19 April 2024 Friday

അച്ഛൻ എന്നാൽ ധൈര്യം, സുരക്ഷിതത്വം: മനസ്സു തുറന്ന് ദിയ കൃഷ്ണ

ckmnews

അച്ഛൻ എന്നാൽ ധൈര്യം, സുരക്ഷിതത്വം: മനസ്സു തുറന്ന് ദിയ കൃഷ്ണ


നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയ്ക്ക് അച്ഛന്‍ എന്നാൽ ധൈര്യമാണ്. അദ്ദേഹത്തിന്റെ സാന്നിധ്യത്തിലാണ് ജീവിതത്തിൽ ഏറ്റവും കൂടുതൽ സുരക്ഷിതത്വം അനുഭവിക്കുന്നതെന്ന് ദിയ പറയും. മക്കളെ മനസ്സിലാക്കി സുഹൃത്തിനെപ്പോലെ പെരുമാറുന്ന, ആവശ്യ സമയത്ത് ശാസിക്കാനും നിയന്ത്രിക്കാനും മക്കളുടെ നന്മയ്ക്കുവേണ്ടതു ചെയ്യാനും അറിയുന്ന ആൾ. നാലു പെൺമക്കളെ വളർത്തിയ, വിഷമഘട്ടങ്ങളും സൈബർ ആക്രമണങ്ങളും നേരിട്ട തന്റെ അച്ഛനെക്കുറിച്ച് ദിയയ്ക്കു പറയാൻ ഒരുപാടുണ്ട്. ദിയ കൃഷ്ണ മനോരമ ഓൺലൈനോട് മനസ്സ് തുറക്കുന്നു. 


∙ അച്ഛനിലെ ഏറ്റവും ആകർഷകമായ കാര്യം ?


അച്ഛന്റെ സഹായ മനഃസ്ഥിതിയെക്കുറിച്ച് ഞാൻ സുഹൃത്തുക്കളോടു പറയാറുണ്ട്. ചോദിച്ചില്ലെങ്കിൽ പോലും അറിഞ്ഞു സഹായിക്കും. പാചകമോ വീട്ടിലെ മറ്റു ജോലികളോ ആകട്ടെ, സഹായിക്കാൻ അച്ഛൻ ഉണ്ടാകും. ചെയ്തുകൊണ്ടിരിക്കുന്ന കാര്യം മാറ്റിവച്ച് നമ്മൾ ആരെയും സഹായിക്കില്ലല്ലോ, പക്ഷേ അച്ഛൻ അങ്ങനെയല്ല. ഞങ്ങൾ വിളിച്ചാൽ അച്ഛൻ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ വിട്ട് സഹായിക്കാനായി  ഓടിയെത്തും. സുഹൃത്തുക്കളോടുള്ള അച്ഛന്റെ സമീപനവും ഇങ്ങനെയാണ്. എല്ലാവരെയും സഹായിക്കാനുള്ള ആ മനസ്സാണ് അച്ഛനിലെ ഏറ്റവും പോസിറ്റീവ് കാര്യമായി എനിക്ക് തോന്നിയിട്ടുള്ളത്.



∙ ദിയയുടെ ഏതെങ്കിലും പ്രവൃത്തി കാരണം അച്ഛൻ ടെന്‍ഷനടിച്ചിട്ടുണ്ടോ ?


സ്കൂളിൽ പഠിക്കുമ്പോൾ ഞാനുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് അച്ഛനെയും അമ്മയെയും സ്കൂളിലേക്ക് വിളിപ്പിച്ചിരുന്നത്. കോളജിലെത്തിയപ്പോൾ ഞാൻ ഒന്ന് ഒതുങ്ങി. സ്കൂളിൽ പെൺകുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവിടെ ഞാൻ ഒരു പയ്യനെപ്പോലെ ആയിരുന്നു. എന്നാൽ കോളജിൽ എത്തിയപ്പോൾ  അന്തരീക്ഷം മാറി. അവിടെ ആൺകുട്ടികൾ ഉണ്ടല്ലോ. ഞാനാണെങ്കിൽ ഒന്നു പറഞ്ഞാൽ രണ്ടിന് അടി ഉണ്ടാക്കുന്ന ആളാണ്. അതുകൊണ്ടു കോളജിൽ ഒന്ന് ഒതുങ്ങിയാണു പോയിരുന്നത്. പിന്നെ ക്ലാസ് കട്ട് ചെയ്തു ഫ്രണ്ട്സുമായി കറങ്ങാൻ പോകും, അപ്പോൾ വീടെത്താൻ വൈകും. അങ്ങനെയുള്ള ടെൻഷന്‍ ഞാൻ കാരണം ഉണ്ടായിട്ടുണ്ട്. അല്ലാതെ വേറെ ഒന്നുമില്ല.


∙ നിങ്ങൾ വളരുന്നതിന് അനുസരിച്ച് അച്ഛനിൽ വന്ന മാറ്റങ്ങൾ ?


കുട്ടികൾ ചെറുതായിരിക്കുമ്പോൾ അച്ഛനമ്മമാർ വാത്സല്യത്തോടെ ആയിരിക്കും പെരുമാറുക. പക്ഷേ വളരുന്നതനുസരിച്ച് ഉപദേശിക്കുകയും ചില ആവശ്യങ്ങൾ നിരസിക്കുകയുമൊക്കെ ചെയ്യും. പ്രത്യേകിച്ച് മൊബൈലും സോഷ്യൽ മീഡിയയും വ്യാപകമായ ഈ കാലഘട്ടത്തിൽ മാതാപിതാക്കൾ കുട്ടികളെ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരും. വളർന്നു വരും തോറും ഞങ്ങളും മൊബൈൽ ഉപയോഗിക്കാൻ താൽപര്യപ്പെട്ടിരുന്നു. ഏതൊരു അച്ഛനെയും പോലെ എന്റെ അച്ഛനും മൊബൈൽ ഉപയോഗം കൂടുമ്പോൾ വഴക്കു പറയും. 



ഇപ്പോൾ ഹൻസിക മൊബൈൽ ഉപയോഗിക്കുന്നതു കാണുമ്പോൾ ചിലപ്പോൾ എനിക്ക് ദേഷ്യം തോന്നാറുണ്ട്. പഠിക്കാൻ ഉള്ളപ്പോൾ ഇവൾ എന്തിനാണ് ഇത്രയും സമയം മൊബൈലിൽ കളയുന്നതെന്ന് ഞാൻ ചിന്തിക്കും. ചെറുതായിരുന്നപ്പോൾ എനിക്കും ഈ ശീലം ഉണ്ടായിരുന്നു. അമ്മയുടെ ഫോൺ ആണ് അന്ന് ഉപയോഗിച്ചിരുന്നത്. അച്ഛൻ കാണാതെ ഒളിച്ചാണ് ഫോൺ എടുക്കുക. കണ്ടാൽ വഴക്കു പറയും. 


അങ്ങനെ ഞങ്ങളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും അച്ഛൻ ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ ഞങ്ങൾ മൂന്നുപേർ മുതിർന്നു. അതുകൊണ്ടുതന്നെ ഞങ്ങൾക്ക് ആവശ്യമായ ഫ്രീഡം തരുന്നുണ്ട്. പ്രൈവസി ഉണ്ട്. ഞങ്ങൾ അതിരുകടന്നു പോകില്ലെന്ന് അച്ഛനറിയാം. 


വഴക്കു പറയേണ്ട സ്ഥലത്ത് വഴക്കു പറയുകയും ഫ്രണ്ട്‌ലി ആകേണ്ടിടത്ത് അങ്ങനെ ആകുകയും ചെയ്യുന്ന ആളാണ് അച്ഛൻ. സ്കൂളിൽ പഠിക്കുമ്പോൾ എനിക്ക് ചിലപ്പോഴൊക്കെ മാർക്ക് വളരെ കുറയും. പേടിച്ചു പേടിച്ചാണു മാർക്ക് പറയുക. അപ്പോൾ അച്ഛൻ എന്നെ നോക്കി ചിരിച്ചുകൊണ്ടിരിക്കും. ഒരിക്കൽ ഞാൻ ഒരുപാടു വിഷയങ്ങളിൽ മോശം മാർക്ക് വാങ്ങി. ആ സമയത്ത് ‘ഇങ്ങനെ പൊട്ടിയ ഒരാളെ കണ്ടിട്ടില്ല’ എന്നു പറഞ്ഞ് അച്ഛൻ എനിക്കൊരു 100 രൂപ എടുത്തു തന്നു. ഞാൻ അത് എന്റെ ഫ്രണ്ട്സിനോടു പറഞ്ഞപ്പോൾ അവർ അന്തംവിട്ടുപോയി. അക്കാര്യത്തിൽ ഒക്കെ അച്ഛൻ കൂൾ ആണ്.    


∙ മാനസിക പിന്തുണ വേണമെങ്കിൽ അച്ഛൻ മക്കളിൽ ആരുടെ അടുത്താണ് വരിക ?


അച്ഛൻ അങ്ങനെ ഒന്നിനും ആരെയും ആശ്രയിക്കാറില്ല. എന്തെങ്കിലും വിഷമം വന്നാൽ ആരോടും ഒന്നും പറയാതെ റൂം അടച്ച് ഒറ്റയ്ക്കിരിക്കും. ചിലപ്പോൾ അമ്മയോടു പറയും. പിന്നെ കുറച്ചെങ്കിലും പറയുക എന്നോടാണ്. അച്ഛന് കാലോ കയ്യോ വേദനിക്കുന്നുണ്ടങ്കിൽ തിരുമ്മി കൊടുക്കും. തലയിൽ മസാജ് ചെയ്യും. അപ്പോൾ ഞങ്ങൾ ഒരുപാടു സംസാരിക്കും. അപ്പോൾ ചിലതൊക്കെ പറയും. അതല്ലാതെ അച്ഛന്റെ ടെൻഷൻ മറ്റാർക്കും പകർന്നു കൊടുക്കില്ല. എല്ലാം ഉള്ളിലൊതുക്കും.



∙ മറക്കാനാവാത്ത അനുഭവം


അടുത്തിടെ ഞാൻ ഒരു അപകടത്തിൽ പെട്ടു. വീട്ടിലെ കാർ കൊണ്ടു പോകുകയും അതൊരു സ്കൂട്ടർ യാത്രികനെ തട്ടുകയും ചെയ്തു. എനിക്കും അയാൾക്കും കുഴപ്പം ഉണ്ടായില്ല. പക്ഷേ വണ്ടിക്ക് നല്ല ഡാമേജ് ഉണ്ടായി. പേടിച്ചാണ് അച്ഛനെ വിളിച്ചത്. ‌നിനക്കെന്തെങ്കിലും സംഭവിച്ചോ എന്നാണ് അച്ഛൻ ആദ്യം ചോദിച്ചത്. പിന്നെ സ്കൂട്ടറിൽ വന്ന ആളിന് കുഴപ്പമുണ്ടോ എന്നും. ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യാൻ പറഞ്ഞു. ഞങ്ങൾ പൊലീസ് സ്റ്റേഷനിൽ എത്തുമ്പോഴേക്കും അച്ഛൻ അവിടെ വിളിച്ച് എല്ലാം അറേ‍ഞ്ച് ചെയ്തിരുന്നു. എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. അച്ഛൻ എന്നെ വഴക്കു പറയും എന്ന് ഞാൻ കരുതി. പക്ഷേ ടെൻഷൻ അടിപ്പിക്കേണ്ടെന്നു കരുതി ഒന്നും സംഭവിക്കാത്തതു പോലെയായിരുന്നു എന്നോടു പെരുമാറിയത്. ആ പ്രതിസന്ധിഘട്ടത്തിൽ എനിക്ക് അതു വലിയ പിന്തുണ ആയിരുന്നു.


∙ അച്ഛനെതിരെയുള്ള സൈബര്‍ ആക്രമണങ്ങളെ എങ്ങനെ കാണുന്നു ?


സൈബർ ആക്രമണം ഇപ്പൊൾ ഒരു ശീലമായി. അച്ഛനു മാത്രമല്ല ഞങ്ങള്‍ എല്ലാവർക്കും. ഒരു പരിചയവുമില്ലാത്ത ചിലർ വന്ന് എന്നെ ‘ശവം’ എന്നൊക്കെ വിളിച്ചിട്ടു പോകാറുണ്ട്. ഇവർ എന്തിനായിരിക്കും എന്നെ ഇങ്ങനെ വിളിച്ചതെന്ന് ആലോചിക്കാറുണ്ട്. രാഷ്ട്രീയ നിലപാട് തുറന്നു പറഞ്ഞപ്പോഴാണ് അച്ഛനെതിരെ കൂടുതൽ സൈബർ ആക്രമണം ഉണ്ടായിട്ടുള്ളത്. ഇഷ്ടമുള്ള രാഷ്ട്രീയ പാർട്ടിയിൽ വിശ്വസിക്കാൻ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. അച്ഛനും അതേ ചെയ്തിട്ടുള്ളൂ. അച്ഛൻ വിശ്വസിക്കുന്നത് കേരളത്തിൽ പലർക്കും ഇഷ്ടമല്ലാത്ത പാർട്ടിയിലാണ്. എല്ലാവരുടെയും ഇഷ്ടം മാത്രം നോക്കി കാര്യങ്ങൾ ചെയ്യാൻ പറ്റുമോ ? എന്തു ചെയ്യണം എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടല്ലോ. ഞാനോ എന്റെ അച്ഛനോ മറ്റൊരാളിന്റെ സ്വാതന്ത്ര്യത്തിൽ ഇടപെടാറില്ല.



ആദ്യമൊക്കെ എനിക്ക് ദേഷ്യം വരാറുണ്ടായിരുന്നു. ഞാൻ ഒരുപാട് സ്നേഹം പ്രകടിപ്പിക്കുന്ന ആളല്ല. എന്നു കരുതി എന്റെ വീട്ടുകാരെ ആരെങ്കിലും പറഞ്ഞാൽ നോക്കി നിൽക്കില്ല. ഞാൻ ആ നിമിഷം പ്രതികരിക്കും. പക്ഷേ അച്ഛൻ ഇതൊന്നും ശ്രദ്ധിക്കാറില്ല. ഇതിനൊക്കെ മറുപടി പറഞ്ഞാൽ അതിനേ നേരം കാണൂ. ഇവരോടൊക്കെ സംസാരിക്കാൻ നിന്നാൽ നമ്മള്‍ മോശമാകുകയേ ഉള്ളൂ. ഇതാണ് അച്ഛന്റെ ലൈൻ. ഞാനും ഇപ്പോൾ കൂടുതൽ പ്രതികരിക്കാറില്ല.


∙ അച്ഛനെ എങ്ങനെ വിലയിരുത്തുന്നു ?


അച്ഛൻ എന്നു പറഞ്ഞാല്‍ ഒരു ധൈര്യമാണ്. അച്ഛൻ വീട്ടിലുണ്ടെങ്കിൽ സുരക്ഷിതത്വം തോന്നും. എപ്പോഴും ചിരിക്കാൻ ആഗ്രഹിക്കുന്ന, കൂളായ ഒരാളാണ് ഞങ്ങളുടെ അച്ഛൻ.  പെൺകുട്ടികൾ അച്ഛൻമാരെ ഒരിക്കലും വേദനിപ്പിക്കരുത് എന്നാണ് എനിക്കു പറയാനുള്ളത്. സോഷ്യൽ മീഡിയ ഉപയോഗം കൂടിയതോടെ, ഒന്നും ആലോചിക്കാതെ, ഇന്നലെക്കണ്ട പയ്യനോടൊപ്പം പെൺകുട്ടികൾ ഇറങ്ങിപ്പോകുന്ന ഒരുപാടു വാർത്തകൾ കേൾക്കാറുണ്ട്. നിങ്ങൾക്ക് എന്താണു നല്ലതെന്നു നിങ്ങളെ ഈ പ്രായം വരെ വളർത്തിയ അച്ഛനും അമ്മയ്ക്കും നന്നായി അറിയാം. അപ്പുറത്തെ വീട്ടിൽനിന്ന് വിസിൽ അടിക്കുന്ന പയ്യനല്ല ഇത്രയും നാൾ നിങ്ങളെ വളർത്തിയത്. ആരെയെങ്കിലും ഇഷ്ടമാണെങ്കിൽ അതു വീട്ടിൽ അവതരിപ്പിച്ച് അവരുടെ സമ്മതത്തോടെ വിവാഹം ചെയ്യുക. എനിക്ക് ഒരാളെ ഇഷ്ടമാണെങ്കിൽ അത് അച്ഛനോട് പറയും. വീട്ടുകാരുടെ സമ്മതത്തോടെയല്ലാതെ ഞാൻ ആരോടൊപ്പവും പോകില്ല.  എന്റെ അച്ഛനും അമ്മയും എന്റെ ഇഷ്ടത്തിന് എതിരു നിൽക്കില്ല എന്നെനിക്ക് അറിയാം. അതുപോലെ ഓരോരുത്തരും മാതാപിതാക്കളെ വിഷമിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുക.