20 April 2024 Saturday

‘താൻ കൊല്ലപ്പെട്ടേക്കാമെന്ന് വിസ്മയ പറഞ്ഞു; മൊബൈൽ പൊട്ടിച്ചത് തെളിവ് നശിപ്പിക്കാൻ?’

ckmnews

‘താൻ കൊല്ലപ്പെട്ടേക്കാമെന്ന് വിസ്മയ പറഞ്ഞു; മൊബൈൽ പൊട്ടിച്ചത് തെളിവ് നശിപ്പിക്കാൻ?’


കൊല്ലം∙ വിസ്മയയുടെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമെന്നും ആവർത്തിച്ചു പറഞ്ഞ് സഹോദരനും പിതാവും. തൂങ്ങിമരിച്ചതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും ബന്ധുക്കൾ അത് അംഗീകരിക്കുന്നില്ല. വിസ്മയ ഭർത്താവിന്റെ കണ്ണുവെട്ടിച്ച് വീട്ടിലേക്ക് വരാനുള്ള ശ്രമത്തിലായിരുന്നെന്ന് ഒരു സുഹൃത്തിനോട് പറഞ്ഞിരുന്നെന്ന് ബന്ധുക്കൾ പറയുന്നു.


താൻ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്നും വിസ്മയ പറഞ്ഞതായി ഈ സുഹൃത്ത് ബന്ധുക്കളെ അറിയിച്ചു. വീട്ടിലേക്ക് രക്ഷപ്പെടാൻ അവസരം കാത്തിരുന്ന മകൾ ആത്മഹത്യ ചെയ്തെന്നു പറഞ്ഞാൽ അത് വിശ്വസിക്കാനാകില്ലെന്ന് പിതാവ് ത്രിവിക്രമൻ നായർ പറയുന്നു. തൂങ്ങിമരണത്തിന്റെ ലക്ഷണങ്ങൾ ശരീരത്തിലില്ല. കഴുത്തിലെ പാട് കണ്ടാൽ തൂങ്ങി മരിച്ചതാണെന്നു തോന്നില്ല.


വിസ്മയയുടെ മൊബൈൽ ഫോൺ പൊട്ടിച്ചത് തെളിവ് നശിപ്പിക്കാനാണെന്നും അവർ ആരോപിക്കുന്നു. മരണത്തിന്റെ തലേ  രാത്രിയും, പരീക്ഷ എഴുതാൻ ഭർത്താവ് അനുവദിക്കാത്തതിന്റെ വിഷമമാണ് വിസ്മയ അമ്മയോടു പറഞ്ഞത്. പരീക്ഷാ ഫീസ് അടയ്ക്കാൻ പണം അയച്ചുതരണമെന്നും അമ്മയോടു പറഞ്ഞിരുന്നു.



സഹോദരി സ്ത്രീധനത്തിന്റെ പേരിൽ പീഡനം അനുഭവിക്കുന്ന സമയത്താണ് താൻ വിവാഹം കഴിക്കുന്നതെന്നും അതുകൊണ്ടുതന്നെ സ്ത്രീധനം വേണ്ടെന്ന് നിബന്ധന വച്ചിരുന്നെന്നും വിസ്മയയുടെ സഹോദരൻ വിജിത് വി.നായർ വ്യക്തമാക്കി. വിസ്മയയുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ സ്ത്രീധന സമ്പ്രദായം ഇല്ലാതാക്കാൻ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നും വിജിത് പറഞ്ഞു.


സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെട്ടിട്ടും മകളെ വീണ്ടും ഭർതൃവീട്ടിലേക്കു പറഞ്ഞുവിട്ട രക്ഷിതാക്കളാണ് മരണത്തിന് ഉത്തരവാദി എന്ന്് ചിലർ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും വിമർശിക്കുന്നുണ്ട്. അതു പൂർണമായും തെറ്റാണ്. കുടുംബാംഗങ്ങൾക്കു ദുഃഖമുണ്ടാക്കുന്നതാണ്. വിസ്മയയ്ക്ക് വിവാഹമോചനം നേടാനാണ് ഞങ്ങൾ ശ്രമിച്ചത്. സ്വന്തം വീട്ടിൽനിന്നു പരീക്ഷ എഴുതാൻ കോളജിൽ പോയ വിസ്മയയെ കിരൺ എത്തി കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.


ഇനി ഉപദ്രവിക്കില്ലെന്ന് വാക്കുപറഞ്ഞാണ് അയാൾ കൊണ്ടുപോയത്. അവിടേക്കു പോകുന്നതിൽ ഞങ്ങൾക്ക് എതിർപ്പായിരുന്നു. അച്ഛനും സഹോദരനുമായി സംസാരിക്കാതിരിക്കാൻ വേണ്ടി വിസ്മയയുടെ ഫോണിൽ ആ നമ്പരുകൾ കിരൺ ബ്ലോക്ക് ചെയ്തെന്നും വിജിത് ആരോപിച്ചു.