25 April 2024 Thursday

ഒടുവില്‍ കിരണിന്‍റെ തൊപ്പി തെറിച്ചു, അടിയന്തിര നടപടിക്ക് പിന്നില്‍

ckmnews

ഒടുവില്‍ കിരണിന്‍റെ തൊപ്പി തെറിച്ചു, അടിയന്തിര നടപടിക്ക് പിന്നില്‍


തിരുവനന്തപുരം:ഭര്‍തൃഗൃഹത്തില്‍ വച്ച് വിസ്‍മയ എന്ന 24കാരി തൂങ്ങിമരിച്ച നലയില്‍ കാണപ്പെട്ട സംഭവത്തില്‍ ഭർത്താവും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥനുമായ കിരണ്‍കുമാറിനെ സര്‍വ്വീസില്‍ നിന്ന് സസ്‍പെന്‍ഡ് ചെയ്‍തിരിക്കുകയാണ്. അസിസ്റ്റന്‍റ് മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്‍പെക്ടറായ കിരണിനെ സര്‍വ്വീസില്‍ നിന്ന് സസ്‍പെന്‍ഡ് ചെയ്‍തതായി ഗതാഗത മന്ത്രി ആന്റണി രാജുവാണ് വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കിയത്. 



 സസ്‍പെന്‍ഷന്‍ ആദ്യഘട്ട നടപടി മാത്രമായിരിക്കുമെന്നും കേസിന്‍റെ പുരോഗതിക്ക് അനുസരിച്ച് ഇയാളെ സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്യുന്നത് ഉള്‍പ്പെടുള്ള കാര്യങ്ങളിലേക്ക് കടക്കുമെന്നും മോട്ടോര്‍വാഹന വകുപ്പിലെ ഒരു ഉന്നതോദ്യോഗസ്ഥന്‍ നേരത്തെ സൂചന നല്‍കിയിരുന്നു  മോട്ടോര്‍വാഹന വകുപ്പിലെ സഹപ്രവര്‍ത്തകരുടെ ഇടയില്‍ കടുത്ത അമര്‍ഷമാണ് ഇയാള്‍ക്കെതിരെ ഉയര്‍ന്നത്. സര്‍വ്വീസ് സംഘടനകള്‍ ഉള്‍പ്പെടെ ഇയാള്‍ക്കെതിരെ കര്‍ശന നിലപാടാണ് സ്വീകരിച്ചതെന്നാണ് വിവരം. അതുതന്നെയാണ് പെട്ടെന്നുള്ള നടപടിയിലേക്ക് സര്‍ക്കാരിനെ നയിച്ചതും. 




സംഭവത്തില്‍ കടുത്ത ഞെട്ടലിലാണ് കിരണിന്‍റെ സഹപ്രവര്‍ത്തകരില്‍ പലരും. 2018 നവംബറിലാണ് അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കില്‍ ഇന്‍സ്‍പെക്ടറായി കിരണ്‍ സര്‍വ്വീസില്‍ പ്രവേശിക്കുന്നത്. ട്രെയിനിംഗിന് ശേഷം 2019 ജനുവരിയില്‍ സേനയുടെ ഭാഗവുമായി. നിലവില്‍ മൊബൈല്‍ എന്‍ഫോഴ്‍സ്‍മെന്‍റ് സ്‍ക്വാഡിലാണ് കിരണ്‍ ജോലി ചെയ്‍തിരുന്നത്. ഇയാള്‍ പലപ്പോഴും മോശമായി പെരുമാറുമായിരുന്നുവെന്ന് ഒപ്പം ജോലി ചെയ്‍തിരുന്നവരില്‍ പലരും പറയുന്നു.  ഇപ്പോള്‍ ഇയാള്‍ കാരണം വകുപ്പിനാകെ വന്‍ മാനക്കേടാണ് ഉണ്ടായിരിക്കുന്നതെന്ന വികാരമാണ് മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്‍പെക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മിനിസ്റ്റീരിയല്‍ ജീവനക്കാരും ക്ലറിക്കല്‍ ജീവനക്കാരുമൊക്കെ പങ്കുവയ്ക്കുന്നത്. 



ഔദ്യോഗിക വേഷത്തില്‍, ഡിപ്പാര്‍ട്ട്മെന്‍റ് വാഹനത്തിനൊപ്പമുള്ള കിരണിന്‍റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രചരിക്കുന്നത് കടുത്ത നാണക്കേടാണ് തങ്ങള്‍ക്ക് ഉണ്ടാക്കിയിരിക്കുന്നതെന്നും ജീവനക്കാര്‍ പറയുന്നു. കേസെടുക്കുന്നതു വരെ കാത്തു നില്‍ക്കാതെ ഇയാള്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കാന്‍ മോട്ടോര്‍വാഹന വകുപ്പിലെ ഒരു വിഭാഗം സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. സര്‍വ്വീസ് സംഘടനകളും കിരണിനെതിരെ കടുത്ത നിലപാടാണ് എടുത്തത്. ഇക്കാരണങ്ങളൊക്കെ കൊണ്ടുതന്നെയാണ് ഇയാള്‍ക്കെതിരെ വകുപ്പുതലത്തില്‍ അടിയന്തിര നടപടി സ്വീകരിച്ചിരിക്കുന്നതും.




അതിനിടെ അറസ്റ്റിലായ കിരണിന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തി. വിസ്‍മയയെ താന്‍ മർദ്ദിച്ചിരുന്നതായി കിരൺ പൊലീസിനോട് സമ്മതിച്ചെന്നാണ് വിവരം. കിരണിന്‍റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. ഗാർഹിക പീഡന നിരോധന നിയമ പ്രകാരമാണ് കിരണിനെതിരെ കേസ് ചുമത്തുക. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്ന ശേഷമേ മറ്റ് വകുപ്പുകൾ ചുമത്തുന്ന കാര്യം പരിഗണിക്കൂ. കിരണിന്‍റെ മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ പരിശോധിക്കുകയാണ് പൊലീസ്. വിസ്‍മയ മരിക്കുന്നതിന് തലേ ദിവസം മർദ്ദിച്ചിട്ടില്ലെന്ന് മൊഴിയിൽ പറയുന്നു. തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെ വിസ്‍മയയുമായി വഴക്കുണ്ടായെന്നും ഈ സമയം വീട്ടിൽ പോകണമെന്ന് വിസ്‍മയ ആവശ്യപ്പെട്ടതായും നേരം പുലർന്ന ശേഷമേ വീട്ടിൽ പോകാനാവൂ എന്ന് താൻ നിലപാടെടുത്തതായും കിരൺ നല്‍കിയ മൊഴിയില്‍ പറയുന്നു.



തന്‍റെ മാതാപിതാക്കൾ ഇടപെട്ട് പ്രശ്‍നം പരിഹരിച്ചിരുന്നതായും ഇതിന് ശേഷം വിസ്‍മയ ശുചിമുറിയിൽ കയറി തൂങ്ങുകയായിരുന്നുവെന്നും കിരണ്‍ പറയുന്നു. 20 മിനിറ്റ് കഴിഞ്ഞും വിസ്‍മയ ശുചിമുറിയിൽ നിന്ന് പുറത്തുവരാതെ ഇരുന്നപ്പോഴാണ് താൻ ശുചി മുറിയുടെ വാതിൽ ചവിട്ടി തുറന്നത്. വിസ്‍മയയുടെ ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്ന ചിത്രത്തിലെ മർദ്ദനത്തിന്‍റെ പാടുകൾ നേരത്തെ ഉണ്ടായതാണെന്നും വിസ്‍മയയുടെ വീട്ടുകാർ നൽകിയ കാറിനെ ചൊല്ലി തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നും ഇതിന്റെ പേരിലാണ് പല തവണ വഴക്കുണ്ടായതെന്നും കിരൺ പൊലീസിനോട് പറഞ്ഞെന്നും വിവരമുണ്ട്. 




സംഭവത്തിൽ പഴുതടച്ചുളള അന്വേഷണമുണ്ടാകുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ വ്യക്തമാക്കി. വിസ്മയുടെ മരണത്തിന് പിന്നിൽ നേരിട്ടോ അല്ലാതെയോ ഉൾപ്പെട്ട എല്ലാവരെയും പ്രതിയാക്കും. സത്രീ സുരക്ഷയ്ക്കായി പുതിയ പദ്ധതികൾ ഇനിയും തുടങ്ങുമെന്നും ഡിജിപി അറിയിച്ചു. യാതൊരുവിധ സഹായവും ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ഭാഗത്തുനിന്ന് കിരണിന് അനുകൂലമായി ഉണ്ടാകില്ലെന്ന് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരും ഉറപ്പിച്ചു പറയുന്നു.