28 March 2024 Thursday

ലോക്ഡൗണ്‍ നാലാംഘട്ടത്തില്‍ കൂടുതല്‍ ഇളവുകള്‍:നിയന്ത്രണത്തോടെ പൊതുഗതാഗതം തുടങ്ങും

ckmnews

ലോക്ഡൗണ്‍ നാലാംഘട്ടത്തില്‍ കൂടുതല്‍ ഇളവുകള്‍:നിയന്ത്രണത്തോടെ പൊതുഗതാഗതം തുടങ്ങും, ഓണ്‍ലൈന്‍ വ്യാപാരത്തിനും അനുമതി


ലോക്ഡൗണ്‍ നാലാംഘട്ടത്തില്‍ രാജ്യത്ത് കൂടുതല്‍ ഇളവുകള്‍ അനുവദിച്ചേക്കുമെന്ന് സൂചന. മേയ് 18ന് തുടങ്ങുന്ന നാലാംഘട്ട ലോക്ഡൗണില്‍ ഹോട്‌സ്‌പോട്ട് ഒഴികെയുള്ള സ്ഥലങ്ങളിലായിരിക്കും ഇളവുകള്‍ നല്‍കുക. നിയന്ത്രിതമായി പൊതുഗതാഗതം ആരംഭിക്കാനും ഓണ്‍ലൈന്‍ വ്യാപാരത്തിന് അനുമതി ലഭിക്കാനും ഇടയുണ്ടെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


ഹോട്‌സ്‌പോട്ട് ഇടങ്ങള്‍ നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കായിരിക്കും. ഹോട്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയ ഇടങ്ങളില്‍ നാലിലൊന്ന് വിമാന, ബസ് സര്‍വീസുകള്‍ ആരംഭിക്കും. നിയന്ത്രിത തോതില്‍ മാത്രം യാത്രക്കാരെ കയറ്റാന്‍ ടാക്‌സി, ഓട്ടോ സര്‍വീസുകളെയും അനുവദിച്ചേക്കും.ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍ക്കും അനുമതി നല്‍കും. രോഗബാധിതരില്ലാത്ത ജില്ലകള്‍ക്കുള്ളില്‍ ഒതുങ്ങിനില്‍ക്കുന്നതായിരിക്കും സര്‍വീസുകള്‍.


യാത്രാ പാസ് ഉള്ളവര്‍ക്ക് മാത്രമായിരിക്കും അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് അനുമതി നല്‍കുക. അടുത്തയാഴ്ച മുതല്‍ ആഭ്യന്തര മേഖലയില്‍ പരിമിതമായി വിമാന സര്‍വീസുകള്‍ അനുവദിക്കും. ട്രെയിന്‍ സര്‍വീസുകള്‍ ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞു. അത്യാവശ്യ സാധനങ്ങള്‍ക്കൊപ്പം ഏതു സാധനങ്ങള്‍ക്കും ഹോം ഡെലിവറി അനുവദിക്കും. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച്‌ ധാരണയായത്.