20 April 2024 Saturday

വിവാഹമോചനം നല്‍കാതെ ഭര്‍ത്താവ് പുനര്‍വിവാഹിതനായി; ദേശീയപാത ഉപരോധിച്ച് യുവതി

ckmnews

ഭര്‍ത്താവിന്‍റെ രണ്ടാം വിവാഹത്തില്‍ പ്രതിഷേധിച്ച് ദേശീയപാത ഉപരോധിച്ച് വനിത. ജാര്‍ഖണ്ഡിലെ ധന്‍ബാദിലാണ് സംഭവം. ഗാര്‍ഹിക പീഡനത്തിനും തനിക്ക് വിവാഹമോചനം നല്‍കാതെ ഭര്‍ത്താവ് രണ്ടാമത് വിവാഹം ചെയ്യുന്നുവെന്നും പൊലീസില്‍ പരാതിയുമായി സമീപിച്ച് നടപടിയുണ്ടാവാതെ വന്നതോടെയാണ് ജാര്‍ഖണ്ഡ് സ്വദേശിയായ പുഷ്പ ദേവിയും ബന്ധുക്കളും ദേശീയപാത ഉപരോധിച്ചത്.

വിവാഹത്തിന് പിന്നാലെ ഭര്‍ത്താവ് ഉമേഷ് യാദവ് പുഷ്പയെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നു. ഇതിന് പിന്നാലെ ഉമേഷ് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യുകയും ചെയ്തു. ഇതോടെയാണ് പുഷ്പ ദേവി പൊലീസ് സഹായം തേടിയത്. പരാതിയുമായി ജാര്‍ഖണ്ഡിലെ നിര്‍സ പൊലീസ് സ്റ്റേഷനില്‍ നിരവധി തവണ എത്തിയെങ്കിലും പൊലീസ് പരാതി കേള്‍ക്കാന്‍ പോലും തയ്യാറായില്ലെന്നാണ് പുഷ്പ ദേവി ആരോപിക്കുന്നത്. ഉന്നത അധികാരികളെ ഹിന്ദു വിവാഹ നിയമം ചൂണ്ടിക്കാണിച്ച് സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് പുഷ്പ ദേവിയും കുടുംബവും കടുത്ത നടപടികളിലേക്ക് കടന്നത്.

ജാര്‍ഖണ്ഡ് മഹിളാ സമിതിക്കും കുടുംബത്തിനും ഒന്നിച്ചാണ് പുഷ്പ ദേവി റോഡ് ഉപരോധിച്ചത്. ജിടി റോഡില്‍ നടത്തിയ പ്രതിഷേധം തിരക്കേറിയ ദില്ലി ഹൌറ ദേശീയപാതയില്‍ വരെ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കിന് കാരണമാവുകയായിരുന്നു. പശ്ചിമ ബംഗാളിലേക്ക് പോവുകയായിരുന്നു നിരവധി ട്രക്കുകള്‍ അടക്കമുള്ളവയാണ് ഗതാഗതക്കുരുക്കില്‍ കുടുങ്ങിയത്. ഇതോടെ സംഭവത്തില്‍ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടായി. പുഷ്പയുടെ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിക്കാന്‍ ഉപരോധത്തിന് പിന്നാലെ തീരുമാനമായി.