20 April 2024 Saturday

സ്‌കൂളില്‍ നിന്ന് മകളുടെ പുസ്തകം വാങ്ങിപ്പോകുന്ന വഴി ലിഫ്റ്റ് ചോദിച്ച്‌ ബൈക്കില്‍ കയറിയ യുവതിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; ബൈക്കില്‍ നിന്ന് ചാടിയിറങ്ങിയ യുവതിയ്ക്ക് തലയിടിച്ച്‌ വീണ് പരിക്ക്, സംഭവം കൊല്ലത്ത്‌

ckmnews

കൊല്ലം: സ്‌കൂളില്‍ നിന്ന് മകളുടെ പുസ്തകം വാങ്ങിപ്പോകുന്ന വഴി ലിഫ്റ്റ് ചോദിച്ച്‌ ബൈക്കില്‍ കയറിയ യുവതിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. വാഹനമൊന്നും കിട്ടാതെ വന്നതോടെയാണ് ഭര്‍ത്താവിന്റെ സുഹൃത്തെന്ന് കരുതിയ ആളുടെ ബൈക്കിന് യുവതി കൈ കാണിച്ചത്. മാസ്‌ക് വച്ചതിനാല്‍ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല.

യാത്രക്കിടെ ഇയാള്‍ യുവതിയെ സമീപമുളള വനത്തിലേക്ക് കൊണ്ടു പോകാന്‍ ശ്രമിച്ചെന്നാണ് പരാതി. ഇത് മനസ്സിലാക്കി ബൈക്കില്‍ നിന്ന് ചാടിയിറങ്ങിയ യുവതിയ്ക്ക് തലയിടിച്ച്‌ വീണ് പരിക്ക്. കൊല്ലത്താണ് സംഭവം. യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചോഴിയക്കോട് സ്വദേശിനിയായ യുവതിയെയാണ് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. അരിപ്പല്‍ യുപി സ്കൂളില്‍ നിന്ന് മകള്‍ക്കുളള പുസ്തകവും വാങ്ങി വീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം.

റോഡില്‍ ഏറെ നേരം കാത്തുനിന്നിട്ടും വാഹനമൊന്നും കിട്ടാഞ്ഞതിനാല്‍ ബൈക്കിന് കൈ കാണിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ സുഹൃത്താണെന്നാണ് കരുതിയതെന്നും മാസ്ക് വെച്ചിരുന്നതിനാല്‍ മുഖം വ്യക്തമായില്ലെന്നും ഇവര്‍ പറഞ്ഞു. ചിതറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.