29 March 2024 Friday

ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ , സർവകലാശാലാ പരീക്ഷകൾ 28 മുതൽ.

ckmnews



തിരുവനന്തപുരം: ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 28 മുതലും വൊക്കേഷണൽ ഹയർസെക്കൻഡറി, എൻ.എസ്.ക്യു.എഫ്. പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 21 മുതലും നടക്കും. പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി.ശിവൻകുട്ടി വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.


പ്രാക്ടിക്കൽ പരിശീലനം നടത്തുന്നതിന് കൂടുതൽ സമയം ആവശ്യമുണ്ടെന്ന വിദ്യാർഥികളുടെ ആവശ്യം പരിഗണിച്ച് 2021 ജൂൺ 17-ാം തിയതി മുതൽ 25 വരെ ആവശ്യമെങ്കിൽ അധ്യാപകരുടെ ലഭ്യത അനുസരിച്ച് സ്കൂളിൽ എത്താവുന്നതും സ്കൂളിന്റെ നിർദ്ദേശം അനുസരിച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൂടുതൽ പ്രായോഗിക പരിശീലനം നേടാവുന്നതുമാണ്.പ്രായോഗിക പരീക്ഷയുടെ ബാച്ചുകളുടെ എണ്ണവും സമയക്രമവും പുനഃക്രമീകരിച്ചിട്ടുണ്ട്. സമയക്രമം നൽകിയിട്ടില്ലാത്ത വിഷയങ്ങൾക്ക് മുൻ വർഷങ്ങളിലെ സമയക്രമം പാലിക്കേണ്ടതാണ്. കമ്പ്യൂട്ടർ അധിഷ്ഠിത പ്രായോഗിക പരീക്ഷകൾക്ക് ലഭ്യമാകുന്നത്ര ലാപ്ടോപ്പുകൾ ഉപയോഗിക്കാനായി നൽകുന്നതാണ്. വിദ്യാർഥികളുടെ ഹാജർ അധ്യാപകർ തന്നെ രേഖപ്പെടുത്തുന്നതായിരിക്കും. മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി പ്രായോഗിക പരീക്ഷയുടെ ഫോക്കസ് പോയിന്റ് പ്രത്യേകമായി തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുള്ളതും വിദ്യാർത്ഥി അഭിമുഖീകരിക്കേണ്ട ചോദ്യങ്ങളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുള്ളതുമാണ്. ഓരോ പ്രാക്ടിക്കൽ പരീക്ഷയും നടത്തുന്നതു സംബന്ധിച്ച് നൽകിയ നിർദ്ദേശങ്ങൾ ഇവയാണ്.


ഫിസിക്സ്- പരീക്ഷാസമയം രണ്ടുമണിക്കൂറായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഒരുവിദ്യാർത്ഥി ഒരു പരീക്ഷണം ചെയ്താൽ മതിയാകും. വിദ്യാർഥി ലാബിനുള്ളിൽ ചെലവഴിക്കേണ്ട സമയവും ഒബ്സർവേഷനുകളുടെ എണ്ണവും പരിമിതപ്പെടുത്തിയിട്ടുണ്ട്.


കെമിസ്ട്രി- പരീക്ഷാസമയം ഒന്നര മണിക്കൂറായി പരിമിതപ്പെടുത്തിയിട്ടുണ്ട്. പിപ്പറ്റ് ഉപയോഗിക്കുന്നതിനു പകരം മെഷറിങ് ജാർ/മാർക്ക്ഡ് ടെസ്റ്റ്യൂബ്/ബ്യൂററ്റ് എ ന്നിവ ഉപയോഗിച്ച് വോള്യുമെട്രിക് അനാലിസിസ് ചെയ്യേണ്ടതാണ്. സോൾട്ട് അനാലിസിസിനുവേണ്ടി ലായനികൾ കുട്ടികൾ മാറിമാറി ഉപയോഗിക്കേണ്ടതിനാൽ അത് ഒഴിവാക്കിയിട്ടുണ്ട്. പകരം, എക്സാമിനർ നിർദ്ദേശിക്കുന്ന സോൾട്ടിന്റെ സിസ്റ്റമാറ്റിക് പ്രൊസീജിയർ കുട്ടികൾ എഴുതി നൽകേണ്ടതാണ്.


ബോട്ടണി- പരീക്ഷാസമയം ഒരു മണിക്കൂറായി പരിമിതപ്പെടുത്തിയിട്ടുണ്ട്. പ്രധാനമായും മൈക്രോസ്കോപ്പ് ഉപയോഗം ഒഴിവാക്കിയിട്ടുണ്ട്. സ്പെസിമെൻ സംബന്ധിച്ച് എക്സാമിനർ നൽകുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ ഉത്തരം രേഖപ്പെടുത്താവുന്നതാണ്. ഒറ്റ നോട്ടത്തിൽ തിരിച്ചറിഞ്ഞ് ഉത്തരമെഴുതുന്ന രീതിമാറ്റി അധ്യാപിക പ്രദർശിപ്പിക്കുന്ന ഇനങ്ങൾ തിരിച്ചറിഞ്ഞ് ഉത്തരമെഴുതാവുന്നതാണ്.


സുവോളജി- പരീക്ഷാസമയം ഒരു മണിക്കൂർ. സമ്പർക്കം ആവശ്യമുള്ള ചോദ്യം ഒഴിവാക്കിക്കൊണ്ട് മറ്റുള്ള ചോാദ്യങ്ങൾക്കായി സ്കോർ വിഭജിച്ച് നൽകുന്നതാണ്.


മാത്തമാറ്റിക്സ് (സയൻസ് ആൻഡ് കോമേഴ്സ്)-പരീക്ഷാ സമയം ഒന്നര മണിക്കൂർ. രണ്ട് പ്രാക്ടിക്കലിനു പകരം ഒരു പ്രാക്ടിക്കൽ ചെയ്താൽമതിയാകും.


കമ്പൂട്ടർ സയൻസ്- പരീക്ഷാസമയം രണ്ടുമണിക്കൂർ. നൽകിയിരിക്കുന്ന രണ്ടു ചോദ്യങ്ങളിൽ നിന്നും ഏതെങ്കിലും ഒരെണ്ണം മാത്രം വിദ്യാർഥികൾ ചെയ്താൽ മതിയാകും.


കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഹ്യുമാനിറ്റീസ് ആൻഡ് കോമേഴ്സ്)- പരീക്ഷാസമയം രണ്ടു മണിക്കൂർ. പാർട്ട് എ, പാർട്ട് ബി എന്നിവയിൽ നിന്നായി നൽകിയിരിക്കുന്ന രണ്ടു ചോദ്യങ്ങളിൽ നിന്നും ഏതെങ്കിലും ഒരെണ്ണം മാത്രം വിദ്യാർത്ഥികൾചെയ്താൽ മതിയാകും.


കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ് -പരീക്ഷാസമയം ഒന്നര മണിക്കൂറായി ക്രമീകരിച്ചിട്ടുണ്ട്.


ഇലക്ട്രോണിക്സ് - പരീക്ഷാസമയം ഒന്നര മണിക്കൂർ.


ഇലക്ട്രോണിക് സിസ്റ്റംസ്/ഇലക്ട്രോണിക് സർവ്വീസ് ടെക്നോളജി - പരീക്ഷാസമയം രണ്ടു മണിക്കൂർ.


കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി/ കമ്പ്യൂട്ടർ ഇൻഫർമേഷൻ ടെക്നോളജി- പരീക്ഷാ സമയം രണ്ടു മണിക്കൂർ.


സ്റ്റാറ്റിറ്റിക്സ്- പരീക്ഷാസമയം രണ്ടു മണിക്കൂർ. പാർട്ട് എ, പാർട്ട് ബി എന്നിവയിൽ നിന്നായി നൽകിയിരിക്കുന്ന രണ്ടുചോദ്യങ്ങളിൽ നിന്നും ഏതെങ്കിലും ഒരെണ്ണം മാത്രം വിദ്യാർത്ഥികൾ ചെയ്താൽ മതിയാകും.


സൈക്കോളജി- കോവിഡ് സാഹചര്യം കണക്കിലെടുത്ത് വിദ്യാർഥികൾ മറ്റൊരാളെ സബ്ജക്ട് ആക്കാതെ അവരവരുടെ സൈക്കോളജിക്കൽ ക്യാരക്ടറസ്റ്റിക്സ് അനലൈസ് ചെയ്യേണ്ടതാണ്.


ഹോം സയൻസ്-പരീക്ഷാസമയം രണ്ടു മണിക്കൂറായി പരിമിതപ്പെടുത്തേണ്ടതാണ്.


ഗാന്ധിയൻ സ്റ്റഡീസ്- പരീക്ഷാസമയം ഒന്നര മണിക്കൂർ. ക്രാഫ്റ്റ്മേക്കിങ്ങും ഡെമോൻസ്ട്രേഷനും രണ്ടായി ചെയ്യുന്നതിനു പകരം ഒന്നായി ചെയ്താൽ മതിയാകും.


ജിയോളജി-പരീക്ഷാ സമയം ഒന്നര മണിക്കൂർ. സ്പെസിമെൻ സ്റ്റോണുകൾ ഒരു മേശയിൽ ക്രമീകരിക്കുകയും കുട്ടികൾ അത് സ്പർശിക്കാതെ തിരിച്ചറിയുകയും ചെയ്യേണ്ടതാണ്. Determinaton of streak and hardness using streak plate and hardness box shall be given exemptions.


സോഷ്യൽവർക്ക്- ലാബ് ഉപയോഗിച്ചു നടത്തേണ്ട പ്രവർത്തനങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ സോഷ്യൽ വർക്കിന്റെ പ്രായോഗിക പരീക്ഷ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പതിവുരീതിയിൽ നടത്തുന്നതാണ്.


കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്- ലാബ് ഉപയോഗിച്ചു നടത്തേണ്ട പ്രവർത്തനങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിന്റെ പ്രായോഗിക പരീക്ഷ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പതിവുരീതിയിൽ നടത്തുന്നതാണ്.


ജേർണലിസം-ക്യാമറ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. ഇതിലേക്കുള്ള സ്കോർ മറ്റിനങ്ങളിലേക്ക് വിഭജിച്ച് നൽകുന്നതാണ്.


ജ്യോഗ്രഫി- പരീക്ഷാസമയം ഒരു മണിക്കൂർ. കുട്ടികൾ പരസ്പരം കൈമാറി ഉപയോഗിച്ച് ചെയ്യേണ്ട ചോദ്യങ്ങൾ ഒഴിവാക്കിയാണ് ചോദ്യപേപ്പർ തയ്യാറാക്കിയിട്ടുള്ളത്.


മ്യൂസിക്- ലാബ് ഉപയോഗിച്ചു നടത്തേണ്ട പ്രവർത്തനങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ മ്യൂസിക്കിന്റെ പ്രായോഗിക പരീക്ഷ അദ്ധ്യാപകൻ നിർദ്ദേശിക്കുന്ന വിധത്തിൽ ഓൺലൈനായോ നേരിട്ടോ നടത്തുന്നതാണ്.


രണ്ടാംവർഷ ഹയർസെക്കൻഡറി/വൊക്കേഷണൽ ഹയർസെക്കൻഡറി പ്രായോഗിക പരീക്ഷകൾ ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്ന കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ടാണ് നടക്കുക.


വിദ്യാർഥികൾ ഇരട്ട മാസ്ക്ക്, ഗ്ലൗസ് എന്നിവ ധരിക്കണം, സാനിറ്റൈസർ ഉപയോഗിക്കണം, സാമൂഹിക അകലം പാലിക്കണം.

വിദ്യാർഥികൾ ലാബിൽ പ്രവേശിക്കുന്നതിന് മുൻപും ലാബിൽനിന്ന് പുറത്തേയ്ക്ക് പോകുമ്പോഴും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ശുചിയാക്കേണ്ടതാണ്.


പ്രായോഗിക പരീക്ഷയ്ക്ക് ഹാജരാകുന്ന വിദ്യാർഥികൾ ഒരു കാരണവശാലും കൂട്ടം കൂടാൻ പാടില്ല. ശരീരോഷ്മാവ് കൂടുതലായി കാണുന്ന വിദ്യാർത്ഥികളെ മറ്റ് കുട്ടികളുമായി ഇടകലർത്താതെ പ്രത്യേകമായി പരീക്ഷ നടത്തുന്നതാണ്. കോവിഡ് പോസിറ്റീവായ വിദ്യാർത്ഥികൾക്ക് അവർ നെഗറ്റീവ് ആകുന്ന മുറയ്ക്ക് പ്രത്യേകം പരീക്ഷാ കേന്ദ്രത്തിൽ പ്രായോഗിക പരീക്ഷയ്ക്ക് പങ്കെടുക്കാവുന്നതാണ്.


ലാബുകളിൽ ഒരു കുട്ടി ഉപയോഗിച്ച ഉപകരണങ്ങൾ മറ്റു കുട്ടികൾ കൈമാറി ഉപയോഗിക്കാൻ പാടുള്ളതല്ല. ലാബുകളിൽ എ.സി. ഉപയോഗിക്കുന്നതല്ല. വായുസഞ്ചാരം ഉറപ്പാക്കുന്നതിനായി ലാബുകളുടെ എല്ലാ ജനലുകളും വാതിലുകളും തുറന്നിടുന്നതാണ്.


ഒരുസമയത്ത് കൂടുതൽ വിദ്യാർത്ഥികൾ സ്കൂളിൽ വരുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി പ്രായോഗിക പരീക്ഷയുടെ സമയക്രമം വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സ്കൂൾ പ്രിൻസിപ്പാൾ/ചീഫ് സൂപ്രണ്ട് അറിയിക്കുന്നതാണ്.


സമയക്രമം കൃത്യമായി പാലിക്കാൻ വിദ്യാർത്ഥികളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ടതാണ്. വിദ്യാർത്ഥികൾ പരീക്ഷ കഴിഞ്ഞാലുടൻ സ്കൂൾ വിട്ടുപോകേണ്ടതാണ്. പ്രായോഗിക പരീക്ഷയുടെ ഭാഗമായുള്ള പ്രൊസ്സീജിയർ എഴുത്ത് കഴിയുന്നത്ര ലാബിന് പുറത്ത് വച്ചും വൈവ വായുസഞ്ചാരമുള്ള വ്യത്യസ്ത ക്ലാസ്സ്മുറികളിൽ വച്ചും നടത്തുന്നതാണ്.

~~~~~~~


തിരുവനന്തപുരം:സർവകലാശാലകളിലെ അവസാന സെമസ്റ്റർ പരീക്ഷകൾ ഈ മാസം 28 മുതൽ ആരംഭിക്കും. ബി.എഡ്. അവസാന സെമസ്റ്റർ പരീക്ഷകൾ അതിനുമുമ്പ് നടക്കും. ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു വി.സി.മാരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ഫലപ്രഖ്യാപനം ഓഗസ്റ്റ് പത്തിനു മുമ്പ് നടത്തും. പരീക്ഷകൾ നടത്താൻ സർക്കാർ മാർഗനിർദേശങ്ങളും പുറത്തിറക്കി.


ജൂൺ 15 മുതൽ നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും ലോക്ഡൗണിനെ തുടർന്ന് തീയതി മാറ്റുകയായിരുന്നു. ഒാരോ പരീക്ഷയ്ക്കുമിടയ്ക്കുള്ള ഇടവേളകൾ അതത് സർവകലാശാലകൾക്കു തീരുമാനിക്കാം. കോവിഡ് നിയന്ത്രണത്തിനുള്ള മാർഗനിർദേശങ്ങളും സുരക്ഷാ ക്രമീകരണങ്ങളും പരീക്ഷാകേന്ദ്രങ്ങളിൽ ഉറപ്പാക്കണം. ഓരോ പരീക്ഷയ്ക്കുശേഷവും മുമ്പും ക്ളാസ് അണുവിമുക്തമാക്കണം.

പരീക്ഷാകേന്ദ്രത്തിലേക്ക് ഒരു പ്രവേശനകവാടം മാത്രമേ പാടുള്ളൂ. വിദ്യാർഥികൾ അറ്റൻഡൻസ് ഷീറ്റിൽ ഒപ്പ് രേഖപ്പെടുത്തേണ്ടതില്ല. പരീക്ഷ സുഗമമായി നടത്താൻ സ്ഥാപന മേധാവി, വിദ്യാർഥി പ്രതിനിധികൾ, അധ്യാപക, അനധ്യാപക പ്രതിനിധികൾ, അധ്യാപക രക്ഷാകർത്തൃസമിതി പ്രതിനിധികൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, തദ്ദേശവകുപ്പ് പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി കമ്മിറ്റി രൂപവത്കരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.