29 March 2024 Friday

എതിർപ്പുകൾക്കിടെ സംസ്ഥാനത്തെ സർവകലാശാലാ പരീക്ഷകൾക്ക് ഇന്ന് തുടക്കം; യാത്രയ്ക്ക് ഹാൾടിക്കറ്റ് മതി

ckmnews

എതിർപ്പുകൾക്കിടെ സംസ്ഥാനത്തെ സർവകലാശാലാ പരീക്ഷകൾക്ക് ഇന്ന് തുടക്കം; യാത്രയ്ക്ക് ഹാൾടിക്കറ്റ് മതി


തിരുവനന്തപുരം: വിദ്യാർഥികളുടെയടക്കം എതിർപ്പുകൾക്കിടെ സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലെ ബിരുദ-ബിരുദാനന്തര പരീക്ഷകൾ ഇന്നാരംഭിക്കും. കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലാണ് പരീക്ഷകൾക്ക് തുടക്കമാകുന്നത്. രോഗവ്യാപനം കൂടൂന്ന സമയത്ത് ഓഫ് ലൈൻ പരീക്ഷ നടത്തുമെന്നതിലടക്കം വിദ്യാർത്ഥികൾക്ക് വലിയ ആശങ്കയുണ്ട്. വാക്സീൻ എല്ലാവർക്കും ലഭിച്ചില്ലെന്ന കാര്യവും ഇവർ ചൂണ്ടികാണിക്കുന്നുണ്ട്. പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളടക്കം വിദ്യാർത്ഥികളുടെ ആശങ്ക ഏറ്റെടുത്ത് പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.


പരീക്ഷ മാറ്റി വയ്ക്കുന്നത് അക്കാദമിക് രംഗത്തെ പ്രതികൂലമായി ബാധിക്കുമെന്നും ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നുമുള്ള നിലപാടാണ് സർവകലാശാലകൾ അറിയിച്ചിട്ടുള്ളത്. സർവകലാശാലയുടെ അധികാര പരിധിക്ക് പുറത്തുള്ള കോളേജുകളിൽ 435 കുട്ടികൾക്ക് പരീക്ഷകന്ദ്രങ്ങൾ അനുവദിച്ചെന്ന് കേരള സർവ്വകലാശാല ചൂണ്ടികാട്ടിയിട്ടുണ്ട്. ബി എസ് സി, ബി കോം പരീക്ഷകൾ രാവിലെയും ബി എ പരീക്ഷകൾ ഉച്ചക്കുമാണ്. കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചായിരിക്കും പരീക്ഷകൾ നടക്കുകയെന്ന് സർവകലാശാലകൾ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ പരീക്ഷകൾ നടത്താൻ സംസ്ഥാന സർക്കാർ സർവകലാശാലകളോട് ആവശ്യപ്പെടുകയായിരുന്നു.


പരീക്ഷയ്ക്ക് പോകേണ്ട വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര സംബന്ധിച്ചുള്ള ആശങ്ക വേണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഹാള്‍ടിക്കറ്റ് കാണിച്ചാല്‍ യാത്ര ചെയ്യാന്‍ അനുമതിയുണ്ടാകുമെന്നാണ് ലോക്നാഥ് ബെഹ്റ അറിയിച്ചിട്ടുള്ളത്. പരീക്ഷയ്ക്ക് പോകുന്ന കുട്ടികള്‍ക്ക് യാത്ര ചെയ്യുന്നതിന് ഒരു വിധത്തിലും തടസ്സം ഉണ്ടായിരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ കേന്ദ്രത്തിലെത്താന്‍ വാഹനസൗകര്യമൊരുക്കുമെന്ന് ഡിവൈഎഫ്‌ഐയും അറിയിച്ചിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി എഎ റഹീമാണ് ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. പൊതുഗതാഗതം പൂര്‍ണമായി പുനസ്ഥാപിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് സൗകര്യമൊരുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.