25 April 2024 Thursday

വ്യവസ്ഥകളോടെ ഓട്ടോ, ടാക്സി ഓടാമെന്ന് മുഖ്യമന്ത്രി; ആരാധനാലയങ്ങൾ തുറക്കാറായില്ല

ckmnews

വ്യവസ്ഥകളോടെ ഓട്ടോ, ടാക്സി ഓടാമെന്ന് മുഖ്യമന്ത്രി; ആരാധനാലയങ്ങൾ തുറക്കാറായില്ല


തിരുവനന്തപുരം:ആരാധനാലയങ്ങൾ തുറക്കാൻ കുറച്ചു ദിവസം കൂടി കാത്തിരിക്കേണ്ടി വരുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഓട്ടോറിക്ഷ, ടാക്സി എന്നിവയ്ക്കു വ്യവസ്ഥകൾക്കു വിധേയമായി ഓടാം. ജില്ലാന്തര ബസ് ഗതാഗതം ഇപ്പോഴില്ല. അതിനു കുറെക്കൂടി സമയം എടുക്കും. കാര്യമായ വ്യാപനമില്ലാത്ത ജില്ലാ കേന്ദ്രങ്ങളിൽ വാഹന ഗതാഗതത്തിന് ഇളവുകൾ ഉണ്ടാകും.


സർക്കാർ പ്രിന്റിങ് പ്രസ് പ്രവർത്തിക്കും. റജിസ്ട്രേഷൻ, ആധാരമെഴുത്ത് ഓഫിസുകളുടെ പ്രവർത്തനം ഭാഗികമായി അനുവദിക്കും. ലോട്ടറി വിൽപന അനുവദിക്കുന്നത് പരിഗണിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ലോക്ഡൗൺ മേഖലകളിൽ നിന്നു പരീക്ഷയ്ക്കു പോകുന്ന വിദ്യാർഥികൾക്കു പ്രത്യേക അനുമതി നൽകും.


∙ ബ്യൂട്ടി പാർലറുകൾ തുറക്കുന്ന കാര്യം ഒന്നു കൂടി പരിശോധിച്ചിട്ടേ തീരുമാനിക്കൂ. ബാർബർ ഷോപ്പിന്റെ കാര്യത്തിൽ ഓരോ മേഖലയുടെയും പ്രത്യേകത അനുസരിച്ചു തീരുമാനം എടുക്കും. 


∙ ആളുകൾ കൂട്ടം കൂടുന്നത് അനുവദിക്കാനാവില്ല. ട്രിപ്പിൾ ലോക്ഡൗൺ, ലോക്ഡൗൺ എന്നിവയുള്ള സ്ഥലങ്ങളിൽ കർശന നിയന്ത്രണങ്ങളുണ്ടാകും.


∙ കോവിഡ് വ്യാപനത്തോത് അനുസരിച്ചു ആരോഗ്യ വകുപ്പ് എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും പരിശോധനയ്ക്കു ടാർഗറ്റ് നൽകും. 


∙ ലോക്ഡൗൺ ലഘൂകരിക്കുമ്പോൾ കടകമ്പോളങ്ങളിലും മറ്റും തിരക്ക് ഒഴിവാക്കാൻ ജനങ്ങളും കട ഉടമകളും ശ്രദ്ധിക്കണം. 


∙ ഓഫിസുകളിൽ ജീവനക്കാർ കൂട്ടമായിരുന്നു ഭക്ഷണം കഴിക്കാൻ പാടില്ല. എല്ലാവരും ഓഫിസിലും മാസ്ക് ധരിക്കണം. കൈകൾ സാനിറ്റൈസ് ചെയ്യണം. രോഗലക്ഷണമുള്ളവർ കോവിഡ് പരിശോധനയ്ക്കു വിധേയമാകണം.


∙ മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലുള്ളവരെ പൂർണമായും വാക്സിനേറ്റ് ചെയ്യാൻ ശ്രമിക്കും.


ക്വാറന്റീനിൽ മാറ്റം


ഓരോ വീട്ടിലും ആദ്യം ടെസ്റ്റ് പോസിറ്റീവ് ആകുന്ന വ്യക്തി കഴിയുന്നതും സിഎഫ്എൽടിസി-ഡിസിസിയിൽ ക്വാറന്റീനിൽ പോകണം. 


ഉപകരണങ്ങൾ ഉൾപ്പെടെ വേണ്ടത്ര സൗകര്യമുള്ളവരെ മാത്രമേ വീടുകളിൽ കഴിയാൻ അനുവദിക്കൂ.


മരണ സർട്ടിഫിക്കറ്റിൽ‌ പിശകു വരുത്തരുത്


മരണ സർട്ടിഫിക്കറ്റ് നൽകുമ്പോൾ വിലാസത്തിലും പേരിലും പിശകു വരരുതെന്നു പ്രത്യേക നിർദേശം നൽകിയിട്ടുണ്ടെന്നും മരിച്ചവരുടെ ബന്ധുക്കളോടു ഫോം പൂരിപ്പിച്ചു നൽകാൻ നിർദേശിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു