19 April 2024 Friday

കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ഒളിച്ചോടി; യുവതിയും സഹോദരീ ഭർത്താവും അറസ്റ്റിൽ

ckmnews

കൊല്ലം∙ കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് സഹോദരീ ഭർത്താവിനൊടൊപ്പം ഒളിച്ചോടിയ യുവതിയും സഹോദരി ഭർത്താവും അറസ്റ്റിൽ. തമിഴ്നാട്ടിലെ മധുരയിൽനിന്നു പ്രതികളെ കൊല്ലം ഇരവിപുരം പൊലീസാണ് പിടികൂടിയത്. മുണ്ടയ്ക്കൽ തെക്കേവിള ആദിക്കാട് ക്ഷേത്രത്തിന് പിറകിൽ ലക്ഷ്മി നിവാസിൽ താമസിക്കുന്ന 28 വയസുള്ള ഐശ്വര്യ, ഇവരുടെ സഹോദരീ ഭർത്താവ് ചാല രേവതിയിൽ വാടകയ്ക്ക് താമസിക്കുന്ന സൻജിത് എന്നിവരെയാണ് ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നതിങ്ങനെ– മാടൻനടയ്ക്കടുത്തുള്ള ഭർതൃഗൃഹത്തിൽനിന്ന് കഴിഞ്ഞ 22-ാം തീയതി കൊല്ലം വിഷ്ണത്തുകാവിലുള്ള ഭർത്താവിന്റെ ബന്ധുവിന്റെ വീട്ടിലാണ് ഐശ്വര്യ ആദ്യം എത്തിയത്. ഇവിടെനിന്ന് കാമുകനും സഹോദരി ഭർത്താവുമായ സൻജിത്തുമായി മുങ്ങുകയായിരുന്നു. ഐശ്വര്യയെ കാണാതായതിനെ തുടർന്ന് ഭർത്താവ് ഇരവിപുരം പൊലീസ് സ്റ്റേഷനിലും ബന്ധുക്കൾ കൊല്ലം വെസ്റ്റ് പൊലീസിലും പരാതി നൽകി.തുടർന്ന് വെസ്റ്റ് പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇവർ പേരു മാറ്റി ട്രെയിനിൽ മധുരയിലേക്ക് യാത്ര ചെയ്യുന്നതായി വിവരം ലഭിച്ചു. രാത്രിയിൽ റെയിൽവെ പൊലീസിൽനിന്നാണ് വെസ്റ്റ് പൊലീസിനു വിവരം ലഭിച്ചത്. റെയിൽവെ പൊലീസിൽനിന്നും ലഭിച്ച ഫോട്ടോ കണ്ട് പൊലീസ് ഇവരെ തിരിച്ചറിഞ്ഞു. കൊല്ലം എസിപിയുടെ നിർദേശപ്രകാരം വെസ്റ്റ് പൊലീസ് മധുരയിലെത്തി. രണ്ടു പേരെയും കസ്റ്റഡിയിലെടുത്തു.

പിന്നീട് ഇരവിപുരം പൊലീസിന് കൈമാറി. സൻജിത്തിന് രണ്ടു കുട്ടികളും ഐശ്വര്യയ്ക്ക് ഒരു കുട്ടിയുമുണ്ട്. കുട്ടികളെ ഉപേക്ഷിച്ച് കടന്നതിനാണ് രണ്ടു പേർക്കും എതിരെ കേസേടുത്തത്. തിരുവനന്തപുരം തൈക്കാട് സ്വദേശിയായ ഐശ്വര്യയെ ആട്ടക്കുളങ്ങര വനിതാ ജയിലിലും സൻജിത്തിനെ കൊട്ടാരക്കര സബ് ജയിലിലുമായി റിമാൻഡ് ചെയ്തു.