18 April 2024 Thursday

പ്രഫുൽ ഖോ‍ഡ പട്ടേൽ മടങ്ങുന്നു: ദ്വീപുനിവാസികൾ പാത്രം കൊട്ടി യാത്രയാക്കും

ckmnews

പ്രഫുൽ ഖോ‍ഡ പട്ടേൽ മടങ്ങുന്നു: ദ്വീപുനിവാസികൾ പാത്രം കൊട്ടി യാത്രയാക്കും


കൊച്ചി∙ ഒരാഴ്ചത്തെ ലക്ഷദ്വീപ് സന്ദർശനത്തിനെത്തിയ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ഒരു ദിവസം മുൻപേ മടങ്ങുന്നു. 20ന് മടങ്ങാനായിരുന്നു ആദ്യ തീരുമാനമെങ്കിലും സന്ദർശനം വെട്ടിച്ചുരുക്കിയുള്ള മടക്കം ബിജെപി കേന്ദ്ര നേതൃത്വം അഡ്മിനിസ്ട്രേറ്ററെ ന്യൂഡൽഹിയിലേക്ക് വിളിപ്പിച്ചതിനാലെന്നാണു സൂചന. ഇന്നു രാവിലെ 8.20ന് കവരത്തിയിൽനിന്ന് ഹെലികോപ്റ്ററിൽ അഗത്തിയിലെത്തുന്ന അഡ്മിനിസ്ട്രേറ്റർ അവിടെ നിന്നു പ്രത്യേക വിമാനത്തിലാണു മടങ്ങുക.

അതേസമയം, ദ്വീപുനിവാസികൾ പാത്രം കൊട്ടി പ്രതിഷേധിച്ചാണു പട്ടേലിനെ യാത്രയാക്കുന്നത്. ഇന്നലെ രാത്രി 9നും 9.10നും ഇടയിൽ വിളക്കുകൾ അണച്ചു മെഴുകുതിരിയും ടോർച്ചും തെളിച്ചു പാത്രം കൊട്ടി ശബ്ദമുണ്ടാക്കി ദ്വീപുനിവാസികൾ ഒറ്റക്കെട്ടായി പ്രതിഷേധം അറിയിച്ചു.


അതിനിടെ, ബിജെപി ലക്ഷദ്വീപ് സംസ്ഥാന കമ്മിറ്റി ഓഫിസിനു നേരെ ആക്രമണം. ഓഫിസിനു മുന്നിൽ സ്ഥാപിച്ചിരുന്ന പ്രധാനമന്ത്രിയുടെ ചിത്രമുള്ള ബോർഡ് കരി ഓയിൽ ഒഴിച്ചു നശിപ്പിച്ചു. ഓഫിസ് കെട്ടിടത്തിലും പരിസരത്തും കരി ഓയിൽ ഒഴിച്ചിട്ടുണ്ട്. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ വിളക്കണച്ച് പ്രതിഷേധത്തിനിടെയിലാണ് അക്രമമെന്ന് ആരോപണമുയർന്നിട്ടുണ്ട്. കവരത്തി പൊലീസ് അന്വേഷണം ആരംഭിച്ചു.