19 April 2024 Friday

ഭർത്താവിന്റെ കൂട്ടുകാരനുമായി പ്രണയം; 4 വർഷം ‘മിസ്സിങ്’; ഒടുവിൽ ആ മുറിയിൽ...!

ckmnews

ഭർത്താവിന്റെ കൂട്ടുകാരനുമായി പ്രണയം; 4 വർഷം ‘മിസ്സിങ്’; ഒടുവിൽ ആ മുറിയിൽ...!


കോഴിക്കോട്∙ പത്തു വർഷം ഒരു മുറിയിൽ കാമുകിയെ അടച്ചിട്ട കാമുകന്റെ കഥ കേട്ട് മലയാളികൾ ഞെട്ടിയിരിക്കുകയാണ്. ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്നു മൂക്കത്തുവിരലുവച്ച് ചോദിക്കാത്ത മലയാളികളില്ല. മനുഷ്യാവകാശ പ്രശ്നമെന്ന നിലയിൽ സംഭവം പൊതുഇടങ്ങളിൽ ചർച്ചയാവുകയുമാണ്. എന്നാൽ കോഴിക്കോട് മാറാട് പൊലീസ് സ്റ്റേഷനിലെ അലമാരയിലിരിക്കുന്ന കേസ് ഫയലുകൾക്ക് ഒരു കഥ പറയാനുണ്ട്. നാലുവർഷം ഒരു മുറിയിൽ കാമുകിയെ അടച്ചിട്ട കാമുകന്റെ കഥ. ഒരു തുമ്പുമില്ലാതെ എഴുതിത്തള്ളിയ കേസ് നാലു വർഷത്തിനുശേഷം ‘ഓപ്പറേഷൻ ജാവ’ സിനിമയെ വെല്ലുന്ന രീതിയിൽ പിൻതുടർന്ന് യുവതിയെ കണ്ടെത്തിയ കുറ്റാന്വേഷണകഥ...  


ആരംഭം: യുവതിയെ കാണാനില്ല 

2013ലാണ് സംഭവങ്ങളുടെ തുടക്കം. ഭർത്താവും കുട്ടികളുമുള്ള യുവതിയാണ് കഥയിലെ നായിക. ഭർത്താവിന്റെ കൂട്ടുകാരനുമായി പ്രണയത്തിലായിരുന്നു. ഒരു ദിവസം യുവതിയെ കാണാനില്ലെന്ന പരാതിയുമായി ഭർത്താവ്് പൊലീസ് സ്റ്റേഷനിലെത്തി. കാമുകനൊപ്പം ഒളിച്ചോടിയതാണെന്ന് സംശയമുണ്ടെന്ന് പരാതിയിലുണ്ടായിരുന്നു. ഭാര്യയും കുട്ടിയുമായി തെറ്റി ഒറ്റയ്ക്കു താമസിക്കുന്നയാളാണ് ഈ യുവതിയുടെ കാമുകൻ. ഇയാളെയും ആ ദിവസം കാണാതായിട്ടുണ്ട്.

കണ്ണൂരിൽ വഴിമുട്ടി

ഇരുവരും പോവാൻ സാധ്യതയുള്ള സ്ഥലങ്ങളും പരിചയക്കാരുമടക്കം എല്ലാ സാധ്യതയും അരിച്ചുപെറുക്കി അന്വേഷിച്ചെങ്കിലും ഒരു തുമ്പും കിട്ടിയില്ല. യുവതി പലചരക്കിന്റെയും പാലിന്റെയും പൈസക്കണക്ക് എഴുതുന്ന ചെറിയ പുസ്തകത്തിൽ എഴുതിവച്ച ഒരു ഫോൺനമ്പർ ഭർത്താവ് പൊലീസിന് കൊടുത്തിരുന്നു. ഈ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണം കണ്ണൂരുള്ള ഒരു ലോക്കൽ ഗുണ്ടാനേതാവിൽ ചെന്നുമുട്ടിനിന്നു. ഒരു തുമ്പും ലഭിക്കാതായതോടെ ‘അണ്‍ ട്രേസ്ഡ് വുമൺ മിസ്സിങ്ങ് ’ എന്ന ഗണത്തിൽപെടുത്തി അന്വേഷണം നിർത്തിവച്ചു.



നാലു വർഷത്തിനു ശേഷം

വർഷം 2017. കേരളത്തിലെ പെൺകുട്ടികളെ കാണാതാവുന്നത് പതിവാകുന്നുവെന്ന വാർത്തകൾ വന്നതോടെ എല്ലാ വുമൺ മിസ്സിങ്ങ് കേസുകളും വീണ്ടും അന്വേഷിക്കാൻ തീരുമാനിച്ചു. മാറാട് സ്റ്റേഷനിൽ അക്കാലത്ത് ചാർജെടുത്ത എസ്ഐ ഷാനിഫ് ഈ കേസ് അന്വേഷിക്കാൻ രഞ്ജിത്ത്, പ്രശാന്ത് എന്നീ സിപിഒമാരെ നിയോഗിച്ചു. കണ്ണൂരിലെ ലോക്കൽ ക്വട്ടേഷൻ നേതാവുമായി ബന്ധപ്പെട്ട് അന്വേഷണം തുടങ്ങിയെങ്കിലും കാര്യമുണ്ടായില്ല. 

അന്വേഷണം മംഗലാപുരത്തേക്ക്

യുവതിയുടെ കാമുകന്റെ ആദ്യഭാര്യ മംഗലാപുരത്തായിരുന്നു താമസിച്ചിരുന്നതെന്ന വിവരത്തെതുടർന്ന് സംഘം അവിടെ അന്വേഷണം തുടങ്ങി. മംഗലാപുരത്ത് യുവതിയുടെ കാമുകൻ ആശാരിപ്പണി എടുത്തിരുന്നു. ഈ പ്രദേശങ്ങളിൽ പലയിടത്തും അന്വേഷണം നടത്തി. യുവതിയുടെ ഫോട്ടോ കാണിച്ചായിരുന്നു അന്വേഷണം. അവിടെ മെഡിക്കൽ ഷോപ്പ് നടത്തുന്ന മലയാളിയായ ഒരാൾ യുവതിയെ അവിടെ കണ്ടതായി സ്ഥിരീകരിച്ചു. അവൾ അവിടെയുളള ഒരാളുടെ വീട്ടിലാണെന്നും വിവരം നൽകി. യുവതി എല്ലാ തിങ്കളാഴ്ചയും മരുന്ന് വാങ്ങാൻ അവിടെ വരാറുണ്ടെന്നും പറഞ്ഞു.

കയ്യബദ്ധം കയ്യെത്തുംദൂരത്ത് 

അന്ന് വെള്ളിയാഴ്ചയായിരുന്നു. ആ രാത്രിതന്നെ വീട്ടിലെത്തി യുവതിയുണ്ടോയെന്ന് സ്ഥിരീകരിക്കാൻ‍ തീരുമാനിച്ചു. യുവതിയെ കണ്ടെത്തിയാൽ ലോക്കൽപൊലീസിന്റെ സഹായത്തോടെ ഇരുവരെയും തിരികെ എത്തിക്കാനും പ്ലാനിട്ടു. പക്ഷേ രാത്രി വീടുകണ്ടെത്താൻ കഴിഞ്ഞില്ല. മാത്രവുമല്ല, രണ്ടു പൊലീസുകാർ മാത്രം ഭാഷയറിയാത്ത നാട്ടിൽ ഒരു വീട്ടിൽകയറി ഇരുവരെയും പൊക്കുന്നത് റിസ്ക് ആണെന്നും തിരിച്ചറിഞ്ഞു. തിങ്കളാഴ്ച വരെ അവിടെ നിൽക്കാൻ തീരുമാനിച്ചു. യുവതി മരുന്നുവാങ്ങാൻ വരുമ്പോൾ കയ്യോടെ പൊക്കാനായിരുന്നു പദ്ധതി.

പ്ലാൻ ബി: തിങ്കളാഴ്ച

യുവതി തിങ്കളാഴ്ച മരുന്നുകടയിലെത്തി. മരുന്നുവാങ്ങി തിരികെ പോവുമ്പോൾ പൊലീസുകാരിൽ ഒരാൾ പിറകെ ചെന്നു തടഞ്ഞുനിർത്തി. അപരിചിതനായ ആൾ തടഞ്ഞുനിർത്തിയപ്പോൾ യുവതി ആർത്തുവിളിച്ചു. തങ്ങൾ തിരയുന്ന യുവതിയല്ല അതെന്ന് പൊലീസുകാർ തിരിച്ചറിഞ്ഞു. നാട്ടുകാർ ഓടിക്കൂടി. ഒരു വിധത്തിലാണ് തല്ലുകൊള്ളാതെ അന്ന് പൊലീസുകാർ രക്ഷപ്പെട്ടത്. യുവതിയുടെ ഫോട്ടോ കണ്ട് തിരിച്ചറിഞ്ഞ മരുന്നുകടക്കാരനെ നോക്കി ഇരുവരു തിരികെച്ചെന്നു. പക്ഷേ മെഡിക്കൽ ഷോപ്പുകാരൻ കടയുടെ ഷട്ടറുമിട്ട് നിന്നനിൽപ്പിൽ മുങ്ങിയിരുന്നു.



അങ്ങനെ വിടാൻ പറ്റില്ലല്ലോ !

കോഴിക്കോട്ട് തിരികെയെത്തിയ സംഘം അന്വേഷണം ഊർജിതമാക്കാൻ തീരുമാനിച്ചു. ഇത്രയും കഷ്ടപ്പെട്ട സ്ഥിതിക്ക് അൺട്രേസ്ഡ് മിസ്സിങ്ങ് ആക്കി തള്ളിക്കളയാൻ പൊലീസുകാർക്ക് മനസ്സു വന്നില്ല. പണ്ട് കാമുകൻ യുവതിക്ക് പ്രണയസമ്മാനമായി നൽകിയ ഫോണിന്റെ നമ്പർ ഭർത്താവ് നൽകിയ പരാതിയിലുണ്ടായിരുന്നു. ഇതു തപ്പിയെടുത്ത പൊലീസുകാർ ആ നമ്പറിലേക്ക് വിളിച്ചു. പക്ഷേ സ്വിച്ച് ഓഫ് ആയിരുന്നു. ആ ഫോണിന്റെ ഐഎംഇഐ നമ്പർ വച്ച് അതേ ഫോണിൽ ഉപയോഗിച്ചിരുന്ന മറ്റൊരു സിമ്മിന്റെ നമ്പർ സൈബർ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തി. യുവതിയെ കാണാതായതിന്റെ തലേദിവസം വരെ ആക്റ്റീവ് ആയിരുന്ന നമ്പറായിരുന്നു അത്. ആ നമ്പറിൽ‍നിന്നു വിളിച്ച ഒരു ഫോൺ നമ്പറിൽ പൊലീസുകാരുടെ കണ്ണുടക്കി.

ആറിനു പകരം ഒൻപത് !

യുവതിയുടെ ഡയറിയിൽനിന്ന് മുൻപ് കണ്ണൂരിലെ ക്വട്ടേഷൻ നേതാവിന്റെ നമ്പർ ലഭിച്ചിരുന്നല്ലോ. ആ നമ്പർ ആറിലാണ് അവസാനിക്കുന്നത്. എന്നാൽ യുവതിയുടെ ഫോണിൽനിന്നുവിളിച്ച നമ്പറിൽ അവസാനത്തെ  അക്കമൊഴിച്ച് ബാക്കിയെല്ലാ അക്കങ്ങളും ഒന്നായിരുന്നു. അവസാനത്തെ അക്കം ‘6’നു പകരം ‘9’ ആയിരുന്നു. ഈ നമ്പറും സ്വിച്ചോഫ് ആയിരുന്നു. പിന്നീട് ഈ നമ്പറിന്റെ വിവരങ്ങൾ സൈബർസെല്ലിന്റെ സഹായത്തോടെ തപ്പിയെടുത്തു. ഈ നമ്പർ ഉപയോഗിച്ചിരുന്ന ഫോണിൽ ഉപയോഗിച്ചിരുന്ന വിവിധ നമ്പറുകളിൽ ഒരു നമ്പർ മാത്രം ഇപ്പോഴും ആക്ടീവാണെന്നും കണ്ടെത്തി.

എടക്കരയിലെ മരപ്പണിക്കാരൻ

മലപ്പുറത്തെ എടക്കരയിലാണ് ഈ നമ്പർ ലൊക്കേറ്റ് ചെയ്തത്. പൊലീസുകാർ ഈ നമ്പറിലേക്ക് വിളിച്ചു. മരപ്പണി നടക്കുന്ന സ്ഥലത്തെ തട്ടലുംമുട്ടലും ഫോണിലൂടെ കേട്ടതോടെ ഇതുതന്നെയാണ് കഥയിലെ കാമുകൻ എന്ന് പൊലീസ് സ്ഥിരീകരിച്ചു. നിലമ്പൂരിൽ ആശാരിപ്പണിക്ക് വരുമോ എന്ന് ചോദിച്ചു. എടക്കരയിലെ ഷോപ്പിലാണ് പണിയെന്നും നിലമ്പൂരിൽ വരാൻ കഴിയില്ലെന്നും ഇയാൾ  പറഞ്ഞു. മലപ്പുറത്താണെങ്കിലും കോഴിക്കോടൻ ശൈലിയിലാണ് സംസാരം.

അന്വേഷണ സംഘം മലപ്പുറത്തേക്ക്

ഇയാളുടെ സ്ഥലമെവിടെയാണെന്ന് ഫോൺകോൾ വിവരങ്ങൾവച്ച് കൃത്യമായി തിരിച്ചറിഞ്ഞു. മാറാട് സ്റ്റേഷനിലെ ജീപ്പിൽ എസ്ഐ സതീഷും വനിതാ പൊലീസ് സുജിഷയും സിപിഒ പ്രശാന്തുമടങ്ങുന്ന പൊലീസ് സംഘം നിലമ്പൂരിനപ്പുറം എടക്കരയിലേക്ക് തിരിച്ചു. ഇയാൾ പണിയെടുക്കുന്ന മരക്കടയിലെത്തി. യുവാവിനെ വണ്ടിയിൽ കയറ്റി. അയാൾ താമസിക്കുന്ന വാടകവീട്ടിലേക്ക് പോയി. എടക്കരയിൽനിന്ന് ഉള്ളിലേക്കുമാറി ഒരു നാട്ടിൻപുറത്തായിരുന്നു വീട്. ഈ വീട് പുറത്തുനിന്ന് പൂട്ടിയിട്ടതാണ്.

അയൽവാസി പറഞ്ഞു ‘ആരുമില്ല!’

വീട്ടുമുറ്റത്ത് ആരോ വന്നതു കണ്ട് അയൽവാസിയായ സ്ത്രീ വന്നു. വീട്ടിലെ താമസക്കാരൻ എടക്കരയിൽ ജോലിക്കുപോയതാണെന്നും വൈകിട്ടേ തിരികെ വരൂ എന്നും  പൊലീസുകാരനോട് പറഞ്ഞു. ഈ സമയത്താണ് ജീപ്പിൽനിന്ന് യുവാവിനെയുംകൊണ്ട് മറ്റു പൊലീസുകാർ ഇറങ്ങിവരുന്നത് സ്ത്രീ ശ്രദ്ധിച്ചത്. വീടിന്റെ മുന്നിലെ വാതിൽ തുറന്ന് യുവാവും സംഘവും അകത്തുകയറി. അകത്തെ മുറി അടഞ്ഞുകിടക്കുകയാണ്. ‘വാതില് തുറക്ക്, മാറാടുനിന്ന് സാറമ്മാര് വന്നിട്ടുണ്ട്’ എന്ന് അവൻ പറഞ്ഞപ്പോൾ യുവതി വാതിൽ തുറന്നു. യുവതി പുറത്തേക്കിറങ്ങിയപ്പോൾ ഞെട്ടിയത് അയൽവാസികളും നാട്ടുകാരുമാണ്. 

അടച്ചിട്ട വീട്ടിൽ നാലു വർഷം

നാലു വർഷത്തോളമായി ഒരു മനുഷ്യൻ പോലുമറിയാതെ പൂട്ടിയിട്ട വീട്ടിലാണ് യുവതി താമസിച്ചത്. അതിരാവിലെ ഭക്ഷണം പാകം ചെയ്യും. അവളുടെ വസ്ത്രങ്ങൾ അകത്തുനിന്ന് അലക്കും. ടെറസിലോ വീടിനകത്തോ ഉണക്കാനിടും. ചില ദിവസങ്ങളിൽ മരപ്പണി കഴിഞ്ഞ് അടുത്തുള്ള പൂക്കടയിൽനിന്ന് മുല്ലപ്പൂവും വാങ്ങിയാണ് യുവാവ് പോവാറുള്ളത്. ഒറ്റയ്ക്ക് താമസിക്കുന്ന  യുവാവിന് എന്തിനാണ് മുല്ലപ്പൂവെന്നു  ചോദിച്ച് കൂട്ടുകാർ കളിയാക്കാറുമുണ്ടായിരുന്നു. ‘എത്രകാലം ഇങ്ങനെ ജീവിക്കാനായിരുന്നു പദ്ധതി’  എന്ന് പൊലീസുകാർ ചോദിച്ചു. ‘എന്നെങ്കിലുമൊരിക്കൽ പൊലീസ് പിടിക്കും, അതുവരെ ഇങ്ങനെ പോവാനായിരുന്നു പ്ലാൻ’ എന്നായിരുന്നു  ഇരുവരുടെയും മറുപടി.

അന്വേഷണത്തിനൊടുവിൽ

യുവതിയെ കണ്ടെത്തുന്നതിന്റെ തലേദിവസവും ഭർത്താവ് പൊലീസ് സ്റ്റേഷനിലെത്തി കേസിന്റെ വിവരം തിരക്കിയിരുന്നു. മക്കളെ കാണാൻ ഭാര്യ വരുന്നത് സ്വപ്നം കണ്ടുവെന്ന്  കണ്ണീരോടെ അയാൾ പറഞ്ഞിരുന്നു. പിറ്റേദിവസം യുവതിയെയും കാമുകനെയും കണ്ടെത്തി. ഇരുവരെയും മാറാടെത്തിച്ച് അടുത്ത ദിവസം കോടതിയില്‍ ഹാജരാക്കി. കാമുകനൊപ്പം പോവാനാണ് തീരുമാനമെന്ന് യുവതി അറിയിച്ചു. കേസ് അവസാനിക്കുകയും ചെയ്തു.

വാലറ്റം: അന്ന് അന്വേഷണ സംഘത്തിലുണ്ടായിരുന്ന പൊലീസുകാരിൽ ചിലർ വിരമിച്ചു. ചിലർ വകുപ്പു മാറി. ചിലർ സ്ഥലംമാറി മറ്റുപൊലീസ് സ്റ്റേഷനുകളിലേക്ക് പോവുകയും ചെയ്തു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലധികമായി നാട്ടുകാർക്ക് സഹായങ്ങളൊരുക്കിയും സമീപത്തെ കുട്ടികൾക്ക് വായനശാലയൊരുക്കിയും ശ്രദ്ധേയമായ പൊലീസ് സ്റ്റേഷനാണ് മാറാട് ജനമൈത്രി പൊലീസ് സ്റ്റേഷൻ. പ്രളയകാലത്തും കോവിഡ്കാലത്തുമടക്കം എന്നും നാട്ടുകാരുടെ ഏതു കാര്യത്തിലും പൂർണസഹകരണവുമായെത്തുന്നവരാണ് മാറാട് സ്റ്റേഷനിലെ ജീവനക്കാർ. പത്തുവർഷം യുവതിയെ പൂട്ടിയിട്ട വാർത്ത ചർച്ചയായ സാഹചര്യത്തിലായിരുന്നു മാറാട് സ്റ്റേഷൻ പരിധിയിൽ നാലു വർഷം മുൻപ് നടന്ന ഈ കേസിനെക്കുറിച്ച് പൊലീസുകാർപോലും ഓർത്തത്.