28 March 2024 Thursday

‘സ്ത്രീധനം വേണ്ട, സ്ത്രീയാണ് ധനം’; കിരൺ വിസ്മയയെ കല്യാണം ആലോചിച്ചപ്പോൾ പറഞ്ഞത്

ckmnews

‘സ്ത്രീധനം വേണ്ട, സ്ത്രീയാണ് ധനം’; കിരൺ വിസ്മയയെ കല്യാണം ആലോചിച്ചപ്പോൾ പറഞ്ഞത്


കൊല്ലം ∙ ശൂരനാട് ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുമായി വിവാഹബന്ധത്തിനു കിരൺകുമാറെത്തിയതു സ്ത്രീധനമൊന്നും വേണ്ടെന്നു പറഞ്ഞാണെന്നു റിപ്പോർട്ട്. സ്ത്രീധനമല്ല, സ്ത്രീയാണു ധനമെന്ന തത്വം ഉയർത്തിപ്പിടിച്ചാണു മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥനായ കിരണും കുടുംബവും വിവാഹാലോചനയുമായി എത്തിയതെന്നു ബന്ധുക്കൾ പറയുന്നു. മകൾക്കായി 100 പവൻ സ്വർണവും ഒരേക്കറിലധികം ഭൂമിയും 10 ലക്ഷം വില വരുന്ന കാറുമാണു വിസ്മയയുടെ കുടുംബം നൽകിയത്.


വിവാഹം കഴിഞ്ഞതോടെ കിരണിന്റെ യഥാർഥ മുഖം പുറത്തുവന്നു. സ്ത്രീധനമായി നൽകിയ കാറിന്റെ പേരിലാണു വിസ്മയയ്ക്കെതിരെ പീഡനം തുടങ്ങിയത്. 10 ലക്ഷം രൂപയോ കാറോ നൽകുമെന്നതായിരുന്നു വിസ്മയയുടെ കുടുംബം വാഗ്ദാനം ചെയ്തത്. ഇതനുസരിച്ചു വായ്പയെടുത്തു കാർ വാങ്ങി നൽകിയെങ്കിലും 10 ലക്ഷം രൂപ മൂല്യമില്ലെന്നായിരുന്നു കിരൺ പറഞ്ഞിരുന്നത്. ജനുവരിയിൽ നിലമേലിലെ വിസ്മയയുടെ വീട്ടിൽ മദ്യപിച്ചു പാതിരാത്രിയെത്തിയ കിരൺ ഇക്കാര്യം പറഞ്ഞു വിസ്മയയെയും സഹോദരൻ വിജിത്തിനെയും മർദിക്കുകയും ചെയ്തെന്നും ബന്ധുക്കൾ വെളിപ്പടുത്തി.



നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ചു വിസ്മയ തന്നെ പറയുന്ന സ്ക്രീൻഷോട്ടുകൾ പുറത്തുവന്നിരുന്നു. ‘ദേഷ്യം വന്നാൽ അയാൾ എന്നെ അടിക്കും. അയാൾക്കു കൊടുത്ത വണ്ടി കൊള്ളില്ലെന്നു പറഞ്ഞു കഴിഞ്ഞ ദിവസം തെറി വിളിച്ചു. അച്ഛനെയും കുറെ ചീത്ത വിളിച്ചു. കുറെ നേരം സഹിച്ചിരുന്നു. പക്ഷേ നിർത്തിയില്ല. സഹികെട്ട് മുറിയിൽനിന്ന് ഇറങ്ങിപ്പോകാൻ നോക്കിയപ്പോൾ മുടിയിൽ പിടിച്ചുവലിച്ച് പലതവണ അടിച്ചു. അടികൊണ്ടു വീണ എന്റെ മുഖത്തു ചവിട്ടി, കാലു കൊണ്ട് മുഖത്ത് അമർത്തി’– ക്രൂര മർദനമാണു ഭർത്താവ് കിരണിൽനിന്നു നേരിടേണ്ടി വന്നതെന്നും വിസ്മയ ബന്ധുക്കളോടു നടത്തിയ ചാറ്റിൽ വ്യക്തമാക്കുന്നു.



മുഖത്തും കൈകളിലും മുറിവേറ്റതിന്റെ പാടുകളും അടികൊണ്ടു നീലിച്ചതിന്റെ പാടുകളടക്കമുള്ള ചിത്രങ്ങളും വിസ്മയ ബന്ധുക്കൾക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മേയ് 31നാണ് നിലമേല്‍ കൈതോട് കുളത്തിന്‍കര മേലേതില്‍ പുത്തന്‍വീട്ടില്‍ ത്രിവിക്രമന്‍ നായരുടെയും സജിതയുടെയും മകൾ എസ്.വി.വിസ്മയയെ ശൂരനാട് പോരുവഴി അമ്പലത്തുഭാഗം ചന്ദ്രവിലാസത്തില്‍ എസ്.കിരണ്‍കുമാർ വിവാഹം കഴിച്ചത്. തിങ്കളാഴ്ച പുലർച്ചെയാണു വിസ്മയയെ കിരണിന്റെ വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശൂരനാട് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.