25 April 2024 Thursday

മാസാമാസം ശമ്പളം മുടങ്ങാതെ കിട്ടുന്നതുകൊണ്ട് നിങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാവില്ല, എന്നാൽ ഞങ്ങളുടെ കാര്യം അങ്ങനെയല്ല - പൊട്ടിത്തെറിച്ച് മണികണ്ഠൻ

ckmnews

മാസാമാസം ശമ്പളം മുടങ്ങാതെ കിട്ടുന്നതുകൊണ്ട് നിങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാവില്ല, എന്നാൽ ഞങ്ങളുടെ കാര്യം അങ്ങനെയല്ല - പൊട്ടിത്തെറിച്ച് മണികണ്ഠൻ


പ്രേക്ഷകർക്ക് സുപരിചിതനായ അഭിനേതാവാണ് മണി കണ്ഠൻ. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരേ പോലെ സജീവമാണ് ഇദ്ദേഹം. ഇപ്പോഴിതാ തൻറെ അടുക്കൽ നിന്ന് പിഴ ഈടാക്കിയ സംഭവത്തെക്കുറിച്ച് വിശദീകരിക്കുകയാണ് താരം. എൻ.95 മാസ്ക് ഇല്ല എന്ന കാരണത്താൽ ആണ് പിഴ ഈടാക്കിയത് എന്ന് വിശദീകരിക്കുന്നു താരം. താരത്തിൻറെ വാക്കുകളിലൂടെ.



സത്യ വാങ് മൂലം എഴുതി കയ്യിൽ വച്ചില്ല എന്നതിൻറെ പേരിൽ കഴിഞ്ഞ ദിവസം പൊലീസ് തടഞ്ഞു. തെറ്റ് ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടണം യാതൊരു തർക്കവുമില്ല. വീടിൻറെ അടുത്തുള്ള കടയിലേക്ക് പച്ചക്കറി വാങ്ങാൻ പോയതാണ്. തൊട്ടടുത്ത് ആയതു കൊണ്ട് സത്യ വാങ് മൂലം കരുതണം എന്നുള്ളത് ബുദ്ധിയിൽ തെളിയാതെ പോയി. മുഖ്യ മന്ത്രി എന്നുമുള്ള വാർത്താ സമ്മേളനത്തിൽ തൊണ്ട കീറി പറയുന്നത് നിങ്ങൾക്ക് വേണ്ടി ആണെന്ന് പറഞ്ഞ് പോലീസു കാരൻ കണ്ണുരുട്ടി. അദ്ദേഹം തൊണ്ട കീറി ഒന്നുമല്ല ശാന്തനായിട്ടാണ് പറയുന്നത് എന്ന് എനിക്കറിയാം.



അപ്പോഴാണ് അതി വിചിത്രമായ മറ്റൊരു കാര്യം പറയുന്നത്. ഡബിൾ മാസ്ക് വേണ്ടതാണ് പുറത്തിറങ്ങുമ്പോൾ എന്ന് പോലീസുകാരൻ. വെച്ചിരിക്കുന്നത് എൻ 95 മാസ്ക് ആണല്ലോ എന്ന് ഞാൻ. അതിൽ എഴുത്തു മാത്രമേ ഉള്ളൂ അതല്ല ഒറിജിനൽ എന്നയാൾ. മാസ്കിൽ ഞാൻ എഴുതിയതല്ലല്ലോ, എനിക്ക് ആണെങ്കിൽ അത് ഉണ്ടാക്കുന്ന വിധവും അറിഞ്ഞു കൂടാ. ഇങ്ങനെ ശൂന്യനായി പ്രതികരിക്കുന്ന ഒരു മനുഷ്യനോട് സംസാരത്തിന് പോകരുത് എന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. പിഴപ്പണം ആയ 500 രൂപയും കൊടുത്തു തിരിച്ചു പോന്നു. അയൽക്കാരനായ ഒരാളുടെ കയ്യിൽ സത്യാ വാങ് മൂലം ഉണ്ടായിട്ടും പിഴയടപ്പിച്ചു എന്നറിഞ്ഞു. അതിൽ ഫോൺ നമ്പർ എഴുതാത്തതിനാൽ ആണത്രേ അങ്ങനെ ചെയ്തത്.



പാവം മനുഷ്യരോട് ഇങ്ങനെ കരുണ ഇല്ലാതെ പെരുമാറുന്നതിലൂടെ ഇവർക്ക് എന്ത് ആനന്ദമാണ് ലഭിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. നല്ലതിനുവേണ്ടി മാത്രം പറയുന്ന കാര്യങ്ങളെ ഇങ്ങനെ കീഴ്മേൽ മറിച്ചു കൊണ്ട് നടപ്പിലാക്കുന്ന ഉദ്യോഗസ്ഥരെ ഒക്കെ നിയന്ത്രിക്കാൻ ആരു വരുമെന്ന് വേണം നമ്മൾ വിചാരിക്കാൻ. നിരന്തരമായി ജനങ്ങളുമായി ഇടപെടുന്ന സർക്കാർ ഉദ്യോഗസ്ഥർ ഇങ്ങനെ അഹന്തയോടെ, മനുഷ്യത്വമില്ലായ്മയൊടെ പെരുമാറുന്നത് ദുരിത കാലത്ത് ഒട്ടും സഹിക്കാൻ കഴിയുന്നില്ല. സർ, മാസാ മാസം മുടങ്ങാതെ സർക്കാർ തരുന്ന ശമ്പളം ഉള്ളതു കൊണ്ട് നിങ്ങളുടെ ജീവിതം ഭദ്രമാണ്. ആശങ്കപ്പെടേണ്ട കാര്യമില്ല. എന്നാൽ ആ സുരക്ഷിതത്വബോധം ഒരു സാധുവിനെ അധിക്ഷേപിക്കാനുള്ള അധികാരത്തിൻ്റെ സപ്പോർട്ട് ആയി ദയവു ചെയ്ത് കണക്കാക്കരുത്. താരം പറഞ്ഞു.