25 April 2024 Thursday

അവൾ ആത്മഹത്യ ചെയ്യില്ല, അവൻ ഡീസൽ വാങ്ങി വച്ചതെന്തിന്?', അർച്ചനയുടെ അച്ഛൻ

ckmnews

അവൾ ആത്മഹത്യ ചെയ്യില്ല, അവൻ ഡീസൽ വാങ്ങി വച്ചതെന്തിന്?', അർച്ചനയുടെ അച്ഛൻ


തിരുവനന്തപുരം:വിഴിഞ്ഞം പയറ്റുവിളയിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയ അർച്ചന ആത്മഹത്യ ചെയ്യില്ലെന്ന് അച്ഛൻ. മകളുടെ ഭർത്താവ് സുരേഷ് തലേദിവസം വീട്ടിൽ ഡീസൽ വാങ്ങിക്കൊണ്ട് വന്നതിൽ ദുരൂഹതയുണ്ട്. ഉറുമ്പ് ശല്യം ഒഴിവാക്കാനാണ് എന്ന് പറഞ്ഞാണ് സുരേഷ് ഡീസൽ വാങ്ങി വച്ചതെന്നും അ‍ർച്ചനയുടെ അച്ഛൻ പറയുന്നു. മകളുടേത് പ്രണയവിവാഹമായിരുന്നു. അർച്ചനയും ഭർത്താവ് സുരേഷും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. സുരേഷിന്‍റെ അച്ഛൻ തന്നോട് 3 ലക്ഷം രൂപ ചോദിച്ചിരുന്നു. പലതും മകൾ തന്നോടോ വീട്ടുകാരോടോ പറയാതെ ഒളിച്ചുവയ്ക്കാറായിരുന്നുവെന്നും, താൻ പലപ്പോഴും വീട്ടിലെത്തിയാൽ മകൾ കരഞ്ഞുകൊണ്ടിരിക്കുന്നതാണ് കാണാറെന്നും, അച്ഛൻ മാധ്യമങ്ങളോട് പറയുന്നു. 



ഡീസലൊഴിച്ച് തീ കൊളുത്തി പൊള്ളലേറ്റ നിലയിലാണ് അർച്ചനയെ കണ്ടെത്തിയത്. വീട്ടിൽവച്ച് തന്നെ അർച്ചന മരിച്ചിരുന്നു. തൊട്ടടുത്ത ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു. അവിടെ നിന്ന് മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്‍മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. 


കഴിഞ്ഞ വർഷം മെയ് മാസത്തിലായിരുന്നു സുരേഷിന്‍റെയും അർച്ചനയുടെയും വിവാഹം. ഇരുവരുടേതും പ്രണയവിവാഹമായിരുന്നു. സുരേഷിനൊപ്പം ഇറങ്ങിപ്പോവുകയായിരുന്നു അർച്ചന. പിന്നീട് വീട്ടുകാർ ഇടപെട്ട് വിവാഹം നടത്തിക്കൊടുത്തു. വിവാഹശേഷം പല തവണ സുരേഷും അർച്ചനയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. പലതും അർച്ചന വീട്ടിൽ പറയുമായിരുന്നില്ല. നഴ്സിംഗ് കോഴ്സ് പാസ്സായ അർച്ചനയെ റജിസ്റ്റർ ചെയ്യാനോ ജോലി ചെയ്യാൻ വിടാനോ സുരേഷ് തയ്യാറായിരുന്നില്ല. പലപ്പോഴും പ്രശ്നങ്ങളുണ്ടെന്നറിഞ്ഞ് താനവിടെ ചെല്ലുമ്പോൾ അർച്ചന കരഞ്ഞു കൊണ്ടിരിക്കുന്നതാണ് കാണാറ്. പ്രശ്നങ്ങളെല്ലാം താൻ തന്നെ പരിഹരിച്ചോളാമെന്ന് അർച്ചന അപ്പോഴെല്ലാം പറയുമെന്നും അർച്ചനയുടെ അച്ഛൻ പറയുന്നു. 


അർച്ചന മരിക്കുന്നതിന് തലേന്ന് സുരേഷിന്‍റെ അച്ഛൻ വീട്ടിൽ വന്നിരുന്നുവെന്നാണ് അർച്ചനയുടെ അച്ഛൻ പറയുന്നത്. സുരേഷിന്‍റെ സഹോദരന് വസ്തു വാങ്ങാൻ 3 ലക്ഷം രൂപ ചോദിച്ചു. എന്നാൽ അത്രയും പണം അപ്പോൾ തന്‍റെ പക്കലുണ്ടായിരുന്നില്ല. സുരേഷും അർച്ചനയും തലേന്ന് വീട്ടിലേക്ക് വന്നിരുന്നു. അന്ന് സുരേഷ് വീട്ടിലേക്ക് ഡീസൽ വാങ്ങി കൊണ്ടുവയ്ക്കുന്നതെന്തിനെന്ന് താൻ ചോദിച്ചതാണ്. ഉറുമ്പുശല്യം ഒഴിവാക്കാനാണെന്നാണ് സുരേഷ് അപ്പോൾ പറഞ്ഞതെന്നും അർച്ചനയുടെ അച്ഛൻ പറയുന്നു. മകൾ ആത്മഹത്യ ചെയ്യില്ലെന്നും, കൊന്നതാണെന്നും അർച്ചനയുടെ അച്ഛൻ ആവർത്തിക്കുന്നു. 


ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. വിഴിഞ്ഞം പയറ്റുവിളയിലെ വാടകവീട്ടിൽ വച്ചാണ് അർച്ചനയെ തീ കൊളുത്തിയ നിലയിൽ കണ്ടെത്തിയത്. സംഭവമറിഞ്ഞ് പൊലീസെത്തിയപ്പോൾ ഭർത്താവ് സുരേഷ് ഓടി രക്ഷപ്പെട്ടു. 


ഇയാളെ പിന്നീട് ഇന്ന് രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിലവിൽ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.