24 April 2024 Wednesday

ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവും ഭാര്യയും മരിച്ചു; അപകടം ഡോക്ടറെ കണ്ട് മടങ്ങവേ

ckmnews



കൊടുങ്ങല്ലൂർ: കണ്ടെയ്‌നർ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരായ ഭർത്താവും ഭാര്യയും മരിച്ചു. എടവിലങ്ങ് കാര പുതിയറോഡിന് കിഴക്ക് നെടുംപറമ്പിൽ അബ്ദുൾകരീമിന്റെ മകൻ മുഹമ്മദ് ഷാനും (36), ഭാര്യ ഹസീന(30)യുമാണ് മരിച്ചത്. തിങ്കളാഴ്‌ച വൈകുന്നേരം അഞ്ചരയോടെ കോട്ടപ്പുറം പാലത്തിൽ വലിയപണിക്കൻതുരുത്ത് ഭാഗത്തുവെച്ചാണ് അപകടം.

ഏതാനും ദിവസംമുമ്പ് മസ്‌കറ്റിലെ ജോലിസ്ഥലത്തുനിന്ന്‌ നാട്ടിലെത്തിയ മുഹമ്മദ് ഷാന്റെ ക്വാറന്റീൻ സമയം ഞായറാഴ്‌ചയാണ് പൂർത്തിയായത്. തിങ്കളാഴ്‌ച ഭാര്യയെ ഡോക്ടറെ കാണിക്കാനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പോയി മടങ്ങുന്ന വഴിയാണ് അപകടം. മൂത്തകുന്നം ഭാഗത്തുനിന്ന്‌ കൊടുങ്ങല്ലൂർ ഭാഗത്തേക്ക് വരുകയായിരുന്നു അപകടത്തിൽപ്പെട്ട രണ്ട്‌ വാഹനങ്ങളും. അപകടം നടക്കുമ്പോൾ മഴപെയ്തിരുന്നു.

ലോറിയുമായി ഇടിച്ച സ്‌കൂട്ടർ നേരെ എതിർവശത്തേക്ക് തെറിച്ചു. രണ്ടുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങൾ താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. അപകടത്തിൽപ്പെട്ട ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. മക്കൾ: അമൽ ഫർഹാൻ, ആമിന (ഇരുവരും പടിഞ്ഞാറെ വെമ്പല്ലൂർ എം.ഐ.ടി. യു.പി. സ്‌കൂളിലെ വിദ്യാർഥികളാണ്). സീനത്താണ് മുഹമ്മദ്ഷാന്റെ മാതാവ്. സഹോദരൻ: മുഹമ്മദ് ഷെഫീൻ.

ദുരന്തം വീട്ടിലെത്താന്‍ 15 മിനിറ്റ് ബാക്കിനില്‍ക്കെ

കോട്ടപ്പുറം പാലത്തില്‍നിന്ന് 15 മിനിറ്റ് കൂടി സഞ്ചരിച്ചിരുന്നെങ്കില്‍ മുഹമ്മദ് ഷാനും ഭാര്യ ഹസീനയ്ക്കും വീട്ടിലെത്താമായിരുന്നു. എന്നാല്‍ അപകടം അവരെ അതിനനുവദിച്ചില്ല.

ഹസീനയെ എറണാകുളത്തെ ആശുപത്രിയില്‍ കാണിച്ച ശേഷം തിരിച്ച് വീട്ടിലേക്ക് സ്‌കൂട്ടറില്‍ വരുംവഴിയാണ് കണ്ടെയ്‌നര്‍ ലോറിയുമായി ഇടിച്ചത്. റോഡില്‍ വലിയ വാഹനത്തിരക്ക് ഉണ്ടായിരുന്നില്ല.ചെറിയ ചാറ്റല്‍മഴയില്‍ വാഹനങ്ങളുടെ നിയന്ത്രണം തെറ്റിയതാകാം അപകടകാരണമെന്നാണ് സൂചന. അതുവഴി പോയിരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരും പോലീസുമെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ഇരുവരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചിരുന്നു. ലോക്ഡൗണും ജില്ല വിട്ട് പോകേണ്ടതിനാലും മറ്റ് വാഹനങ്ങള്‍ കിട്ടാതെവന്നപ്പോഴാണ് ഇവര്‍ യാത്ര സ്വന്തം സ്‌കൂട്ടറിലാക്കിയത്. റോഡിലേക്ക് തെറിച്ചുവീണ ഇരുവരുടെയും ദേഹത്തുകൂടി ലോറി കയറിയതായി അപകടം കണ്ടവര്‍ പറയുന്നു.