19 April 2024 Friday

മുട്ടകള്‍ എടുക്കാന്‍ ശ്രമം; മുഖത്തേക്ക് ആഞ്ഞു കൊത്തി പെരുമ്പാമ്പ് ; ഞെട്ടിക്കുന്ന വീഡിയോ

ckmnews


മുട്ടയിട്ടിരിക്കുന്ന പെരുമ്പാമ്പാണ് ഇത്തവണ ജെയ് ബ്രൂവറെ ആക്രമിച്ചത്. പാമ്പിന്റെ മുട്ടകൾ സുരക്ഷിതമായി ഇൻക്യുബേറ്ററിൽ വച്ചു വിരിയിക്കാനായാണ് ജെയ് എടുത്തത്. മുട്ടകൾ കെകൊണ്ട് എടുത്തതും പാമ്പ് മുഖത്തേക്ക് ആഞ്ഞ് കൊത്തിയതും ഒരുമിച്ചായിരുന്നു.
പാമ്പുകളെ പരിചരിക്കുകയെന്നത് അൽപം അപകടം പിടിച്ച ജോലിയാണ്. ആ ജോലി ഏറെ ഇഷ്ടത്തോടെ ഏറ്റെടുത്തയാളാണ് ജെയ് ബ്രൂവെർ. കലിഫോർണിയയിലെ റെപ്‌ടൈൽ സൂവിന്റെ സ്ഥാപകനാണ് ജെയ്. പാമ്പുകളോടുള്ള ഇഷ്ടം കൊണ്ടാണ് ഇവയ്ക്കായി ഒരു സൂ തന്നെ ജെയ് ഒരുക്കിയത്. പാമ്പുകൾ മാത്രമല്ല മറ്റ് ഉരഗവർഗത്തിലുള്ള ജീവികളും ഈ മൃഗശാലയിലുണ്ട്. ഉടുമ്പുകളെയും പാമ്പുകളെയും മുതലകളെയുമൊക്കെ പരിചരിക്കുന്ന വിഡിയോകളും സ്ഥിരമായി ജെയ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.
കൂറ്റൻ പെരുമ്പാമ്പാണ് ജെയ് ബ്രൂവെറുടെ മുഖം ലക്ഷ്യമാക്കി ആക്രമിച്ചത്. മാസങ്ങൾക്ക് മുൻപ് മറ്ററൊരു പാമ്പും ജെയ് ബ്രൂവറെ ഇതേ പോല പരിചരിക്കുന്നതിനിടയിൽ ആക്രമിച്ചിരുന്നു. അന്ന് തക്കസമയത്ത് ഒഴിഞ്ഞു മാറിയതിനാലാണ് അപകടത്തിൽ നിന്നു ജെയ് രക്ഷപെട്ടിരുന്നു. എന്നാൽ ഇത്തവണ പാമ്പിന്റെ ആക്രമണത്തിൽ നിന്ന് രക്ഷപെടാനായില്ല. ജെയ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച ഈ വിഡിയോ ഒന്നര ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ കണ്ടത്.