18 April 2024 Thursday

ക്ലബ് ഹൗസ് നിങ്ങൾ വിചാരിച്ച ആപ്പല്ല തരുണീമണികളെ... പൊല്ലാപ്പാകാതെ സൂക്ഷിച്ചാല്‍ നിങ്ങള്‍ക്ക് കൊള്ളാം..കൈവിട്ടാല്‍ ജീവിതം തന്നെ മാറി മറിയും

ckmnews

ക്ലബ് ഹൗസ് നിങ്ങൾ വിചാരിച്ച ആപ്പല്ല തരുണീമണികളെ... പൊല്ലാപ്പാകാതെ സൂക്ഷിച്ചാല്‍ നിങ്ങള്‍ക്ക് കൊള്ളാം..കൈവിട്ടാല്‍ ജീവിതം തന്നെ മാറി മറിയും


നാട്ടിൻപുറത്തെ ഒരു ആൽമരച്ചുവട്ടിൽ തല കുനിച്ച് തങ്ങളുടെ ഫോണിൽ നോക്കിയിരിക്കുന്ന യുവാക്കൾ, കുറച്ചു മാറി തലയുയർത്തി പരസ്പരം സൊറ പറഞ്ഞിരിക്കുന്ന കുറച്ചു വൃദ്ധർ. ‘തല കുനിച്ച് യുവത്വം, തലയുയർത്തി വാർധക്യം’ എന്ന അടിക്കുറിപ്പോടെ സമൂഹമാധ്യമ ഗ്രൂപ്പുകളിൽ അടുത്ത കാലത്ത് വൈറലായ ഒരു ചിത്രമാണിത്.വർധിച്ചു വരുന്ന സ്മാർട് ഫോൺ ഉപയോഗത്തെ വിമർശിക്കുന്നതായിരുന്നു ഇൗ ചിത്രമെങ്കിലും തല കുനിച്ചിരുന്നാണെങ്കിലും സൊറ പറയാനും ചർച്ചകൾ നടത്താനും അതേ സ്മാർട് ഫോണിൽ ഒരു ആപ് വന്നു. ക്ലബ് ഹൗസ്. 

കോവിഡും ലോക്ഡൗണും മൂലം ഒന്നിച്ചിരുന്നുള്ള ‘വെടിവട്ടം പറച്ചിൽ’ മിസ്സായത് നാട്ടിലെ സീനിയർ സിറ്റിസൺസിനാണെങ്കിലും തല കുനിച്ചിരിക്കുന്നവരെന്ന് ആക്ഷേപം കേട്ട യുവജനതയ്ക്കിടയിലാണ് ക്ലബ് ഹൗസ് ഹിറ്റായത്. എഴുത്തുകളിലൂടെയും ട്രോളുകളിലൂടെയും സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചിരുന്നവരുടെ ഇടയിലേക്ക് ക്ലബ് ഹൗസ് എന്ന വോയ്സ് ആപ് എത്തിയതോടെ കാര്യങ്ങൾ കീഴ്മേൽ മറിയാൻ അധികകാലം വേണ്ടി വന്നില്ല. കഷ്ടിച്ച് രണ്ടാഴ്ച കൊണ്ട് പലരുടെയും സ്മാർട് ഫോണിലെ അത്യന്താപേക്ഷിക‍ ആപ്പായി ക്ലബ് ഹൗസ് മാറി. 


‘Social media is about sociology and psychology more than technology’ എന്നതാണ് സമൂഹമാധ്യമങ്ങളെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ തന്നെ പ്രചരിക്കുന്ന ഏറ്റവും ലളിതമായ നിർവചനം. രൂപഭാവങ്ങളും സാങ്കേതികതകളുമൊക്കെ പലതാണെങ്കിലും എല്ലാ സമൂഹമാധ്യമങ്ങളുടെയും പ്രധാന ഉദ്ദേശം ഒന്നു തന്നെ. ആളുകളെ തമ്മിൽ ബന്ധിപ്പിക്കുക. ഇൗ തറവാട്ടിലെ കാരണവരായ ഒാർക്കുട്ട് മുതൽ ഇളമുറക്കാരനായ ക്ലബ് ഹൗസ് വരെ ചെയ്തു കൊണ്ടിരിക്കുന്നതും അതു തന്നെ. ഇരുതലമൂർച്ചയുള്ള വാളെന്ന ക്ലീഷേ വിശേഷണം സോഷ്യൽ മീഡിയയ്ക്കുണ്ട്. അതായത് സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ കൈ മുറിയുമെന്ന് അർഥം. പക്ഷേ ഒട്ടും ക്ലീഷേ അല്ലാത്ത ഡെമോക്ലീസിന്റെ വാളെന്ന വിശേഷണമാണ് ക്ലബ് ഹൗസിനുള്ളത്. അതായത് നമ്മുടെ കഴുത്തിനു മുകളിൽ ചിലപ്പോഴെങ്കിലും നമ്മുടെ നിയന്ത്രണത്തിനതീതമായി അപകടകരമാം വിധം ആടിക്കളിക്കുകയാണ് അവൻ. 


∙ ക്ലബ് ഹൗസ് എന്ന പൊതു ഇടം


സമൂഹമാധ്യമം എന്ന പേര് ഏറ്റവും അന്വർഥമാക്കുന്ന ആപ്പാണ് ക്ലബ് ഹൗസ്. അവിടെ ഒന്നും രഹസ്യമല്ല, എല്ലാം പരസ്യമാണ്. നിങ്ങൾ പങ്കെടുക്കുന്ന ചർച്ചകൾ, കേൾക്കുന്ന ചർച്ചകൾ, പറയുന്ന വിവരങ്ങൾ തുടങ്ങി എല്ലാം പരസ്യമാണ്. മറ്റു സമൂഹമാധ്യമങ്ങളിലേതു പോലുള്ള ഒരു പ്രൈവറ്റ് സ്പേസ് ക്ലബ് ഹൗസിലില്ല (പ്രൈവറ്റ് റൂമുകൾ ഉണ്ടെന്നത് വിസ്മരിക്കുന്നില്ല). അതു തന്നെയാണ് ഇൗ ആപ്പിന്റെ ഏറ്റവും വലിയ ന്യൂനതയും. ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം എന്നിവ വഴിയുള്ള പ്രണയ, പണത്തട്ടിപ്പുകളും മറ്റും സർവസാധാരണമായിരിക്കുന്ന ഇക്കാലത്ത് ക്ലബ് ഹൗസ് പോലൊരു ആപ്പ് സൃഷ്ടിക്കാൻ പോകുന്ന പുതിയ പൊല്ലാപ്പുകൾ ഏറെയായിരിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.



∙ ഓൺലൈൻ ക്ലാസ് ക്ലബ് ഹൗസിലാണത്രേ!


കോവിഡ് വരുന്നതിനു മുൻപുള്ള കാലത്ത് ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്കു പോകുന്നതും കറങ്ങാൻ പോകുന്നതുമൊക്കെയായിരുന്നു കുട്ടികളുടെ വികൃതികൾ. എന്നാൽ ക്ലാസുകൾ ഓൺലൈൻ ആയതോടെ ട്രെൻഡ് മാറി. ഒാൺലൈൻ ക്ലാസ്സാണെന്നു പറഞ്ഞ് മറ്റ് ആപ്പുകളിൽ കയറി അഭ്യാസം നടത്തുകയാണ് ചില വിരുതന്മാരെങ്കിലും. മിക്ക വിദ്യാർഥികളുടെ കൈവശവും സ്മാർട് ഫോണുണ്ട്. ഒപ്പം അതിവേഗ ഇന്റർനെറ്റും. ഓൺലൈൻ പഠനത്തിനായി നൽകിയിരിക്കുന്ന ഫോണുകളിൽ കുട്ടികൾ എന്താണ് ചെയ്യുന്നതെന്ന് മിക്ക രക്ഷിതാക്കളും ശ്രദ്ധിക്കാറില്ല, അല്ലെങ്കിൽ ശ്രദ്ധിക്കാൻ സമയം കിട്ടാറില്ല. ചിലർക്കെങ്കിലും അതിലെ സാങ്കേതികവിദ്യകൾ അപരിചിതവുമാണ്. പീരിയോഡിക് ടേബിളിന്റെ ഒടിഞ്ഞ കാലു മാറാൻ കാശ് ‌വാങ്ങിയിരുന്നവർ കഴിഞ്ഞ തലമുറയിലുണ്ടെങ്കിൽ പ്ലേ സ്റ്റോറിൽ പോയി സൂം ആപ് വാങ്ങാൻ പണം വാങ്ങുന്നവർ ഇൗ തലമുറയിലുണ്ട്.


ഫെയ്സ്ബുക്കും ഇൻസ്റ്റയും ഉപയോഗിച്ച് നേരിൽ കണ്ടിട്ടുപോലുമില്ലാത്ത നിരവധി പേരുമായി സൗഹൃദമുണ്ടാക്കുന്ന കുട്ടികൾ നമുക്കിടയിലുണ്ട്. എന്നാൽ, ഈ സുഹൃത്തുക്കളിലെ വ്യാജന്മാരെയും തട്ടിപ്പുക്കാരെയും മനസ്സിലാക്കാൻ അവരിൽ പലർക്കും സാധിക്കുന്നില്ല. ക്ലബ് ഹൗസ് തരംഗമാകുമ്പോൾ അവിടെയും എണ്ണത്തിൽ മുന്നിൽ കുട്ടികളാണ്. തങ്ങൾക്ക് ഒരു പരിചയവുമില്ലാത്ത ഗ്രൂപ്പുകളിൽ തള്ളി കയറുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ എണ്ണം കുറവല്ല. നിലവാരം കുറഞ്ഞ അശ്ലീല, പൈങ്കിളി ചർച്ചകളിൽ ചിലരെങ്കിലും സമയം ചിലവിടുന്നു. മറ്റു സമൂഹമാധ്യമങ്ങളിൽ ഇതിനൊക്കെ ഒരു മറയുണ്ടെങ്കിൽ ക്ലബ് ഹൗസിൽ അതില്ല. ഒരാൾ പങ്കെടുക്കുകയും കേൾക്കുകയും ചെയ്യുന്ന ചർച്ചകൾ മറ്റെല്ലാവർക്കും അറിയാമെന്നതിനാൽ അപകടങ്ങളേറെ.



∙ പെൺകുട്ടികൾക്കായി ആങ്ങളമാരുടെ ക്ലബ്


സൗഹൃദം, പ്രണയം തുടങ്ങി കൗമാരക്കാരെ ആകർഷിക്കുന്ന പല വിഷയങ്ങളും ക്ലബ് ഹൗസിൽ ചർച്ചയാകുന്നുണ്ട്. ആദ്യം ആരോഗ്യകരമായ ചർച്ചകളാണ് നടക്കുന്നതെങ്കിൽ അതിനെ അവിടെ നിന്നും അശ്ലീലതയുടെ ട്രാക്കിലേക്ക് പതിയെ എത്തിക്കുന്ന ആങ്ങളമാർ ആ ക്ലബിൽ തന്നെയുണ്ടാകും. സഹോദരിമാരോടുള്ള സ്നേഹത്തെയാ‌ണ് അതിനു മറയാക്കുന്നതെങ്കിലും ക്രമേണ കൂടെ പോരുന്നോ, അവിഹിതത്തിനു താൽപര്യമുണ്ടോ, തുടങ്ങി കേൾക്കാൻ പാടില്ലാത്ത പലതും ഇത്തരം ഗ്രൂപ്പുകളിൽ പരസ്യമായി ചർച്ച ചെയ്യുന്നു. ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ അവിഹിതത്തെക്കുറിച്ച് ആണും പെണ്ണും തമ്മിൽ ചർച്ച ചെയ്യാൻ പാടില്ലെന്ന് നിയമം ഇല്ലെങ്കിലും ഇതിനിടയിൽ പെട്ടു പോകുന്ന കുട്ടികളുടെ കാര്യമാണ് കഷ്ടം. അഞ്ഞൂറും ആയിരവും പേർ പങ്കെടുക്കുന്ന വലിയ ചർച്ചാ ഗ്രൂപ്പുകളിലാണ് ഇതൊക്കെ നടക്കുന്നത്. അറിയാതെയാണെങ്കിലും ഇത്തരം ‘മസാല ചർച്ചകളിൽ’ പങ്കെടുക്കുന്നവരെ തിരഞ്ഞു പിടിച്ച് പിന്തുടർന്ന് ശല്യപ്പെടുത്തുന്നവരും നിരവധി. 


∙ സിംഗിളായി വരൂ... കമിറ്റടായി പോകാം...


ക്ലബ് ഹൗസ് ചർച്ചകളുടെ വിഷയം കൂടുതൽ ആകർഷകമാക്കുക എന്നതാണ് എപ്പോഴും അതിന്റെ മോഡറേറ്റർമാരുെട ജോലി. തങ്ങൾ ടാർഗറ്റ് ചെയ്യുന്നവർക്കിടയിൽ എളുപ്പത്തിൽ ശ്രദ്ധ നേടുക എന്നതാണ് ലക്ഷ്യം. ‘സിംഗിളായി വരൂ... കമിറ്റടായി പോകാം...’ കഴിഞ്ഞ ദിവസം നടന്ന ഒരു ക്ലബ് ഹൗസ് ചർച്ചയുടെ പ്രമേയം ഇതായിരുന്നു. ആയിരക്കണക്കിന് യുവതീയുവാക്കൾ പങ്കെടുത്ത ചർച്ചയിൽ (ചർച്ച എന്ന് സാങ്കേതികമായി പറയാം എന്നേയുള്ളൂ) പ്രായപൂർത്തിയാകാത്തവരും പങ്കെടുത്തിരുന്നു. ഒരു പരിചയവുമില്ലാത്തവരുമായി പുതിയ ബന്ധങ്ങൾ സ്ഥാപിക്കൽ ആണ് ഇത്തരം ചർച്ചകളുടെ മുഖ്യ ലക്ഷ്യം. യാതൊരു സ്വകാര്യതയുമില്ലാത്ത ചർച്ചയിൽ സ്വന്തം വ്യക്തി വിവരങ്ങൾ പങ്കിട്ട് തങ്ങളുടെ ഫെയ്സ്ബുക്, ഇൻസ്റ്റ ഐഡിയിലേക്കും മറ്റുമൊക്കെ ക്ഷണിക്കുന്ന നിരവധിപ്പേരുണ്ട്. പ്രൊഫൈൽ പിക് കണ്ട് ആളെ തിരഞ്ഞെടുക്കൂ എന്ന് നിർബന്ധിക്കുന്നവരുമുണ്ട്. സിംഗിളായി വന്ന് ഒടുവിൽ തലയിൽ ഒഴിയാബാധകൾ ചുമക്കേണ്ട അവസ്ഥയിൽ എത്തും നാം. 



∙ വാ വിട്ടു പറഞ്ഞാൽ പണി പാഴ്സലായി കിട്ടും


ക്ലബ് ഹൗസ് ചര്‍ച്ചയില്‍ സംസാരിക്കാൻ എത്തുന്നവർക്ക് ചില വിരുതൻമാർ പണി കൊടുക്കുന്നുണ്ട്. ലൈംഗികതയെക്കുറിച്ച് നടന്ന ചർച്ചയുടെ ഓഡിയോയും അതിന്റെ സ്ക്രീൻഷോട്ടും പ്രചരിപ്പിച്ച് തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് വയനാട് സ്വദേശിയായ യുവതി നൽകിയ പരാതി അതിലൊന്നാണ്. പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത് കേസെടുത്ത സംഭവത്തിൽ ഓഡിയോ റെക്കോർഡ് ചെയ്ത് പെൺക്കുട്ടികളുടെ ചിത്രങ്ങൾ സഹിതം യൂട്യൂബില്‍ പ്രചരിപ്പിക്കുകയാണുണ്ടായത്. അതായത് റെക്കോർഡ് ചെയ്യാനുള്ള ഒാപ്ഷൻ ക്ലബ് ഹൗസ് നൽകുന്നില്ലെന്ന് വച്ച് എന്തും തുറന്നു പറയാനുള്ള വേദിയാക്കി അതിനെ മാറ്റരുതെന്ന് അർഥം. ഒരു സിനിമ തിയറ്ററിൽ റിലീസ് ചെയ്യും മുൻപ് അതേ സിനിമ ടൊറന്റിൽ എത്തിക്കുന്ന ‘സാങ്കേതിക വിദഗ്ധർ’ നാട്ടിലുണ്ടെന്ന് മനസ്സിലാക്കുക. ചർച്ചകളെല്ലാം രഹസ്യമാണെന്നും ഗ്രൂപ്പിലുളളവർ മാത്രമേ കേൾക്കുകയുളളു എന്നും കരുതരുത്. നിങ്ങൾ പറയുന്നതൊക്കെ സ്ക്രീൻ റെക്കോർഡർ പോലുള്ള ആപ്പുകൾ ഉപയോഗിച്ച് ലളിതമായി റെക്കോർഡ് ചെയ്യാവുന്നതേയുള്ളൂ. ചില അശ്ലീല, ൈലംഗിക വിവാദ ചർച്ചകളെല്ലാം ഇപ്പോൾ യൂട്യൂബിലും ഫെയ്സ്ബുക്കിലും വാട്സാപ്പിലും വൈറലാണ്. പലരുടെയും പ്രൊഫൈൽ ചിത്രങ്ങളും മറ്റു വിവരങ്ങളും ഉൾപ്പടെയാണ് വോയ്സുകൾ പ്രചരിക്കുന്നത്. ഇതൊക്കെ കാരണം ജീവിതം തന്നെ തകർന്നേക്കാം, ചിലപ്പോൾ കോടതി കയറേണ്ടിയും വന്നേക്കാം. 


∙ കെണിയിൽ വീണ കിളികൾ


എന്താണ് ക്ലബ് ഹൗസ് ? എന്താണ് അവിടെ നടക്കുന്നത് ? ഒന്നു നോക്കി കളയാം എന്നൊക്കെ വിചാരിച്ച് അവിടെ എത്തിയവരാണ് മിക്ക കുട്ടികളും. അവരിൽ പലരും പ്രൊഫൈലിൽ കൃത്യമായ വിവരങ്ങളും സ്വന്തം ഫോട്ടോയും നൽകിയാണ് ലോഗിൻ ചെയ്യുന്നത്. കണ്ണ് നല്ലതാണ്, മൂക്കിന് എടുപ്പുണ്ട്, ചുണ്ട് ചുവന്നിട്ടാണ്, പുരികം വളഞ്ഞിട്ടാണ്, സുന്ദരിയാണ് എന്നൊക്കെയുള്ള ക്ലബ് ഹൗസ് ആങ്ങളമാരുടെ പുകഴ്ത്തലുകളിൽ വീഴുന്ന പെൺകുട്ടികൾ‌ പക്ഷേ സ്വയം കുഴിച്ച കുഴിയിൽ വീഴുകയാണെന്ന് മനസ്സിലാക്കുന്നില്ല. അറിയാതെയെങ്കിലും ഒരു ഗ്രീൻ സിഗ്നൽ കൊടുത്താൽ തീർന്നു. കെണിയിൽ വീണ കിളികളുടെ അവസ്ഥയാകും. അപ്പുറത്തുള്ളയാളുടെ ശബ്ദം മാത്രമാണ് നാം കേൾക്കുന്നതെന്ന് മനസ്സിലാക്കുക. അയാൾ ആരാണ്, എന്താണ് എന്നൊക്കെയുള്ളത് ഒരു പരിധി വരെ നമുക്ക് അജ്ഞാതമാണ്. ശബ്ദം മാത്രം കേട്ട് അബദ്ധത്തിൽ ചാടരുതെന്ന് ചുരുക്ക‌ം. 



∙ ചില തമാശകൾ ക്രൂരമാകും


‍ക്ലബ് ഹൗസ് ചർച്ചകൾ ഒരു തമാശയായി കണ്ടാൽ മതിയെന്നാണ് ചിലർ പറയുന്നത്. എന്നാൽ ഇത്തരം തമാശകൾക്കിടയിൽ വ്യക്തിവിവരങ്ങളും മറ്റും കൈമാറ്റം ചെയ്യപ്പെടുമ്പോൾ ഉണ്ടായേക്കാവുന്ന ചൂഷണങ്ങളും ദുരുപയോഗവും നിസാരമായി കാണാവുന്ന ഒന്നല്ല. ചർച്ചകളിൽ പങ്കെടുക്കുന്നവർക്ക് ഇതിന്റെ ഭവിഷ്യത്തുകളെക്കുറിച്ച് അറിയണമെന്നുമില്ല. പക്ഷേ ക്ലബ് ഹൗസ് ഇറങ്ങിയ നാൾ മുതൽ ഇതേ തമാശയ്ക്കും നേരമ്പോക്കിനും വേണ്ടി ഗ്രൂപ്പുകളായ ഗ്രൂപ്പുകൾ കയറിയിറങ്ങിയവരിൽ പലരും ഇന്നതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ‘ആൺകുട്ടികളെ ആകർഷിക്കാൻ’ എന്ന പേരിൽ നടന്ന ചർച്ചയിൽ വെറുതെ കൗതുകത്തിന് ഒരു അഞ്ചു മിനിറ്റ് കയറിയ പെൺകുട്ടിക്കു തന്റെ ഫെയ്സബുക്, ഇൻസ്റ്റഗ്രാം പേജുകളിൽ നിറയെ സന്ദേശങ്ങളുടെ പെരുമഴ. ‘തൽപര കക്ഷി’യാണെന്ന‌ോർത്ത് മുട്ടി വിളിച്ചതാണ് പലരും. ഒടുവിൽ ക്ലബ് ഹൗസ് അക്കൗണ്ട് ഡിലീറ്റ് ചെയ്തു, മറ്റു അക്കൗണ്ടുകൾ താൽക്കാലികമായി നിർത്തലാക്കി. അതായത് ഇനി എത്ര ആകർഷണീയമായ തലക്കെട്ടാണെങ്കിലും ഒരു ചർച്ചയിൽ കയറും മുൻപ് രണ്ടല്ല മൂന്നു വട്ടം ആലോചിക്കുക. 


∙ ക്ലബ് ഹൗസ് മുഴുവൻ ഫ്രോഡുകളല്ല


മേൽപ്പറഞ്ഞതൊക്കെ വായിച്ചിട്ട് ക്ലബ് ഹൗസിലെ ചർച്ചകൾ എല്ലാം കുഴപ്പം പിടിച്ചതാണെന്ന് പറയുന്നതിലും കാര്യമില്ല. ഗൗരവകരവും പ്രയോജനപ്രദവുമായ നിരവധി ചർച്ചകൾ ക്ലബ് ഹൗസിൽ നടക്കുന്നുണ്ട്. പലമേഖലകളിലെയും പ്രമുഖരും വിദഗ്ധരും പങ്കെടുക്കുന്ന ചർച്ചകൾ ഏറെ ഉപയോഗപ്രദവുമാണ്. നമ്മുടെ പല ജനപ്രതിനിധികളും ജനങ്ങളുടെ ആവശ്യം കേൾക്കാനുള്ള ഒരു പ്ലാറ്റ്ഫോമായി ഇപ്പോൾ ക്ലബ് ഹൗസിനെ ഉപയോഗിക്കുന്നുമുണ്ട്. അപ്പോൾ നാമെന്താണ് വേണ്ടത് ?


ക്ലബ് ഹൗസ് ആപ് സൂക്ഷിച്ച് ഉപയോഗിക്കുകയെന്നതാണ് നാം ചെയ്യേണ്ടത്. ഗൂഗിളിലോ ഫെയ്സ്ബുക്കിലൊ ഒക്കെ തിരയുന്നതു പോലെ ക്ലബ് ഹൗസിൽ ചെയ്യരുത്. അറിഞ്ഞോ അറിയാതെയോ ഉണ്ടാകുന്ന നമ്മുടെ ഒരു ക്ലിക്ക് പോലും പാരയാകാം. അതിനാൽ മറ്റു സമൂഹമാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നതിനേക്കാൾ കുറച്ചു കൂടി ജാഗ്രതയോടെ ക്ലബ് ഹൗസ് ഉപയോഗിക്കുക. എന്തും വിളിച്ചു പറയാനുള്ള ഒരു വേദിയാക്കി അതിനെ മാറ്റാതിരിക്കുക. നാമറിയാതെ പോലും നമ്മെ നിരീക്ഷിക്കുന്ന ഒരുപാടു പേർ അവിടെയുണ്ടാകും. ഒാരോ ക്ലിക്കും ജാഗ്രതയോടെ.