28 March 2024 Thursday

വാദ്യ കലകളുടെ നാല് നൂറ്റാണ്ട്:സോപാനം സ്കൂള്‍ വിവര ശേഖരണം അവസാന ഘട്ടത്തിലേക്ക്

ckmnews

വാദ്യ കലകളുടെ നാല് നൂറ്റാണ്ട്:സോപാനം സ്കൂള്‍ വിവര ശേഖരണം അവസാന ഘട്ടത്തിലേക്ക്


ചങ്ങരംകുളം:കേരളീയ വാദ്യകലകളുടെ നാലുനൂറ്റാണ്ടുകള്‍ രേഖപ്പെടുത്താനുളളസോപാനം സ്കൂള്‍ ഓഫ് പഞ്ചവാദ്യത്തിന്‍റെ നേതൃത്വത്തിൽ നടക്കുന്ന വിവര ശേഖരണം അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു.ഇതുവരെ 7000 കലാകാരന്മാരുടെ വിവരശേഖരണം നടത്തി.ഷഡ്കാല ഗോവിന്ദമാരാർ അടക്കമുള്ളവരുടെ കാലഘട്ടം മുതല്‍ ഇന്നത്തെ ഇളം തലമുറയെ വരെ ഉള്‍പ്പെടുത്തി, കേരളീയ വാദ്യകലകളുടെ ചരിത്രത്തെ അനാവരണം ചെയുകയെന്ന മഹാദൗത്യമാണ് ഇതിലൂടെ സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം ലക്ഷ്യമിടുന്നത്.കേരളീയ വാദ്യകലകളായ ചെണ്ട, തിമില, മദ്ദളം, ഇടയ്ക്ക, കൊമ്പ്, ഇലത്താളം,കുറുങ്കുഴല്‍,  എന്നിവയെക്കുറിച്ചറിയാനും  ഗവേഷണം നടത്താനുമുതകുന്ന അതിബൃഹത്തായ ഗ്രന്ഥമാണ് അണിയറയിലൊരുങ്ങുന്നത്.കലാസപര്യകള്‍ക്കു വേണ്ടി ജീവന്‍ നല്‍കിയ മഹാരഥന്‍മാരുടെ ജീവിത ചരിത്രത്തോടൊപ്പം വാദ്യകലകളുടെ ഒരു നേര്‍ക്കാഴച കൂടിയാവും ഈ ഗ്രന്ഥമെന്ന് സംഘാടകന്‍ കൂടിയായ ആലംകോട് സന്തോഷ് പറഞ്ഞു.പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാര്‍,കരിയന്നൂര്‍ നാരായണന്‍ നമ്പൂതിരി, ആലങ്കോട് ലീലാകൃഷ്ണന്‍,പ്രകാശ് മഞ്ഞപ്ര,സന്തോഷ് ആലങ്കോട്, കുറുങ്ങാട്ട് വാസുദേവന്‍ നമ്പൂതിരി, ഉണ്ണി ശുകപുരം .തുടങ്ങിയവയവരാണ് ഈ ചരിത്രദൗത്യത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഇതിന് പുറമേ കല,സാഹിത്യം, ചരിത്രം തുടങ്ങി  വിവിധ മേഖലകളിൽ നിന്നുള്ള പണ്ഡിതന്മാരുടെ സേവനവും ഈ ഗ്രന്ഥ രചനയിൽ ഉപയോഗപെടുത്തുന്നതാണ്. ഈ മഹാപ്രവര്‍ത്തനം വിജയപ്രദമാക്കാന്‍ വാദ്യകലാരംഗത്തുളള കേരളത്തിലെ മുഴുവന്‍ പേരുടെയും സഹകരണം അനിവാര്യമാണെന്നും കലാകാരന്‍മാരുടെ വിവരങ്ങളും ഫോണ്‍ നമ്പറുമടക്കമുളളവയും ഇതുമായി ബന്ധപ്പെട്ട രേഖകളുളളവര്‍ അതും നല്‍കി സോപാനത്തിന്‍റെ ഈ ദൗത്യം പൂര്‍ണവിജയത്തിലെത്തിക്കാന്‍ സഹകരിക്കണമെന്നും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.വിവരങ്ങൾ അയക്കാൻ : 8086351794 (വാട്സാപ്)

Email : sopanamschool@gmail.com