാങ്ങിയ ഇവർ ഇപ്പോൾ ഒരു ഒറ്റമുറിയിൽ  ഷീറ്റും  ടാർപോളിനും കെട്ടി ദുരിതം പേറി ജീവിതം തള്ളിനീക്കുകയാണ്,


 ഉമ്മറത്തെ കോലായിൽ

 അടുപ്പുകൂട്ടിയാണ് ഇവർ

ഭക്ഷണം  പാകം ചെയ്യുന്നത്

 നാലു വർഷമായി  ഒറ്റമുറിയിൽ നിന്നുള്ള മോചനത്തിനായി ഇവർ മുട്ടാത്ത വാതിലുകളില്ല. ലൈഫ് പദ്ധതിയിലും ,  പഞ്ചായത്തിലും ,  നിരവധി സംഘടനകൾക്കും ഇവർ അപേക്ഷ നൽകി കാത്തിരിക്കുകയാണ്. സുശീലക്ക് ഡോക്ടർ മാർ തുടർ ചികിത്സ നിശ്ചയിച്ചിട്ടുണ്ടെങ്കിലും പണമില്ലാത്തതിനാൽ ചികിത്സയും മുടങ്ങി കിടക്കുകയാണ്. അക്കിക്കാവ് സാന്ത്വനം പാലിയേറ്റീവിൽ രജിസ്റ്റർ ചെയ്ത  രോഗി കൂടിയായ സുശീലയുടെ ദുരവസ്ഥ മനസിലാക്കി  കഴിഞ്ഞ ദിവസം സാന്ത്വനം സെക്രട്ടറി രാഘേഷ് പി രാഘവൻ്റെ നേതൃത്വത്തിൽ സാന്ത്വനം വളണ്ടിയർമാർ ഇവരുടെ ഒറ്റമുറി വീട് സന്ദർശിക്കുകയും ചെയ്തിരുന്നു.


 സർക്കാരോ  ഉദാരമതികളായ സംഘടനകളോ  ആരെങ്കിലും ഇവരെ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് സുശീലയും കുടുംബവും.