24 April 2024 Wednesday

എംഎല്‍എ ഫണ്ട് ഉപയോഗിച്ച് പൊലീസ് സ്റ്റേഷന്‍ നിര്‍മ്മിച്ചു; ഉദ്ഘാടനത്തില്‍ നിന്ന് വിടി ബല്‍റാം പുറത്ത്

ckmnews

എംഎല്‍എ ഫണ്ട് ഉപയോഗിച്ച് പൊലീസ് സ്റ്റേഷന്‍ നിര്‍മ്മിച്ചു; ഉദ്ഘാടനത്തില്‍ നിന്ന് വിടി ബല്‍റാം പുറത്ത്


വിടി ബല്‍റാമിന്റെ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച തൃത്താല പോലീസ് സ്റ്റേഷന്റെ ഉദ്ഘാടനത്തിന് മുന്‍ എംഎല്‍എ ആയിരുന്ന വിടി ബല്‍റാമിന് ക്ഷണമില്ല. പൊലീസ് സ്റ്റേഷന്‍ നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ അനുവദിച്ച തുകയ്ക്ക് പുറമേ എംഎല്‍എ ഫണ്ട് കൂടി ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്. ശനിയാഴ്ച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന ചടങ്ങില്‍ നിന്നും വിടി ബല്‍റാമിനെ വിളിക്കാത്തതില്‍ പ്രാദേശിയ യുഡിഎഫ് നേതൃത്വത്തില്‍ നിന്നും പ്രതിഷേധം ശക്തമാവുകയാണ്.

2011 ല്‍ വി ടി ബല്‍റാം എംഎല്‍എ ആയ ശേഷമാണ് സ്റ്റേഷന്‍ കെട്ടിടം നിര്‍മ്മിക്കുന്നതിനാവശ്യമായ സ്ഥലം വകുപ്പിന് പതിച്ച് നല്‍കിയത്. ശേഷം അന്നത്തെ ആഭ്യമന്ത്രമന്ത്രിയായിരുന്നപ്പോള്‍ രമേശ് ചെന്നിത്തല കെട്ടിട നിര്‍മ്മാണത്തിന് അനുവദിച്ച 73.5 ലക്ഷം രൂപക്കൊപ്പം എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച 28.5 ലക്ഷം രൂപ കൂടി ഉപയോഗിച്ച് ആകെ 1 കോടി 02 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്.ശേഷം 2017 ഒക്ടോബര്‍ 5 ന് എംഎല്‍എയുടെ അധ്യക്ഷതയില്‍ മന്ത്രി എ കെ ബാലനായിരുന്നു കെട്ടിട നിര്‍മാണോല്‍ഘാടനം നടത്തിയത്. പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിന് എം എല്‍ എ ഫണ്ട് അനുവദിക്കുന്നത് സംസ്ഥാനത്ത് തന്നെ അപൂര്‍വ്വമാണെന്നത് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി എ കെ ബാലന്‍ സൂചിപ്പിച്ചിരുന്നു. തുടര്‍ന്ന് കെട്ടിടനിര്‍മ്മാണത്തിന്റെ അന്തിമഘട്ടത്തിലുണ്ടായ മഹാപ്രളയത്തേതുടര്‍ന്ന് പഴയ കെട്ടിടത്തിന്റെ അപകടകരമായ അവസ്ഥ കണക്കിലെടുത്ത് ബല്‍റാം തന്നെ മുന്‍കൈ എടുത്താണ് ഔപചാരിക ഉദ്ഘാടനത്തിന് കാത്തു നില്‍ക്കാതെ പുതിയ കെട്ടിടത്തിലേക്ക് പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം മാറ്റാന്‍ നിര്‍ദ്ദേശിച്ചത്. ഉദ്ദേശിച്ച നിര്‍മ്മാണ പ്രവര്‍ത്തനമെല്ലാം പൂര്‍ത്തീകരിച്ചപ്പോള്‍ എസ്റ്റിമേറ്റില്‍ നിന്നും ഏതാണ്ട് 12 ലക്ഷത്തോളം രൂപ ലാഭമുണ്ടായപ്പോള്‍ ആ തുക ഉപയോഗപ്പെടുത്തി കെട്ടിടത്തിന് പുതുതായി വിശാലമായ ഒരു ഹാള്‍ കൂടി അധികമായി പണിയുകയായിരുന്നു. എന്നിട്ടും വിടി ബര്‍റാമിനെ ഉദ്ഘാടനം അറിയിക്കുകയോ ചടങ്ങിന് ക്ഷണിക്കുകയോ ചെയ്യാത്തതിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്. എംഎല്‍എ ആയ ശേഷം എംബി രാജേഷ് മണ്ഡലത്തില്‍ ആദ്യമായി നടത്തുന്ന സര്‍ക്കാര്‍ പരിപാടി ഇത്തരത്തില്‍ നടത്തുന്നത് യാതൊരു ജനാധിപത്യ മര്യാദയും പാലിക്കാത്ത അല്‍പ്പത്തരമാണെന്ന് യുഡിഎഫ് വിമര്‍ശിച്ചു.എന്നാല്‍ തന്നെ ക്ഷണിക്കേണ്ടതുണ്ടോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സിപിഐഎം ആണെന്നും സംസ്‌കാരവും രാഷ്ട്രീയ മര്യാദയും സ്വീകരിക്കേണ്ടത് അവരാണെന്നുമായിരുന്നു ഇക്കാര്യത്തില്‍ വിടി ബല്‍റാം എംഎല്‍എയുടെ പ്രതികരണം.‘സംസ്‌കാരവും രാഷ്ട്രീയ മര്യാദയും സ്വീകരിക്കേണ്ടത് അവരാണ്. എന്നെ അറിയിച്ചില്ല. അങ്ങനെ അറിയിക്കണമെന്ന് അവര്‍ക്ക് ആഗ്രഹമുണ്ടാവില്ല. അത് അവരല്ലേ തീരുമാനിക്കേണ്ടത്. മാന്യതയുടെ രാഷ്ട്രീയം പറഞ്ഞ് നടക്കുന്ന ആളുകള്‍. വിളിക്കാതെ പോകുന്നില്ല. ഫോണില്‍ പോലും സന്ദേശം ഇല്ല. അറിഞ്ഞാലല്ലേ അടുത്ത നീക്കത്തെ കുറിച്ച ആലോചക്കേണ്ടതുള്ളൂ.’ വിടി ബല്‍റാം പറഞ്ഞു.