25 April 2024 Thursday

സീരിയലുകളിൽ അഭിനയിപ്പിക്കാമെന്നു വാഗ്ദാനം, നഗ്നചിത്രങ്ങൾ കാട്ടി ഭീഷണി;മേക്കപ്പ്മാനെതിരെ കൂടുതൽ തെളിവ്

ckmnews

സീരിയലുകളിൽ അഭിനയിപ്പിക്കാമെന്നു വാഗ്ദാനം, നഗ്നചിത്രങ്ങൾ കാട്ടി ഭീഷണി;മേക്കപ്പ്മാനെതിരെ കൂടുതൽ തെളിവ്


തൃശൂർ∙ ടെലിവിഷൻ സീരിയലുകളിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടിയെ പീ‍ഡിപ്പിച്ച കേസിൽ അറസ്റ്റിലായ സിനിമാ-സീരിയൽ സഹകലാസംവിധായകനും മേക്കപ്പ് ആർട്ടിസ്റ്റുമായ കൊടകര കുഴുപ്പുള്ളി സജിൻ കൊടകരയ്‌ക്കെതിരെ കൂടുതൽ തെളിവുകൾ. നടിയുടെ പരാതിപ്രകാരം തൃശൂർ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റുചെയ്ത് റിമാൻഡിലായ സജിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.


ഭർത്താക്കന്മാരുമായി പിരിഞ്ഞു താമസിക്കുന്ന സ്ത്രീകളെ കണ്ടെത്തി, അവരുമായി സൗഹൃദത്തിലാവുകയും സമൂഹമാധ്യമങ്ങളിലൂടെ കൂടുതൽ പരിചയത്തിലായതിനു ശേഷം ലൈംഗീകമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു പ്രതി ചെയ്തിരുന്നത്. പിന്നീട് ആവശ്യങ്ങൾക്ക് വഴങ്ങാതെ വരുമ്പോൾ നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കമെന്ന് ഭീഷണിപ്പെടുത്തും. ഒരേസമയം പല സ്ത്രീകളുമായി അടുപ്പത്തിലാവുകയും ഇതു മനസിലാക്കുന്ന സ്ത്രീകൾ ഇയാളോടു ചോദിക്കുമ്പോൾ ഇവരുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു പതിവ്.


ഇയാളെ പേടിച്ച് പീഡനത്തിനിരയായ പല സ്ത്രീകളും പരാതി നൽകുന്നതിന് തയാറായിരുന്നില്ല. ഏതാനും ദിവസം മുൻപ് ഇയാളുടെ ഭീഷണിയിൽ മനംനൊന്ത് ഒരു സ്ത്രീ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കരുനാഗപ്പിളളി സ്വദേശിനിയുടെ ഫോൺ നമ്പർ ലൈംഗികചുവയുള്ള ഒരു വിഡിയോയുമായി ചേർത്ത് എഡിറ്റ് ചെയ്ത് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ടു കൊല്ലം സൈബർക്രൈം പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. മാവേലിക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു വാഹനം കത്തിച്ചതുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്തിരുന്ന കേസിൽ, ഇയാളാണ് വണ്ടി കത്തിച്ചെതെന്ന് തെളിയിക്കുന്ന ടെലിഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ ഈ അന്വേഷണത്തിൽ പൊലീസ് കണ്ടെത്തുകയും ചെയ്തു.


സ്ത്രീകളെ ഭീഷണിപ്പെടുത്തിയും സീരിയലിൽ അഭിനയിപ്പിക്കാമെന്നു വാഗ്ദാനം ചെയ്തു പലർക്കും എത്തിച്ചു കൊടുത്ത പ്രതിയുടെ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖകളും പൊലീസിന് ലഭിച്ചു. സ്ത്രീകളെ ഭീഷണിപ്പെടുത്തുന്നതിന് ഇയാൾ ഉപയോഗിച്ചിരുന്ന എയർഗൺ, അശ്ലീല ചിത്രങ്ങൾ നിറഞ്ഞ പെൻഡ്രൈവ്, ഒന്നിലധികം മൊബൈൽഫോൺ എന്നിവ പ്രതിയുടെ വീട്ടിൽനിന്നു കണ്ടെത്തി. പ്രതിയെ അറസ്റ്റുചെയ്ത വിവരമറിഞ്ഞ് പല ജില്ലകളിൽനിന്നു നിരവധി പരാതികൾ ലഭിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ ഇനിയും കേസുകൾ റജിസ്റ്റർ ചെയ്യും.


സജിൻ, പൊലീസ് പിടിച്ചെടുത്ത പെൻഡ്രൈവുകൾ, മൊബൈൽ ഫോൺ തുടുങ്ങിയവ

തൃശുർ സിറ്റി പൊലീസ് കമ്മിഷണർ ആർ.അദിത്യയ്ക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ റജിസ്റ്റർ ചെയ്ത കേസിൽ, തൃശൂർ അസിസ്റ്റന്റ് കമ്മിഷണർ പി.വി.ബേബി, സ്പെഷൽ ബ്രാഞ്ച് അസ്സിസ്റ്റന്റ് കമ്മിഷണർ സന്തോഷ് എന്നിവരുടെ മേൽനോട്ടത്തിൽ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.അനന്തലാൽ ആണ് കേസ് അന്വേഷണം നടത്തുന്നത്. പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ എസ്ഐ വി.വിജയരാജൻ, എഎസ്ഐമാരായ സന്തോഷ് കുമാർ, വിജയൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ രാഖേഷ്, പ്രതിഭ, ഷിനിൽകുമാർ സിവിൽ പൊലീസ് ഓഫിസർമാരായ സതീഷ് കുമാർ, പ്രകാശൻ, ശ്രീജിത്ത് വർമ്മ, രാഹുൽ, അഖിൽ വിഷ്ണു എന്നിവരാണ് ഉണ്ടായിരുന്നത്.