20 April 2024 Saturday

അവർക്ക് സന്തോഷം കിട്ടുന്നെങ്കിൽ എനിക്കും സന്തോഷം; പക്ഷേ ഞാൻ മരിച്ചിട്ടില്ല; തെന്നല

ckmnews

അവർക്ക് സന്തോഷം കിട്ടുന്നെങ്കിൽ എനിക്കും സന്തോഷം; പക്ഷേ ഞാൻ മരിച്ചിട്ടില്ല; തെന്നല


മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചെന്ന വാർത്ത നിഷേധിച്ച് തെന്നല തന്നെ രംഗത്ത്. തിരുവനന്തപുരം മുക്കോലയിലെ വീട്ടിൽ വിശ്രമജീവിതം നയിക്കുന്ന തെന്നല ബാലകൃഷ്ണപിള്ള ഗുരുതരാവസ്ഥയിലാണെന്നും വിടവാങ്ങിയെന്നുമുള്ള വാർത്ത രാവിലെ വാട്സാപ്പിലൂടെ പ്രചരിക്കുകയായിരുന്നു. ഇതുകണ്ട് എം.എൽ.എമാരടക്കം ചില നേതാക്കൾ അനുശോചനം രേഖപ്പെടുത്തി ഫേസ്ബുക്കിൽ കുറിപ്പുകളിലുമിട്ടു. ഇതിനിടെ മാധ്യമപ്രവർത്തകരിൽ ചിലർ തെന്നലയെ തന്നെ വിളിച്ചതോടെ സന്ദേശം വ്യാജമാണെന്ന് ബോധ്യപ്പെട്ടു.

ആരോഗ്യസ്ഥിതി അന്വേഷിച്ച് പതിവിലധികം പേർ ഫോണിൽ വിളിച്ചപ്പോഴാണ് കാര്യം അറിഞ്ഞതെന്ന് വീഡിയോ സന്ദേശത്തിൽ തെന്നല പറഞ്ഞു. ഇത്തരത്തിൽ പ്രചരിപ്പിക്കുന്നതിലൂടെ ആർക്കെങ്കിലും സന്തോഷം ലഭിക്കുന്നുണ്ടെങ്കിൽ തനിക്ക് സന്തോഷമേയുള്ളുവെന്നായിരുന്നു തെന്നലയുടെ പ്രതികരണം. പതിവുപോലെ രാവിലെ 45 മിനിട്ട് മുറ്റത്ത് നടന്ന ശേഷം കുളിച്ച് വീടിന്റെ മുകളിലത്തെ നിലയിലുള്ള പൂജാമുറിയിൽ പോയി തൊഴുത്ത് പ്രഭാതഭക്ഷണവും കഴിഞ്ഞ് ഇരിക്കുമ്പോഴാണ് ഫോൺ കോളുകൾ പ്രവഹിക്കാൻ തുടങ്ങിയതെന്ന് തെന്നല പറഞ്ഞു. കോവിഡ് കാരണമാണ് പുറത്തിറങ്ങാറില്ലെങ്കിലും കാര്യങ്ങൾ എല്ലാം അറിയുന്നുണ്ടെന്നും ആരോഗ്യത്തിന് മറ്റ് ബുദ്ധിമുട്ടുകളിൽ ഇല്ലെന്നും തെന്നല കൂട്ടിച്ചേർത്തു.

1931 മാർച്ച് 11ന് കൊല്ലം ജില്ലയിലെ ശൂരനാട് ഗ്രാമത്തിലായിരുന്നു തെന്നലയുടെ ജനനം. കോൺഗ്രസിന്റെ ഏറ്റവും താഴെത്തട്ടിൽ നിന്ന് തുടങ്ങി കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം വരെ എത്തിയത് ആരുടെയും പിൻബലത്തിലായിരുന്നില്ല.

പരിഭവങ്ങളില്ലാത്ത പകരക്കാരൻ

കോൺഗ്രസിന്റെ ശൂരനാട് പുളികുളം വാർഡ് കമ്മിറ്റി അംഗമായിട്ടാണ് തെന്നല രാഷ്ട്രീയജീവിതം തുടങ്ങുന്നത്. പിന്നീട് വാർഡ്, ബ്ളോക്, മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സ്ഥാനംവഹിച്ചു. കൊല്ലം ഡി.സി.സി അധ്യക്ഷനായ തെന്നല 1962 മുതൽ കെ.പി.സി.സി അംഗമാണ്. അടൂരിൽ നിന്ന് അഞ്ചുതവണ  നിയമസഭയിലേക്ക് മൽസരിച്ചു. കോൺഗ്രസ് അധികാരത്തിലെത്തിയ 1977ലും 1982ലും വിജയിച്ചപ്പോൾ 1967, 1980, 1987 തിരഞ്ഞെടുപ്പുകളിൽ പരാജയമായിരുന്നു ഫലം. 1991, 1992, 2003 വർഷങ്ങളിൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

1981 മുതൽ 1992 വരെ കെ.പി.സി.സി ജനറൽസെക്രട്ടറിയായി പ്രവർത്തിച്ച തെന്നല പാർട്ടിയിൽ എല്ലാ ഗ്രൂപ്പുകൾക്കും സ്വീകാര്യനായിരുന്നു. 1998ൽ വയലാർ രവി സ്ഥാനമൊഴിഞ്ഞപ്പോൾ തെന്നല കെ.പി.സി.സി അധ്യക്ഷനായി. 2001ൽ പാർട്ടിെയ മിന്നും വിജയത്തോടെ അധികാരത്തിലെത്തിച്ച ശേഷം കെ.മുരളീധരന് വേണ്ടി വഴിമാറിക്കൊടുത്തു തെന്നല. പരിഭവങ്ങളില്ലാതെ. 2004ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ട ശേഷം ഒരിക്കൽ കൂടി കെ.പി.സി.സി അധ്യക്ഷനായി. 2005ൽ രമേശ് ചെന്നിത്തലയെ അധ്യക്ഷനായി ഹൈക്കമാൻഡ് നിയമിച്ചപ്പോഴാണ് തെന്നല സ്ഥാനമൊഴിഞ്ഞത്.