19 April 2024 Friday

നരണിപ്പുഴ ഷാനവാസ് ഒരുക്കുന്ന ചിത്രം'സൂഫിയും സുജാതയും' ആമസോൺ പ്രൈമിലൂടെ റിലീസിന് , 'ഇവരുടെ രണ്ടു പേരുടെയും പടങ്ങൾ ഇനി തീയേറ്റർ കാണില്ല': ഭീഷണിയുമായി എക്സിബിറ്റേഴ്സ് ഫെ‍ഡറേഷൻ

ckmnews




കൊച്ചി: സിനിമകൾ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുന്നത് തിയേറ്ററുകൾക്ക് വെല്ലുവിളി അല്ലെന്ന് നടനും നിർമ്മാതാവും ആയ വിജയ് ബാബു അഭിപ്രായപ്പെട്ടു. സിനിമ റിലീസ് ചെയ്യാൻ കൊറോണ കാലം കഴിയുന്നത് വരെ കാത്തിരിക്കാനാവില്ല. നിലനിൽക്കണം എങ്കിൽ ഈ വഴിയേ ഉളളു എന്നും അദ്ദേഹം പറഞ്ഞു.


ജയസൂര്യ നായകനാകുന്ന സൂഫിയും സുജാതയും എന്ന ചിത്രം ആമസോൺ പ്രൈമിലൂടെ ജൂണിൽ റിലീസ് ചെയ്യും. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ഇതാണ് തന്റെ തീരുമാനം. റംസാന് റിലീസ് ചെയ്യാൻ ഇരുന്നതാണ്. അതിന് പറ്റാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. ചെറിയ സിനിമകൾ ഓൺലൈൻ റിലീസ് ചെയ്യാൻ കിട്ടിയ അവസരം ഉപയോ​ഗിക്കുകയാണ്. ഈ സമയത്ത് ഇതല്ലാതെ വേറെ വഴിയില്ല. ഇങ്ങനെയല്ലെങ്കിൽ ചിത്രത്തിന്റെ മുടക്കുമുതൽ തിരിച്ചുതരാനാകുമെന്ന് തിയേറ്റർ ഉടമകൾക്ക് വാക്കു തരാൻ പറ്റുമോ. വലിയ ചിത്രങ്ങൾ തിയേറ്ററിൽ കൂടുതൽ ഓടാനും ഈ തീരുമാനം സഹായകമാകുമെന്നും വിജയ് ബാബു പറഞ്ഞു.


വിജയ് ബാബു നിർമ്മിച്ച സൂഫിയും സുജാതയും ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്. അദിതി റാവു ഹൈദരിയാണ് ചിത്രത്തിൽ നായിക. ഇതുൾപ്പടെ ഏഴോളം സൂപ്പർതാര ചിത്രങ്ങളാണ് ഓൺലൈൻ റിലീസിന് ഒരുങ്ങുന്നത്.


നിർമാതാവ് വിജയ് ബാബുവിന്റെയും നടൻ ജയസൂര്യയുടെയും ഒരു ചിത്രവും ഇനി കേരളത്തിലെ തീയേറ്ററിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെ‍ഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീർ. ജയസൂര്യ നായകനായെത്തുന്ന സൂഫിയും സുജാതയും എന്ന ചിത്രം ഓൺലൈൻ റിലീസിന് തയ്യാറെടുക്കുന്ന വേളയിൽ മതൃഭൂമി ഡോട് കോമിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


നരണിപ്പുഴ ഷാനവാസ് ഒരുക്കുന്ന ചിത്രം ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ നിർമിക്കുന്നത് വിജയ് ബാബുവാണ്. സിനിമാ വ്യവസായം ഒന്നടങ്കം വലിയൊരു പ്രതിസന്ധിയെ നേരിട്ട് കൊണ്ടിരിക്കുന്ന സമയത്ത് ഇവർ ചെയ്യുന്നത് ചതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.      


ലിബർട്ടി ബഷീറിന്റെ വാക്കുകൾ


കേരളത്തിലെ തീയേറ്ററുകൾ അടച്ചിട്ടിട്ട് 67-ാം ദിവസത്തിലേക്ക് കടക്കുകയാണ്. നേരത്തെ തീയേറ്ററിൽ കളിച്ചുകൊണ്ടിരുന്ന ചിത്രങ്ങൾ ഇത്തരം ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ കൊടുക്കുന്നു എന്ന് പറയുന്നതിൽ ന്യായമുണ്ട്. പക്ഷേ  ഇന്ന് സിനിമാ വ്യവസായം മുഴുവൻ അതിൽ തീയേറ്റർ ഉടമകൾ മാത്രമല്ല ആർടിസ്റ്റുകൾ ഉണ്ട് മറ്റ് തൊഴിലാളികൾ ഉണ്ട്, ഇവരെല്ലാം വലിയൊരു പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന സമയത്ത് ഒറ്റപ്പെട്ട ഒന്നോ രണ്ടോ വ്യക്തികൾ ഒരു സിനിമ വേറെ പ്ലാറ്റ്ഫോമിൽ പ്രദർശനത്തിനെത്തിക്കുന്നു എന്ന് പറയുന്നത് സിനിമാ വ്യവസായത്തോട് ചെയ്യുന്ന ഏറ്റവും വലിയ  ചതിയാണ്.


അതിലൊരു വ്യക്തി മലയാള സിനിമയിൽ നിന്ന് കോടിക്കണക്കിന് രൂപ ലാഭം കൊയ്ത നിർമാതാവാണ്.   തീയേറ്ററുകളിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഓടിച്ച് കൊണ്ട് ഹിറ്റുകൾ നേടിയ നിർമാതാവാണ്. അങ്ങനെ ഒരു വ്യക്തി തന്റെ ചിത്രം ആമസോൺ പോലുള്ള ഓൺലൈൻ റിലീസ് പ്ലാറ്റ്ഫോമുകളിലേക്ക് കൊടുക്കുകയാണെങ്കിൽ വിജയ് ബാബുവിന്റെ മാത്രമല്ല അതിനെ പ്രമോട്ട് ചെയ്യുന്ന ജയസൂര്യയുടെയും ഒരു ചിത്രവും കേരളത്തിലെ തീയേറ്ററിൽ പ്രദർശിപ്പിക്കില്ല എന്നുള്ളത് ഉറപ്പാണ്. ആരൊക്കെ ഇതിന് പിന്തുണയുമായി വന്നാലും അതിനെ ഒറ്റക്കെട്ടായി നേരിടും.


ഓണം ഒക്കെ വരുമ്പോഴേക്കും ഈ പ്രശ്നങ്ങൾ എല്ലാം മാറി തീയേറ്റർ റിലീസുകൾ സാധ്യമാവുമെന്ന പ്രതീക്ഷയിലാണ് ഏവരും. ആ പ്രതീക്ഷകൾ തെറ്റിച്ച് കൊണ്ട് ഇത്തരം പ്രവർത്തികൾ അം​ഗീകരിക്കാനാവില്ല. ഒരു പുതുമുഖ  നിർമാതാവാണ് ഇത്തരത്തിലൊരു കാര്യം ചെയ്തത് എങ്കിൽ അത് മനസിലാക്കാനാവും. സാമ്പത്തിക പ്രതിസന്ധി മൂലമാണെെന്ന്. പക്ഷേ ഇത് ഇത്ര വലിയ ഹിറ്റുകൾ നേടിയ നിർമാതാവും നടനുമാണ്.


സിനിമ തീയേറ്റിൽ കളിച്ചാലേ അയാൾ സിനിമാ നടനാവൂ. ഇത്തരം പ്ലാറ്റ്ഫോമുകളിലൂടെ വരുമ്പോൾ അയാൾ സീരിയൽ നടനായി മാറും. അയാളുടെ ഭാവി കൂടി ചിന്തിക്കേണ്ടെ. അതുകൊണ്ട് അത്തരം നീക്കം നടത്തുന്നത് എത്ര വലിയ നടനായാലും അയാളുടെ ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ കളിപ്പിക്കില്ലെന്ന ഉറച്ച തീരുമാനമാണ് ഞങ്ങൾ കൈക്കൊള്ളുന്നത്.