20 April 2024 Saturday

കേരള പോലീസിന് അഭിമാനമായി മലപ്പുറത്തെ പ്രത്യേക അന്വേഷണ സംഘം മലപ്പുറം എസ്പി സുജിത്ത്ദാസിന് കീഴിലെ പ്രത്യേക അന്വേഷണ സംഘം 6 മാസത്തിനുള്ളില്‍ തെളിയിച്ചത് തുമ്പില്ലാത്ത കൊലപാതകങ്ങള്‍ അടക്കം പത്തിലതികം കേസുകള്‍

ckmnews

കേരള പോലീസിന് അഭിമാനമായി  മലപ്പുറത്തെ പ്രത്യേക അന്വേഷണ സംഘം


മലപ്പുറം എസ്പി സുജിത്ത്ദാസിന് കീഴിലെ പ്രത്യേക അന്വേഷണ സംഘം 6 മാസത്തിനുള്ളില്‍ തെളിയിച്ചത് തുമ്പില്ലാത്ത കൊലപാതകങ്ങള്‍ അടക്കം പത്തിലതികം കേസുകള്‍


ചങ്ങരംകുളം:ആറ് മാസം മുമ്പ് ചങ്ങരംകുളം പന്താവൂരില്‍ നിന്ന് കാണാതായ 26 കാരനായ ഇര്‍ഷാദ്,40 ദിവസം മുമ്പ് വളാഞ്ചേരിയിലെ വെട്ടിച്ചിറയില്‍ നിന്ന് ജോലിക്ക് പോവുന്നതിനിടെ അപ്രത്യക്ഷമായ 21 കാരി സുബീറ ഫര്‍ഹത്ത്.പോലീസിന് ഏറെ തലവേദനയായ രണ്ട് പ്രധാന തിരോധാന കേസുള്‍പ്പെടെ തെളിവുകള്‍ ഒന്നും ഇല്ലാതെ നടത്തിയ നിരവധി കുറ്റകൃത്യങ്ങള്‍ക്ക് ശാസ്ത്രീയമായ അന്വേഷണത്തിലൂടെ തെളിവുകള്‍ സഹിതം പ്രതികളെ പിടികൂടി കേരള പോലീസിന് അഭിമാനമായി മാറിയിരിക്കുകയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത്ദാസ് ഐപിഎസിന് കീഴിലെ തിരൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം.സിനിമാ കഥകളെ വെല്ലുന്ന കൊലപാതകം,അതി വിദഗ്ധമായ തെളിവ് നശിപ്പിക്കല്‍,അടുത്തിടെ മലയാള സിനിമയില്‍  ഇറങ്ങിയ പ്രമുഖ ക്രൈം ചിത്രങ്ങളെ വെല്ലുന്ന കൊലപാതകങ്ങള്‍ അടക്കം 6 മാസത്തിനുള്ളില്‍ തെളിയിച്ചത് തുമ്പില്ലാത്ത പത്തിലതികം കേസുകളാണ്.കഴിഞ്ഞ ദിവസം കുറ്റിപ്പുറത്ത് ഒറ്റക്ക് താമസിച്ചിരുന്ന സ്ത്രീയെ തലക്കടിച്ച് കൊന്ന സംഭവത്തില്‍ പ്രതിയെ വലയിലാക്കിയത് മണിക്കൂറുകള്‍ കൊണ്ടാണ് എന്നത് അന്യേഷണ സംഘത്തിന് ഒരു പൊന്‍തൂവല്‍ കൂടിയായി.കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച തുമ്പില്ലാത്ത രണ്ട് തിരോധാനങ്ങള്‍ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പിക്കുന്ന ഘട്ടത്തിലേക്ക് വരെ എത്തി നില്‍ക്കുന്ന അവസ്ഥയിലാണ് പ്രത്യേക അന്വേഷണ സംഘം കേസിന് തുമ്പുണ്ടാക്കുന്നതും കാണാതായവരുടെ മൃതദേഹം കണ്ടെത്തുന്നതും പ്രതികളെ പിടികൂടുന്നതും.


എടപ്പാളില്‍ അടഞ്ഞ് കിടന്ന വീട്ടില്‍ നിന്ന് 100 പവന്‍ സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ ഒരാഴ്ചക്കകം പ്രതിയെ പിടികൂടിയതും,ചങ്ങരംകുളം കോലിക്കരയില്‍ 25 കാരന്‍ ലഹരി സംഘങ്ങളുടെ കുത്തേറ്റ് മരിച്ച സംഭവത്തില്‍ ദിവസങ്ങള്‍ക്കകം പ്രതികളെ മുഴുവനായി അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞതും കൽപകഞ്ചേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞതും,സംഘത്തിന് പൊന്‍തൂവല്‍ ചാര്‍ത്തിയിരുന്നു.മാസങ്ങള്‍ക്ക് മുമ്പ് തിരൂരില്‍ നിന്ന് 3 കോടിയുടെ നിരോധിത പുകയില ഉല്‍പന്നങ്ങള്‍  പിടികൂടിയതും, സംഘത്തിന്റെ അന്വേഷണമികവാണ്.


ചങ്ങരംകുളത്ത് അടക്കാവ്യപാരിയെ തട്ടിക്കൊണ്ട് പോയി 24 പവന്‍ സ്വര്‍ണ്ണവും കാറും തട്ടിയെടുത്ത ഗുണ്ട സംഘത്തെ പിടികൂടിയതും,പൊന്നാനി പത്തുമുറിയിൽ നടന്ന വധശ്രമക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തതും റോഡരികില്‍ അജ്ഞാത വാഹനം ഇടിച്ച് മരിച്ച യുവാവിന്റെ മരണത്തിലെ ദുരൂഹത നീക്കി കുറ്റവാളിയെ പിടികൂടിയതും നൂറ് കണക്കിന് ക്ഷേത്രങ്ങളില്‍ മോഷണം നടത്തി വന്ന എടപ്പാള്‍ സ്വദേശിയായ മോഷ്ടാവിനെ വലയിലാക്കിയതും,വളാഞ്ചേരിയിലും തിരുരിലും നടന്ന കഞ്ചാവ് /ലഹരിമരുന്ന് വേട്ടകൾ അടക്കം ജില്ലയില്‍ അടുത്തിടെ നടന്ന നിരവധി ലഹരി വേട്ടകള്‍ക്ക് നേതൃത്വം നല്‍കിയതും അന്വേഷണ സംഘത്തിന്റെ മാറ്റ് കൂട്ടുന്നു


തെളിയിച്ച കേസുകള്‍ക്ക് വേണ്ടി സാഹചര്യത്തെളിവുകളും സാക്ഷി മൊഴികള്‍ക്കും ഒപ്പം ശാസ്ത്രീയമായ ഒട്ടേറെ തെളിവുകളും രേഖകളും ശേഖരിച്ച് കോടതിക്ക് മുന്നില്‍ സമര്‍പ്പിച്ച് പ്രതി കുറ്റം ചെയ്തെന്ന് കോടതിക്ക്  മുന്നില്‍ തെളിയിക്കാന്‍ കഴിഞ്ഞാല്‍മാത്രമെ അന്വേഷണസംഘത്തിന്റെ ദൗത്യം അവസാനിക്കുകയുള്ളൂ.ഇതിനായി ഒരു കുറ്റകൃത്യം തെളിയിക്കാന്‍ പലപ്പോഴും ആയിരക്കണക്കിന് മൊബൈല്‍ നമ്പറുകളുടെ വിവരങ്ങള്‍ ഇവയുടെ കോള്‍ ഡീറ്റൈലുകള്‍,സിസികേമറ ദൃശ്യങ്ങള്‍,സംശയം തോന്നുന്ന നൂറ് കണക്കിന് ആളുകളുടെ വിവര ശേഖരണം അടക്കം രാവും പകലുമില്ലാതെയും വിശ്രമമില്ലാതെയും അന്യേഷണം നടത്തുന്ന  കേരളപോലീസിലെ ബുദ്ധിമാന്‍മാരും പരിചയസമ്പന്നരുമായ ഒരു ടീമിനെ വാര്‍ത്തെടുത്ത് രംഗത്തിറക്കി കുറ്റാന്വേഷണരംഗത്ത് വിജയഗാഥ രചിക്കുകയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസ്  ഐപിഎസിന്റെ കീഴിലെ തിരൂര്‍ ഡിവൈഎസ്പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം.എസ്ഐമാരായ പ്രമോദ്,മുഹമ്മദ് റാഫി,എഎസ്ഐ ജയപ്രകാശ്,സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സിവി രാജേഷ്,പിവി ജയപ്രകാശ് തുടങ്ങിയ ഉദ്ധ്യോഗസ്ഥര്‍ അടങ്ങുന്ന ടീമിനൊപ്പം ക്രൈം നടന്ന സ്റ്റേഷനിലെ ഉദ്ധ്യോഗസ്ഥരുടെ സഹായവും അന്വേഷണത്തിനും കുറ്റവാളികളെ കണ്ടെത്തുന്നതിനും അന്വേഷണസംഘത്തിന് സഹായകമാവുന്നുണ്ട്.