29 March 2024 Friday

വീട്ടമ്മയെ കത്തിച്ചു കൊന്ന കേസിൽ സഹോദരീപുത്രൻ അറസ്റ്റിൽ

ckmnews

വീട്ടമ്മയെ കത്തിച്ചു കൊന്ന കേസിൽ സഹോദരീപുത്രൻ അറസ്റ്റിൽ


കൊല സ്വത്ത് തട്ടിയെടുക്കാൻ

അവിവാഹിതയായ സരോജിനിക്ക് 2 ഏക്കർ സ്ഥലം അടക്കം 6 കോടി രൂപയുടെ സ്വത്തുണ്ടെന്ന് പൊലീസ്


ഇടുക്കി: വീട്ടിൽ ഉറങ്ങിക്കിടന്ന 75കാരിയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു കൊന്ന കേസിൽ സഹോദരീപുത്രൻ അറസ്റ്റിൽ. മുട്ടം തോട്ടുങ്കര ഊളാനിയിൽ സരോജിനി (75)യാണ് കൊല്ലപ്പെട്ടത്. വെള്ളത്തൂവൽ വരകിൽ വീട്ടിൽ സുനിൽകുമാർ (52) ആണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ മാർച്ച് 31 ന് രാത്രിയാണ് സംഭവം.




ആറു വർഷമായി സരോജിനിയുടെ വീട്ടിൽ സഹായിയായി താമസിക്കുകയായിരുന്നു സുനിൽ. അവിവാഹിതയായ സരോജിനിക്ക് 2 ഏക്കർ സ്ഥലം അടക്കം 6 കോടി രൂപയുടെ സ്വത്തുണ്ടെന്ന് പൊലീസ് പറഞ്ഞു. സ്വത്തിന് വേണ്ടിയാണ് കൊല നടത്തിയതെന്നാണ് പൊലീസ് നൽകുന്ന സൂചന. മൂന്നു വർഷം തൊടുപുഴ താലൂക്ക് ഓഫീസിലെത്തി സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സരോജിനിക്ക് തന്നെയാണെന്ന് സുനിൽ ഉറപ്പുവരുത്തിയിരുന്നു.


സ്വത്തുക്കൾ തനിക്ക് നൽകാമെന്ന് സരോജനി പറഞ്ഞിരുന്നതായി സുനിൽ പൊലീസിനോട് പറഞ്ഞു. എന്നാൽ രണ്ട് സഹോദരിമാരുടെയും ഒൻപത് മക്കളുടെയും പേരിൽ സ്വത്ത് വീതം വച്ചു നൽകിയതാണ് പ്രതിക്ക് വൈരാഗ്യത്തിന് കാരണമായതെന്നും കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു.


റേഷൻകടയിൽ നിന്നു പല തവണയായി മണ്ണെണ്ണ വാങ്ങി സുനിൽ രഹസ്യമായി സൂക്ഷിച്ചു. രാത്രി ഒന്നരയോടെ ഉറങ്ങിക്കിടന്ന സരോജിനിയെ മണ്ണെണ്ണയൊഴിച്ചു കത്തിച്ചു കൊല ചെയ്യുകയായിരുന്നു. മൃതദേഹം അടുക്കളയിലെത്തിച്ച് പാചകവാതകം തുറന്നുവിട്ട് തീ കൊളുത്തി. പുലർച്ചെ മൂന്നോടെ അടുക്കളയിൽ എത്തിയ സരോജിനി പാചകവാതകം ചോർന്നു വെന്തുമരിച്ചതായി പൊലീസിന് മൊഴി നൽകി.


കിടപ്പുമുറിയിൽ ചൂടു കൂടുതലായതിനാൽ അടുക്കളയുടെ സമീപമാണ് സരോജിനി കിടന്നിരുന്നതെന്ന സുനിലിന്റെ മൊഴിയാണ് പൊലീസിന് സംശയമായത്. വീട്ടിൽ പൊലീസ് രാത്രി പരിശോധന നടത്തി. സരോജിനി മരിച്ചുകിടന്ന മുറിയിലാണ് ചൂടു കൂടുതൽ എന്നു കണ്ടെത്തി. സരോജിനിയുടെ മൊബൈൽ ഫോൺ, താക്കോൽ, ടോർച്ച് എന്നിവ കിടപ്പു മുറിയിൽ കണ്ടതും പൊലീസിന് സംശയത്തിനു കാരണമായി.



പാചകവാതകം മിതമായി മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ എന്ന് ഇന്ത്യൻ ഓയിൽ കോർപറേഷനിലെ വിദഗ്ധരുടെ സഹായത്തോടെ കണ്ടെത്തി. ഇതോടെ സുനിൽ കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതിയെ പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും. തൊടുപുഴ ഡിവൈ എസ് പി സി. രാജപ്പൻ, മുട്ടം എസ്എച്ച്ഒ വി. ശിവകുമാർ, എസ്‌ഐ മുഹമ്മദ് ബഷീർ, അനിൽകുമാർ, എഎസ്‌ഐ ജയചന്ദ്രൻ, അബ്ദുൽ കാദർ, സിപിഒ കെ.യു. റഷീദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിച്ചത്