19 April 2024 Friday

കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ അന്തരിച്ചു

ckmnews

കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ അന്തരിച്ചു


തിരുവനന്തപുരം:മലയാളം ഹൃദയത്തിലേറ്റിയ പ്രണയാർദ്ര ഗാനങ്ങളുടെ ശിൽപി പൂവച്ചൽ ഖാദർ (72) അന്തരിച്ചു. കോവിഡ് ബാധയെത്തുടർന്നു തിരുവനന്തപുരം മെഡിക്കൽ കോളജിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം രാത്രി 12.15ന് ആയിരുന്നു. സംസ്കാരം ഇന്നു പൂവച്ചൽ ജുമാ മസ്ജിദിൽ. 


മുന്നൂറിലേറെ ചിത്രങ്ങളിലായി രണ്ടായിരത്തോളം ഗാനങ്ങളെഴുതി. ‘നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ...’ (ചാമരം), ‘ഏതോ ജന്മ കൽപനയിൽ...’ (പാളങ്ങൾ), ‘അനുരാഗിണി ഇതായെൻ...’ (ഒരു കുടക്കീഴിൽ), ‘ശരറാന്തൽ തിരിതാഴും...’ (കായലും കയറും) തുടങ്ങിയവയടക്കം ഖാദറിന്റെ ഗാനങ്ങളിൽ പലതും എക്കാലത്തും മലയാളികൾ ഹൃദയത്തിൽ സൂക്ഷിക്കുന്നവയാണ്. ഖാദറിന്റെ നാടകഗാനങ്ങളും ലളിത ഗാനങ്ങളും മാപ്പിളപ്പാട്ടുകളും മലയാളിയുടെ സംഗീതജീവിതത്തിന്റെ കൂടി ഭാഗമാണ്. പൊതുമരാമത്തു വകുപ്പിൽ എൻജിനീയറായിരുന്നു. ആമിനയാണ് ഭാര്യ. മക്കൾ: തുഷാര, പ്രസൂന.


1948 ഡിസംബര്‍ 25 ന് തിരുവനന്തപുരം കാട്ടാക്കടയ്ക്കു സമീപം പൂവച്ചലിലാണ് മുഹമ്മദ് അബ്‌ദുൽ ഖാദർ എന്ന പൂവച്ചൽ ഖാദറിന്റെ ജനനം. പിതാവ് അബൂബക്കര്‍. മാതാവ് റാബിയത്തുല്‍ അദബിയ ബീവി. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം തൃശൂരിലെ വലപ്പാട് പോളിടെക്നിക്കിൽനിന്ന് എൻജിനീയറിങ് ഡിപ്ലോമ നേടി. തിരുവനന്തപുരം എൻജിനീയറിങ് കോളജിൽനിന്ന് എഎംഐഇ പാസായി. 



പൂവച്ചൽ ഖാദർ

സ്കൂളിൽ പഠിക്കുമ്പോൾ കയ്യെഴുത്തുമാസികയിൽ കവിതയെഴുതിയാണ് തുടക്കം. കോളജ് കാലത്ത് മലയാള രാജ്യത്തിലും കുങ്കുമത്തിലും മറ്റും കവിത അച്ചടിച്ചുവന്നു. കോഴിക്കോട്ട് ജോലി ചെയ്യുന്നതിനിടെ ‘കവിത’ എന്ന സിനിമയ്ക്കു പാട്ടെഴുതി 1972 ലാണ് ചലച്ചിത്രഗാനരചനയിലേക്കു കടന്നത്. മലയാള സിനിമയിലെ എക്കാലത്തെയും ശ്രദ്ധേയ ചിത്രങ്ങളിലടക്കം  പാട്ടുകളെഴുതി. ചാമരം, ചൂള, തകര, പാളങ്ങൾ, ബെൽറ്റ് മത്തായി, ശ്രീഅയ്യപ്പനും വാവരും, ആട്ടകലാശം, തമ്മിൽ തമ്മിൽ, സന്ദർഭം, കായലും കയറും, താളവട്ടം, ദശരഥം തുടങ്ങിയ ചിത്രങ്ങളിലെ പാട്ടുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. എഴുപതുകളുടെ രണ്ടാംപകുതിയിലും എൺപതുകളിലും മലയാള സിനിമാഗാനരംഗത്തു നിറ‍ഞ്ഞുനിന്ന ഖാദർ കെ.ജി. ജോർജ്, പി.എൻ. മേനോൻ, ഐ.വി. ശശി. ഭരതൻ, പത്മരാജൻ തുടങ്ങി മലയാളത്തിലെ പ്രമുഖ സംവിധായകരോടൊപ്പം പ്രവർത്തിച്ചു.


‘മൗനമേ നിറയും മൗനമേ...’ (തകര), ‘സിന്ദൂര സന്ധ്യയ്ക്ക് മൗനം...’ (ചൂള), ‘രാജീവം വിടരും നിൻ മിഴികൾ...’ (ബെൽറ്റ് മത്തായി), ‘മഴവില്ലിൻ അജ്‌ഞാതവാസം കഴിഞ്ഞു...’ (കാറ്റുവിതച്ചവൻ), ‘നാണമാവുന്നു മേനി നോവുന്നു...’ (ആട്ടക്കലാശം), ‘എന്റെ ജന്മം നീയെടുത്തു...’(ഇതാ ഒരു ധിക്കാരി), ‘ഇത്തിരി നാണം പെണ്ണിന് കവിളിൽ...’ (തമ്മിൽ തമ്മിൽ), ‘ചിത്തിരത്തോണിയിൽ അക്കരെപ്പോകാൻ...’ (കായലും കയറും), ‘നീയെന്റെ പ്രാർഥനകേട്ടു...’ (കാറ്റു വിതച്ചവൻ), ‘കിളിയേ കിളിയേ...’ (ആ രാത്രി), ‘പൂമാനമേ ഒരു രാഗമേഘം താ...’ (നിറക്കൂട്ട്), ‘കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ....’ (താളവട്ടം), ‘മന്ദാരച്ചെപ്പുണ്ടോ മണിക്യക്കല്ലുണ്ടോ....’ (ദശരഥം) തുടങ്ങിയവ പൂവച്ചലിന്റെ ഹിറ്റുകളിൽ ചിലതുമാത്രമാണ്.



ഗായകൻ എം.ജി. ശ്രീകുമാർ, തമിഴ് ചലച്ചിത്ര സംവിധായകൻ, ടി. രാജേന്ദ്രൻ എന്നിവർക്കൊപ്പം പൂവച്ചൽ ഖാദർ (നടുവിൽ)

നാടകസമിതികൾക്കു വേണ്ടി പൂവച്ചലൊരുക്കിയ പാട്ടുകൾക്ക് ഈണമിട്ടത് ബാബുരാജ്, കണ്ണൂർ രാജൻ, രവീന്ദ്രൻ മാസ്റ്റർ തുടങ്ങിയവരാണ്. ‘പഞ്ചമി പോലൊരു സുന്ദരിപക്ഷി...’, ‘കര തേടി ഒഴുകുന്നു കളിയോടവും...’, ‘ദുഃഖങ്ങളേ നിങ്ങളുറങ്ങൂ...’ തുടങ്ങിയ നാടകഗാനങ്ങളെല്ലാം എന്നും സംഗീതാസ്വാദകരുടെ ഓർമയിലുണ്ടാകും. 


കോഴിക്കോട് ആകാശവാണിയിൽ അദ്ദേഹം എഴുതിയ ലളിതഗാനങ്ങൾക്കും ധാരാളം ആസ്വാദകരുണ്ടായി. ‘നിറകതിര്‍ താലം കൊണ്ട് നിലാവിറങ്ങി...’, ‘പാടാത്ത പാട്ടിന്‍ മധുരം എന്റെ മാനസമിന്നു നുകര്‍ന്നു...’, ‘രാമായണക്കിളി ശാരികപ്പൈങ്കിളി...’, ‘ജയദേവകവിയുടെ ഗീതികള്‍ കേട്ടെന്റെ...’, ‘പഥികന്‍ പാടുന്നു പഥികന്‍ പാടുന്നു...’ തുടങ്ങി ഇതിലെ ചില പാട്ടുകൾ മലയാളികൾ ഏറ്റുപാടിയവയാണ്. ‘തളിരിട്ട മരം ചാടി കതിരിട്ട മിഴിയുമായ്...’, ‘കസവിന്‍ തട്ടം ചൂടി കരിമിഴിമുനകള്‍ നീട്ടി...’ എന്നിവയടക്കം പ്രശസ്തങ്ങളായ നിരവധി മാപ്പിളപ്പാട്ടുകളും ഖാദറിന്റേതായുണ്ട്. കളിവീണ, പാടുവാൻ പഠിക്കുവാൻ (കവിതാ സമാഹാരം), ചിത്തിരത്തോണി (ചലച്ചിത്രഗാനസമാഹാരം) എന്നീ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു. ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി പുരസ്കാരം എന്നിവ ലഭിച്ചു.


മുഖ്യമന്ത്രി അനുശോചിച്ചു


ചലച്ചിത്രരംഗത്തും ലളിതഗാന രംഗത്തും വളരെ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ കവി പൂവച്ചൽ ഖാദറിന്റെ നിര്യാണം സാഹിത്യ സാംസ്കാരിക ലോകത്തിനു കനത്ത നഷ്ടമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.


നാനൂറോളം സിനിമകളിലായി 1400 ഓളം പാട്ടുകൾ അദ്ദേഹം എഴുതി. ഒരുപക്ഷേ മലയാളത്തിൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ എഴുതിയ രചയിതാവ് പൂവച്ചൽ ഖാദർ ആയിരിക്കും. അദ്ദേഹത്തിന്റെ ഗാനങ്ങളെല്ലാം ആസ്വാദകരുടെ മനസ്സിൽ ഒരുപോലെ തത്തിക്കളിക്കുന്നതാണ്.


അസാധാരണമായ സ്വീകാര്യതയാണ് ഖാദറിന്റെ ഗാനങ്ങൾക്കുണ്ടായത്. സിനിമാപ്പാട്ടുകളോടൊപ്പം ലളിതഗാനങ്ങൾ കൊണ്ടും ശ്രദ്ധേയനായി ഖാദർ. രാമായണക്കിളി..., ജയദേവകവിയുടെ..., തുടങ്ങിയ ഗാനങ്ങൾ നിരവധി പതിറ്റാണ്ടുകളായി കേരളത്തിലാകെ ശ്രദ്ധേയമായി നിൽക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.