19 April 2024 Friday

ബാംഗ്ലൂരിൽ നിന്ന് സുഹൃത്തിന് തപാൽവഴി മദ്യമയച്ചു; ഒപ്പം കുറച്ച് ‘മിക്സ്ചറും'; കേസ് ‘തുരന്നു’ കണ്ടുപിടിച്ചത് തുരപ്പനെലി

ckmnews

ബാംഗ്ലൂരിൽ നിന്ന് സുഹൃത്തിന് തപാൽവഴി മദ്യമയച്ചു; ഒപ്പം കുറച്ച് ‘മിക്സ്ചറും'; കേസ് ‘തുരന്നു’ കണ്ടുപിടിച്ചത് തുരപ്പനെലി


കൊച്ചി∙ബെംഗളൂരുവിൽ നിന്ന് പാഴ്സലായി മദ്യം തപാൽ വഴി അയപ്പിച്ച വിരുതനെതിരെ എക്സൈസ് കേസെടുത്തു. എറണാകുളം ഹെഡ് പോസ്റ്റ‌് ഓഫ‌ിസിൽ പാഴ്സലായി എത്തിയ 3 കുപ്പി മദ്യമാണ് ഇന്നലെ എക്സൈസ് പിടിച്ചെടുത്തത്. ‘സുരക്ഷിതമായി’ വിലാസക്കാരന് എത്തിയിരുന്നെങ്കിൽ തെളിവില്ലാതെ പോകുമായിരുന്ന കേസ് പാഴ്സൽ ‘തുരന്നു’ കണ്ടുപിടിച്ചത് വന്ന വഴിയിലെവിടെയോ നുഴഞ്ഞുകയറിയൊരു തുരപ്പനെലിയാണ്. ‌‍ബെംഗളൂരുവിൽ നിന്ന് മദ്യം പാഴ്സൽ ചെയ്ത വ്യക്തി തൊട്ടുകൂട്ടാൻ അൽപം ‘മിക്സ്ചർ’ കൂടി ഒപ്പം അയച്ചതാണ് വിനയായത്. മിക്സ്ചറിന്റെ മണമടിച്ച എലി പാക്കറ്റിന്റെ ഒരു ഭാഗം കരണ്ടു. 


ഇന്നലെ പാഴ്സലുകൾ പരിശോധിക്കുമ്പോൾ തുറന്നിരുന്ന കവറിൽ മദ്യക്കുപ്പി കണ്ട് ഹെഡ് പോസ്റ്റ‌് ഓഫ‌ിസ് അധികൃതരാണ് എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ ടി.എ. അശോക് കുമാറിനെ വിവരമറിയച്ചത്. തുടർന്ന് എക്സൈസ് സംഘം എത്തി മദ്യം കസ്റ്റഡിയിലെടുത്തു. കർണാടകയിൽ മാത്രം വിൽക്കാൻ അനുമതിയുള്ള മദ്യമാണ് പാഴ്സലിൽ എത്തിയത്. അയച്ചയാളുടെയും സ്വീകർത്താവിന്റെയും വിലാസം പാഴ്സലിൽ ഉള്ളതിനാൽ എക്സൈസിന് പണി എളുപ്പമായി. ഇരുവർക്കുമെതിരെ കേസ് റജിസ്റ്റർ ചെയ്തു.


ലോക്ഡൗണിനെത്തുടർന്ന് കേരളത്തിൽ മദ്യം ലഭിക്കാതെ വന്നതോടെ കർണാടകയിൽ നിന്ന് മദ്യം വ്യാപകമായി കടത്തുന്നുണ്ടെന്ന് എക്സൈസ് കണ്ടെത്തിയിരുന്നു.  ഇതിന്റെ ഭാഗമായി വന്ന പാഴ്സലാണോ ഇതെന്നും അന്വേഷിക്കുന്നുണ്ട്. എറണാകുളം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി. അൻവർ സാദത്ത്, അസിസ്റ്റന്റ് ഇൻസ്പെക്ടർ കെ.ആർ. രാം പ്രസാദ്, പ്രിവന്റീവ് ഓഫിസർ ജയലാൽ, സിവിൽ എക്സൈസ് ഓഫിസർമാരായ ഫ്രെഡി ഫെർണാണ്ടസ്, രഞ്ജിത് വിമൽ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.