23 April 2024 Tuesday

വടക്കാഞ്ചേരിയിൽ കോറിയിൽ സ്ഫോടനം ഒരാൾ മരിച്ചു അഞ്ചു പേർക്ക് പരിക്ക്

ckmnews

വടക്കാഞ്ചേരിയിൽ കോറിയിൽ സ്ഫോടനം ഒരാൾ മരിച്ചു അഞ്ചു പേർക്ക് പരിക്ക്


വടക്കാഞ്ചേരിക്ക് സമീപം വാഴക്കോട്ട് സി.പി.എം നേതാവിന്റെ ഉടമസ്ഥതയിലുള്ള ക്വാറിയിൽ ഉഗ്ര സ്ഫോടനത്തിൽ ഒരാൾ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. സ്ഫോടനത്തിൽ നിരവധി വീടുകൾക്കും കേടുപാട് പറ്റി. മുള്ളൂർക്കര പഞ്ചായത്ത് മുൻ പ്രസിഡണ്ട് അബ്ദുൾ സലാമിൻറെ ഉടമസ്ഥതയിലുള്ളതാണ് ക്വാറി. ഇദ്ദേഹത്തിൻറെ സഹോദരൻ അബ്ദുൾ നൗഷാദ് (45) ആണ് മരിച്ചത്. പരിക്കേറ്റവരെ തൃശൂരിൽ ദയ, അശ്വനി ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പാറ പൊട്ടിക്കാൻ സൂക്ഷിച്ച സ്ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. രാത്രി ഏഴേമുക്കാലോടെയാണ് അപകടം. ഇവിടെ സാധാരണയായി തുടർച്ചയായി ഭൂചലന മേഖലയാണെന്നതിനാൽ ജനങ്ങൾ ആദ്യം കരുതിയത്. നാട്ടുകാർ പരിഭ്രാന്തിയിലായി. ഉഗ്ര സ്ഫോടനം കേട്ട് ആളുകൾ വീടുകളിൽ നിന്നും ഇറങ്ങിയോടുകയും ചെയ്തു. കിലോമീറ്ററുകൾ ദൂരത്തിൽ സ്ഫോടനത്തിൻറെ അലയോലി അനുഭവപ്പെട്ടു. ആറ് മാസം മുമ്പ് വരെ അനുമതിയുണ്ടായിരുന്നുവെങ്കിലും നിലവിൽ പ്രവർത്തിക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു. കോവിഡ് ലോക്ക് ഡൗൺ സാഹചര്യത്തിൽ ക്വാറികൾ പ്രവർത്തിക്കുന്നില്ലെന്നിരിക്കെ ഇപ്പോൾ സ്ഫോടക വസ്തുക്കൾ എത്തിയതും രാത്രിയിൽ ആളുകളെത്തിയതിലും ദുരൂഹതയുണ്ടെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. 2019ൽ തൃശൂർ സബ് കലക്ടറായിരുന്ന രേണുരാജ് നേരിട്ടെത്തി അടച്ചു പൂട്ടിയതാണ് ഇപ്പോൾ സ്ഫോടനമുണ്ടായ ക്വാറി.രാഷ്ട്രീയ-ഉദ്യോഗസ്ഥ സ്വാധീനത്തിലായിരുന്നു അനുമതിയില്ലാത്ത ക്വാറിയുടെ പ്രവർത്തനമത്രെ. സ്ഥലത്ത് കുന്നംകുളം അസി.കമ്മീഷണറുടെ നേതൃത്വത്തിൽ പൊലീസും വടക്കാഞ്ചേരി അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി.